**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, September 13, 2012

കൂടംകുളത്തിന്‍റെ കണ്ണുനീര്‍

           
 സത്യംപറഞ്ഞില്ലേല്‍ കാര്‍ന്നോരുപട്ടിയിറച്ചി തിന്നും,പറഞ്ഞാല്‍ പെണ്ണുങ്ങള് തല്ലുകൊള്ളും; എന്ന അവസ്ഥയിലാണിപ്പോള്‍; കൂടംകുളത്ത് കുറച്ചു സാധാരണമനുഷ്യര്‍ സമരം ചെയ്യാന്‍ തുടങ്ങിയിട്ട് ഇന്നേക്കു മുന്നൂറ്റിതൊണ്ണൂറ്റിയഞ്ചു ദിവസമായി. സമരം ഇതുവരെ ഗാന്ധിമാര്‍ഗത്തില്‍ തന്നെ ആയിരുന്നതിനാലായിരിക്കണം; അഭിനവഗാന്ധിമാര്‍ ആരും ഇതുവരെ ആ വഴി തിരിഞ്ഞു നോക്കിയിട്ടില്ല. താഴെക്കിടയിലുള്ളവരുടെ സമരമായതിനാലും, സമരരീതി അറുപഴഞ്ചനായതുകൊണ്ടുമായിരിക്കണം മാധ്യമശിങ്കങ്ങള്‍, വേറെ ഒരുപണിയും കിട്ടാത്തപ്പോള്‍ മാത്രമേ ആ വഴി പോയിരുന്നൂള്ളൂ. പ്രത്യേകിച്ച് ആസ്വാദ്യകരമായി ഒന്നുമില്ലാത്തത് കൊണ്ടായിരിക്കും പുത്തന്‍ എഴുത്തുകാരും ഈ വിഷയത്തില്‍ വലിയ താല്പര്യം കാണിച്ചുകണ്ടില്ല. പരിസ്ഥിതി പ്രവര്‍ത്തകരും, കസബിന്‍റെമനുഷ്യാവകാശത്തിനുവരെ വാദിക്കുന്നവരുമൊക്കെ ഇവിടെ വിരുന്നുകാര്‍മാത്രമായിരുന്നു. സത്യം തുറന്നുപറഞ്ഞാല്‍ വികസനവിരോധിയാവും അല്ലെങ്കില്‍ മന:സാക്ഷിക്കുത്തും. പക്ഷെ കേരളിയന് ഇത് രണ്ടും പേടിക്കേണ്ട. തുറന്നു പറച്ചിലും മനസ്സാക്ഷിക്കുത്തുമൊന്നും നമ്മളെ ബാധിക്കുന്ന കാര്യമേയല്ല; പിന്നെയെന്തു പേടിക്കാന്‍. കൊലപാതകുറ്റത്തിന് അറസ്റ്റ്‌ നടന്നാല്‍പ്പോലും, ബന്ദ്‌ പ്രഖ്യാപിക്കുന്ന നമ്മള്‍ക്ക് കൂടംകുളത്തുകാരെ വിമര്‍ശിക്കാന്‍ യാതൊരു അര്‍ഹതയുമില്ല. അത് കൊണ്ട്തന്നെ ആ വഴി പോയപ്പോ ഒന്ന് കേറി നോക്കാമെന്നു വച്ചു. പത്രഭാഷയില്‍ പറഞ്ഞാല്‍; ഓ.. വലിയ സ്കോപ്പൊ  ന്നുമില്ലന്നെ. കുറെ പാവങ്ങള്‍ അങ്ങനെ ദൈവ നാമം ജപിച്ചുകൊണ്ട് തറയില്‍ കിടക്കുന്നു; അത്രതന്നെ. നമ്മുടെ ജനസേവകരെപ്പോലെ ക്യാമറയും, പത്രക്കാരെയും കാണുമ്പോള്‍അഴിഞ്ഞാടനും,വികാര പരവശരാകാനും കഴിയാത്ത കുറെ പാവംമനുഷ്യര്‍. അവര്‍ക്കു പറയാനുള്ളത് അവരുടെ നൊമ്പരങ്ങള്‍ മാത്രം.ഞങ്ങളെയും കൂടിയൊന്ന് പരിഗണിക്കണേ എന്ന യാചന മാത്രം. ഒരു സ്വര്‍ഗം പണിയാന്‍ ഇത്രമാത്രം കണ്ണീരുവേണോയെന്ന ഒറ്റ ചോദ്യം മാത്രമേ തുളസിക്ക് ചോദിക്കാനുള്ളു. അതിന് ആര്‍ക്കും ഉത്തരം പറയാം, മനുഷ്യനായാല്‍ മതി.

 കൂടംകുളത്ത് നടക്കുന്നസമരത്തെ നമുക്ക് പല രീതിയില്‍ വിമര്‍ശിക്കാം.വികസന വിരോധമെന്നോ,ദേശവിരുദ്ധ ശക്തികളുടെ സമരമെന്നോ, പാരിസ്ഥിതിസമരമെന്നോ, എന്ത് വേണമെങ്കിലും വിളിക്കാം.,അഭിപ്രായസ്വാതിന്ത്ര്യം എന്ന അക്ഷയപാത്രം കയ്യിലുളെടത്തോളം കാലം പേടിക്കേണ്ട. രാഷ്ട്രിയക്കാരുടെ അഭിപ്രായങ്ങളോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ല. രാഷ്ട്രിയപാര്‍ട്ടികളുടെ യഥാര്‍ത്ഥസ്വഭാവമറിയാന്‍ കൂടംകുളം സമരംമാത്രം നോക്കിയാല്‍ മതി.ഈ വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായം എന്താണെന്ന് ചോദിച്ചാല്‍; ഴ ഴ ഞ ഞ ച ച ഞാ പ.. ഇത് തന്നെ അഭിപ്രായം. അവിടെ സമരക്കാരുടെകൂടെ, അവിടുന്ന് മാറിയാല് തെറിവിളി. തമിഴ്‌നാട്ടില്‍ ഊരുവിലക്ക്ഭയന്നിട്ടാകണം മറ്റാരും വായതുറന്നു ഒന്നും പറയുന്നുമില്ല. ഇതില്‍ വനമോ,വന്യജീവികളോ ഇല്ലാത്തതിനാലായിരിക്കണം. ആനയ്ക്കും, കുരങ്ങനും, മുള്ളന്‍പന്നിയ്ക്കും വേണ്ടിപ്പോലും വാദിക്കുകയും കവിത എഴുതുന്നവരെയൊന്നും ആ പരിസരത്ത്പോലും കാണാഞ്ഞത്.

ഭരണകൂടം പറയുന്നു; ആണവനിലയം വേണമെന്ന്. ജനങ്ങള്‍ പറയുന്നു വേണ്ടയെന്നു; ആരുടെകൂടെ നില്‍ക്കണം.ഏതാണ് ശരി ????.വികസന പദ്ധതികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ് വൈദ്യുതി.വൈദ്യുതിയില്ലേല്‍ സ്വപ്നപദ്ധതികള്‍ വെറും സ്വപ്നം മാത്രമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. അത്കൊണ്ട് തന്നെ പുതിയ ഊര്‍ജ്ജസ്രോതസ്സുകള്‍ കണ്ടുപിടിക്കേണ്ടതും, ഉണ്ടാക്കേണ്ടാതുമാണ്. അതിനുവേണ്ടി ഭരണകൂടങ്ങള്‍ ശ്രമിച്ചാല്‍ അതിനെ കുറ്റംപറയാനാവില്ല. അതുപോലെ തന്നെ, ജനിച്ചുവളര്‍ന്ന വീടും, മണ്ണുമെല്ലാം ഇട്ടെറിഞ്ഞ് പോകേണ്ടിവരുന്ന മനുഷ്യന്‍റെ അവസ്ഥയും ദയനീയമാണ്. കൃത്യമായ പുനരധിവാസപദ്ധതികളുടെ അഭാവം, ആണവനിലയത്തിന്‍റെ സുരക്ഷയെക്കുറിച്ചുള്ള സംശയങ്ങള്‍, മനുഷ്യനും മൃഗങ്ങള്‍ക്കും പാരിസ്ഥിതിയ്ക്കും ആണവനിലയം വരത്തിയെക്കാവുന്ന ദോഷങ്ങള്‍ ഇങ്ങനെയുള്ള കാര്യത്തില്‍ വ്യക്തമായ പഠനങ്ങളോ,കണക്കുകളെ,ജനങ്ങളുടെ ഭയത്തെ ദൂരികരിക്കാനുള്ള  ശ്രമങ്ങളോവോന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് പദ്ധതിയുടെ സ്വികാര്യതയേതന്നെ ചോദ്യം ചെയ്യുന്ന കാര്യങ്ങളാണ്. ജനങ്ങളുടെ സംശയങ്ങളും,ഭയവും ദൂരികാരിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.നമ്മളൊക്കെ പദ്ധതിയുടെ ഗുണഭോക്താക്കള്‍ മാത്രമായതിനാല്‍ നമുക്ക് വികസനം പ്രസംഗിക്കാം,സമരക്കാരെ വികസന വിരോധികളെന്ന് മുദ്രകുത്താം; എന്തും ചെയ്യാം.ഉണ്ണാത്തവന്റെ വിശപ്പ് ഉണ്ട് കഴിഞ്ഞവന് അറിയേണ്ട കാര്യമില്ലല്ലോ. എന്നാല്‍ വീടുംകൂടും മണ്ണുമെല്ലാം നഷ്ടപ്പെട്ട് സ്വന്തം നിലനില്‍പ്പ്‌തന്നെ അപകടത്തിലായവര്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ ആവില്ല.

  കൂടംകുളത്ത് വരുന്നത് ആയിരം മെഗാവാട്ടിന്റെ പദ്ധതിയാണ്. റഷ്യന്‍സഹായത്തോടെയാണ് ഇത് ചെയ്യുന്നത്. ആണവ പദ്ധതികള്‍ ഇന്ന് മിക്ക രാജ്യങ്ങളും ഒഴിവാക്കിവരികയാണ്.സുരക്ഷ തന്നെയാണ് പ്രധാന കാരണം.ജപ്പാനില്‍ നടന്ന ദുരന്തം നമ്മുടെ കണ്‍മുന്നില്‍ തന്നെയുണ്ട്. നിലയത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് തന്നെ അതിന്റെ ദുരന്തത്തെ പിടിച്ചു നിറുത്താന്‍ കഴിയുന്നില്ല.അപ്പോള്‍ കേവലം ഉടമസ്ഥന്‍ റോള്‍ മാത്രം വഹിക്കുന്ന നമ്മള്‍ക്ക് എങ്ങനെ ഇതിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയും.റഷ്യയില്‍ തന്നെ ചെര്‍ണ്ണോബില്‍ 1986ഏപ്രില്‍ 26 നടന്ന ആണവ ദുരന്തത്തിന്റെ ഫലങ്ങള്‍ ഇന്നും അവിടെ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കയാണ്.കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ സര്‍വസാധാരണമായി.

  റഷ്യയില്‍ നിലയം തകര്‍ന്നതിന്റെ രൂക്ഷത അവിടെ തീര്‍ന്നില്ല; അടുത്തുള്ള യുറോപ്യന്‍ രാജ്യങ്ങളെയും അതിന്‍റെ നാശം ബാധിച്ചു. ചുരുക്കത്തില്‍ കേരളവും സുരക്ഷിതമല്ലെന്ന് അര്‍ത്ഥം. ഇങ്ങനെയൊക്കെയുള്ള അനുഭവസാക്ഷ്യങ്ങള്‍ മുന്നിലുള്ളപ്പോള്‍ എന്തുകൊണ്ട് മറ്റു ഊര്‍ജ്ജസ്രോതസ്സുകള്‍ പരിഗണിച്ചുകൂട. കൂടംകുളം പ്രദേശം അത്ര സുരക്ഷിത മേഖലയാണെന്ന് തീര്‍ത്തുപറയാന്‍ കഴിയുമോ. സുനാമി സാധ്യതകളും,ഭൂമി താഴുന്ന പ്രതിഭാസങ്ങളും,അഗ്നിപര്‍വ്വതസാന്നിധ്യവുമെല്ലാം തെളിഞ്ഞുകാണാം. അങ്ങനെ ഒരു അപകടം നടന്നാല്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിനു കഴിയുമോ?? ആണവനിലയം കൊണ്ടുള്ള പാരിസ്ഥിതികാഘാതങ്ങളും തള്ളിക്കളയാന്‍ പറ്റുമോ.വര്ഷംത്തോറും മുപ്പതു ടണ്ണ്‍ ആണവമാലിന്യങ്ങളാണ്  നിലയം പുറംതള്ളുന്നത്‌. ഇത് എവിടെ കൊണ്ടുപോയി സംസ്കരിക്കും. നിലയത്തിന്റെ പ്രവര്‍ത്തനത്തിനു ഒരു ദിവസം അന്‍പത്തിയൊന്നു ലക്ഷംലിറ്റര്‍ ജലം ആവശ്യമാണ്.ഇത് പ്രദേശത്തെ ജല ലഭ്യതയെ ബാധിക്കുമോ, നിലയം പുറംതള്ളുന്ന 140 ഡിഗ്രീ ചൂടുള്ള തിളച്ച ജലം ഒഴുകുന്നത് കടലിലേക്കാണ്. കടല്‍ വെള്ളത്തിന്റെ ചൂട് നിലവില്‍ ഉള്ളതിനേക്കാള്‍ 13 ഡിഗ്രി വരെ കൂടുമെന്നാണ്കണക്കുകള്‍ പറയുന്നത്,ഇത് മൂലം കടലിലെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടുമോ? അങ്ങനെവന്നാല്‍ കടലിനെമാത്രം ആശ്രയിച്ചു ജിവിക്കുന്ന തദ്ദേശവാസികളുടെ നിലനില്‍പ്പിന് സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വികരിച്ചിട്ടുള്ളത്.സര്‍വോപരി ഒരു ദുരന്തം വന്നാല്‍ സര്‍ക്കാര്‍ എന്ത്, കരുതല്‍ നടപടികളാണ്‌ സ്വീകരിച്ചിട്ടുള്ളത്. തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ പതിവ് ശൈലിയില്‍ സൈറനും മുഴക്കി; ഓടിക്കോ.. ഓടിക്കോ.. എന്ന് പറഞ്ഞാല്‍ ഇവിടെ കാര്യം നടക്കില്ല.എല്ലാം കൂടി ഒന്നിച്ചുതീരും.

       സ്വിസ്സ്ബാങ്കുകളിലും,മറ്റു വിദേശരാജ്യങ്ങളിലും സമ്പത്തും സ്ഥലവുമൊക്കെ വാരിക്കൂട്ടിയിരിക്കുന്ന നമ്മുടെ നേതാക്കളും കുടുംബങ്ങളും, പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പറന്നുപോകും. അനുഭവിക്കുന്നത് ഇവിടുത്തെ സാധാരണ ജനങ്ങളാണ്. അതുകൊണ്ട് ജനങ്ങളുടെ സംശയങ്ങള്‍ ദൂരികരീക്കാനാണ് സര്‍ക്കാര്‍ ആദ്യം ശ്രമിക്കേണ്ടത്‌.ഇത്തരം പദ്ധതികള്‍ പിന്നിടു ഭാസ്മാസൂരന്മ്മാരാകുന്നത് നമ്മള്‍ കണ്ടതാണ്.ഇന്ത്യയില്‍ ഇങ്ങനെ ഒരു ദുരന്തം നടന്നാല്‍ സര്‍ക്കാര്‍ തിരിഞ്ഞു നോക്കില്ലായെന്നതും നമ്മള്‍ കണ്ടുകഴിഞ്ഞു.

എന്‍ഡോസള്‍ഫാനും, ഭോപ്പാല്‍ ദുരന്തവുമൊക്കെ മുന്നില്‍ വന്നു പല്ലിളിക്കുന്നു.ഈ സംഭവങ്ങളിലൊക്കെ കുറ്റക്കാരെ ശിക്ഷിക്കുന്നതിനു പകരം രക്ഷിക്കുന്ന നിലപാടെടുത്ത സര്‍ക്കാരിനെ; എങ്ങനെ കണ്ണുംപൂട്ടി വിശ്വാസിക്കാന്‍ കഴിയും.ജനങ്ങളുടെ സമാധാനസമരത്തിന്‌ ഭരണകൂടം പുല്ലുവില കല്പ്പിക്കുമ്പോള്‍ സ്വാഭാവികമായും സമര രീതികളിലും മാറ്റം വന്നേക്കാം. സമരക്കാരുടെ നേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇത് ആശാസ്യകരമായ പ്രവണതയല്ല.അടിച്ചമര്‍ത്തലിനു ഒരു പരിധിയുണ്ട്,പോലീസും ജനം തന്നെയാണ് സ്വന്തംഅപ്പന്റെയും, അമ്മയുടെയും, മക്കളുടെയും നേരെയാണ് താന്‍ ശക്തി പ്രയോഗിക്കുന്നത് എന്ന തിരിച്ചറിവ് ഒരു വേള; സര്‍ക്കാരിനു തന്നെ തിരിച്ചടിയാകും. ഒരു മാറ്റം ഉണ്ടാക്കാന്‍ തോക്കും, ലാത്തിയുമൊന്നും ആവശ്യമില്ലയെന്നു നമ്മള്‍ കണ്ടതാണ്.ഇപ്പോഴും കാണുന്നതുമാണ്. മുല്ലപ്പൂവിനും ഒരു കഥ പറയാന്‍ സാധിക്കും.അതുകൊണ്ട് ജനകീയസര്‍ക്കാരുകള്‍ ജനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കാതെ ആദ്യം അവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച്,അവരോടു സംസാരിച്ച് അവരുടെ; ഭയവും ആശങ്കകളും മറ്റാട്ടെ. എന്നിട്ടാകട്ടെ വികസനങ്ങള്‍. വികസനം ഉണ്ടാകാന്‍; ആദ്യം അതിനുവേണ്ട ചുറ്റുപാടുകളാണ് സൃഷ്ട്ടിക്കേണ്ടതെന്ന സാമാന്യബോധംപ്പോലും നമ്മുടെ സര്‍ക്കാരുകള്‍ക്ക് ഇല്ലന്നാണോ..?? ആണവനിലയങ്ങള്‍ അണുവായുധങ്ങളായി മാറുന്ന ഇക്കാലത്ത്; കണ്ണുനീര് കുറുക്കി ഉപ്പുണ്ടാക്കുന്ന സാങ്കേതികവിദ്യ നമുക്ക് വേണോ...........?????????????

2 comments:

  1. ഹൃദയത്തില്‍ തട്ടുന്ന വിധം ഈ ലേഖനം എഴുതിയതിനും
    ഒരു സാമ്ഹൂഹ്യ ആവശ്യത്തെ ഉയര്‍ത്തി പിടിച്ചതിനും നന്ദി തുളസി.

    സ്വന്തം നില നില്പ്പിനെ തുരംഗം വെക്കുന്ന വികസനം ആര്‍ക്കു വേണ്ടി ?

    ReplyDelete
  2. താങ്കളുടെ വിലയേറിയ പിന്തുണയ്ക്ക് നന്ദി പറയുന്നു.

    ReplyDelete