**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, September 18, 2012

ആത്മഹത്യ ഇനി നിയമപരം?

           
   ഛീ... അമ്മാവന്‍റെ നെഞ്ചത്താണോട..ഏഭ്യാ... മൂത്രമൊഴിക്കുന്നത്.നിന്‍റെ സുനാപ്പി ഞാനിന്നു ചെത്തും. ഉറക്കത്തില്‍ മുഖത്ത് ചൂട് ഉപ്പുവെള്ളം വീണു ഞെട്ടിയുണര്‍ന്ന അമ്മാവന്‍റെ അലര്‍ച്ചയും; കയ്യില്‍ പൈപ്പുമായി ഇളിഭ്യതയോടെ നില്‍ക്കുന്ന മരുമകനും. .തറവാട്ടിലെ ലൈറ്റുകളെല്ലാം ഒന്നിച്ചു തെളിഞ്ഞു. എന്താ....എന്താ അച്ഛാ.... ഒച്ച കേട്ടത്. മക്കള്‍ ഓടിവന്നു. ഓ,.. ഒന്നുമില്ല. മുഖത്തൊരു പല്ലി മുള്ളിയതാ..... നിങ്ങള് പോയി കിടന്നോ. ...ഇതാണ് സീന്‍. ഇതിലേക്കുള്ള വഴി ഇങ്ങനെ; ഏറെ നാളുകള്‍ക്ക് ശേഷം വിരുന്നുവരുന്ന മരുമകന്‍ സ്വപ്നാടനത്തിന്‍റെ അസുഖമുണ്ടെന്നും; മുറ്റത്തെ കിണറിനു ആള്‍മറയില്ലാത്തതിനാല്‍  ഒന്ന് സൂക്ഷിച്ചേക്കണമെന്നും, പെങ്ങള്‍; ആങ്ങളയെ വിളിച്ചു പറഞ്ഞിരുന്നു. അതിന്‍പ്രകാരം കാര്‍ന്നൊരു മരുമകന്‍ കിടന്നിരുന്ന മുറിയുടെ വാതുക്കല്‍തന്നെ പായ്‌വിരിച്ചു കിടന്നു. ഇതൊന്നുമറിയാതെ മരുമകന്‍, പതിവ്‌പോലെ സ്വപ്നാടനത്തില്‍; എന്നും മൂത്രമൊഴിക്കാറുള്ള വരിക്കപ്ലാവിന്‍റെ ചുവട്ടില്‍ മൂത്രമൊഴിച്ചു .ഇത്തവണ അത് അമ്മാവന്‍റെ മുഖത്തായെന്നു മാത്രം. മരുമകനാണെങ്കില്‍ സ്വപ്നാടനത്തിന്‍റെ അസുഖം ,കിണറ്റില്‍ വീണു ചാകണ്ടല്ലോയെന്നുകരുതി കാവലുകിടക്കുന്ന അമ്മാവന്‍. ആരെയും കുറ്റംപറയാന്‍ പറ്റില്ല. എന്നാല്‍ മൂത്രത്തെ കുറ്റം പറഞ്ഞാലോ??? ശരി. അങ്ങനെയാകട്ടെ. ഇനിമുതല്‍ മരുമകന് കാവലുകിടക്കുന്ന പരിപാടി അമ്മാവന്‍ നിറുത്തലാക്കാന്‍ പോകുന്നു. കിണറ്റില്‍ വീണു ചത്തെങ്കില്‍, അങ്ങ് ചാകട്ടെ.. അല്ല പിന്നെ...ഇതിനൊരു അവസാനംവേണ്ടേ ...

 ആത്മഹത്യാശ്രമം കുറ്റകരമാണെന്ന നിയമം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പാര്‍ലമെന്‍റ്ന്‍റെ അടുത്ത ശീതകാല സമ്മേളനത്തില്‍ ഇതിന്‍റെ കരടുരേഖ അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ശിക്ഷാനിയമം, 309വകുപ്പ്‌ പ്രകാരം ആത്മഹത്യശ്രമം ഒരു വര്‍ഷം തടവും, പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഈ നിയമം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ നിയമം മാറ്റാനുള്ള സമയം കഴിഞ്ഞിരിക്കുന്നുവെന്ന് കഴിഞ്ഞ വര്‍ഷം തന്നെ സുപ്രിംകോടതി പറഞ്ഞിരുന്നു. അതിന്‍പ്രകാരം നിയമത്തിലെ 309 വകുപ്പ് ഒഴിവാക്കണമെന്ന് പറഞ്ഞുകൊണ്ട് ആരോഗ്യമന്ത്രി ഗുലാംനബിആസാദ് ആഭ്യന്തരമന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. ഇപ്പോഴാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനം വരുന്നതെന്ന്മാത്രം. ഇനിയിത് വൈകിച്ചു കൂടാ, സമയം അതിക്രമിച്ചുകഴിഞ്ഞു. കയറുപൊട്ടി ശ്രമം പാഴായവര്‍ക്കും, ഫ്യുറടാന്‍കമ്പനിക്കാരെ വിശ്വസിച്ച് വഞ്ചിതരായവര്‍ക്കും,ആസിഡ്‌ കഴിച്ചു കൊടല്പോയവര്‍ക്കുമൊതിരെ നിലവിലുള്ളകേസുകളെക്കുറിച്ച് സര്‍ക്കാര്‍ ഒന്നും പറയുന്നില്ല. അവര്‍ക്ക് വേണമെങ്കില്‍ ഒരവസരത്തിന് കൂടി കോടതിയെ സമീപിക്കാം; സര്‍ക്കാര്‍വക്കീല്‍ എതിര്‍ക്കാനിടയില്ല.

           മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌വേണ്ടി കൈക്കൊള്ളാന്‍ പോകുന്ന ഏറ്റവുംനല്ല ഒരു ഭരണപരിഷ്ക്കരമായി ഇതിനെ വിലയിരുത്താവുന്നതാണ്. ഇതിലൂടെയായിരിക്കാം; ഒരുപക്ഷേ, നാളെ നമ്മള്‍ അദേഹത്തെ ഓര്‍ക്കുക. ചാകാന്‍കിടക്കുന്നവന്‍ പറയും; എങ്ങനെയെങ്കിലും എന്നെയൊന്നു രക്ഷിക്കണേന്ന്,പരമാവധി നമ്മളതിനു ശ്രമിക്കുകയും ചെയ്യും.അതിനു വിരുദ്ധമായി ചാകണമെന്ന് ഒരു കൂട്ടര്‍ ആഗ്രഹിച്ചാല്‍ അവരെ തടയുന്നത് ശരിയാണോ??,അത് അവര്‍ക്ക് കൂടുതല്‍ മാനസികസങ്കര്‍ഷം ഉണ്ടാക്കില്ലെ?? ചത്താല്‍ കുഴപ്പമില്ല ചാകാതിരുന്നാല്‍ തടവും പിഴയും, ഇത് അന്യായമല്ലേ?? തുടങ്ങിയ അടിസ്ഥാനപ്രമാണങ്ങളുടെ ലഘനമാണ് ഇങ്ങനെയൊരു നടപടിക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നു പറയുന്നു. ഒരുമാതിരിപ്പെട്ടവനൊക്കെ ചാകാന്‍ തോന്നുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.അപ്പൊ അത് തടയാന്‍ പറ്റുമോ. ഈ ആഗോളവത്കരണവും, ഉദാരവല്‍ക്കരണവുമൊക്കെ ശരിയായ രീതിയില്‍ നടക്കണമെങ്കില്‍ ആത്മഹത്യ ചെയ്യാനുള്ള അവകാശവും ജനങ്ങള്‍ക്ക്‌ കൊടുക്കണം. ഇവയിലൂടെയൊക്കെ ജനങ്ങള്‍ക്ക്‌ കിട്ടുന്ന ഏറ്റവും വലിയ ആശ്വാസമാണല്ലോ ആത്മഹത്യ. നമ്മള്‍ക്കിത് നേരത്തെ തോന്നിയതാണ്. നമ്മുടെ കര്‍ഷകരൊക്കെ ഈ വിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നുമുണ്ട്. സര്‍ക്കാരിനിത് തോന്നിയത് ഇപ്പോഴാണെന്നു മാത്രം .ഇനിയിപ്പോള്‍ സബ്സിഡിനിരക്കില്‍ കയറും ഫ്യൂരടാനുമൊക്കെ മാവേലിസ്റ്റോറുകളില്‍ക്കൂടിവിതരണം ചെയ്യുകയാണെങ്കില്‍; അരിയില്ല, പയറില്ല.. എന്നൊന്നും ആരും പറയില്ല.സുഖകരമായ ആത്മഹത്യാരീതികളെക്കുറിച്ച് പഠിപ്പിക്കാന്‍ കുടുംബശ്രീക്കാരെ നിയമിക്കാം അങ്ങനെ കുറച്ചുപേര്‍ക്ക് പണിയും കിട്ടും.ഇതും ആലുവാലിയയുടെ ബുദ്ധിയാണെന്നാ പറയുന്നേ...എന്തൊരു നല്ല ആസൂത്രണം....

  ഇന്ത്യയില്‍ പതിമൂന്നുകോടി മനോരോഗികളെയൊള്ളുവെന്നാണ്,കേന്ദ്രആരോഗ്യവകുപ്പ്‌ മന്ത്രി പറയുന്നത്. ഇതുകുറഞ്ഞു പോയോ എന്നൊരു സംശയം.മന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ ഇതില്‍ക്കൂടുതല്‍ രോഗികള്‍ ഉള്ളതുകൊണ്ടല്ലേ അദേഹം അവിടെ ജയിച്ചത്‌. അപ്പോള്‍പിന്നെ കണക്ക് മാറിയതാകാനേ..... തരമുള്ളൂ. ആകെയുള്ള നൂറ്റിയിരുപത്തഞ്ചുകോടിയില്‍ പതിമൂന്നുകോടിക്കെ മാനസികരോഗമില്ലാതിരിക്കാന്‍ വഴിയൊള്ളു. കാരണം ഇവിടെ അറുപതു ശതമാനത്തില്‍ മുകളില്‍ പോളിംഗ് നടക്കാറുണ്ട്. പോളിങ്ങില്‍ പങ്കെടുക്കാത്ത നാല്പതു ശതമാനത്തില്‍ അധികവും വിദേശത്തുള്ളവരോ,മരിച്ചവരോ, ,രോഗികളോ ആയിരിക്കും.ബാക്കിയുള്ള കുറച്ചുപേരാണ് ഈ പണിക്ക് പോകുന്നില്ലായെന്നുപറഞ്ഞ് വീട്ടില്‍ കുത്തിയിരിക്കുന്നത്.ഇവര്‍ക്കാണ് ശരിക്കും മാനസികാരോഗ്യമുള്ളത്. (ഇത് ഇന്‍ഡ്യയില്‍ മാത്രം ഉപയോഗിക്കാവുന്ന കണക്കുകള്‍ ആണ്.)

   ഇതിലും രസകരമായ ഒരു കണക്കുള്ളത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്ന സംസ്ഥാനങ്ങള്‍ക്കുള്ള ബഹുമതി കരസ്ഥമാക്കിയിരിക്കുന്നത് ബംഗാളും, തമിഴ്നാടുമാണ്. യഥാക്രമം 16492,  15963  ആത്മഹത്യകളാണ് ഇവിടെ നടന്നിരിക്കുന്നത്. രണ്ടുസ്ഥലത്തും ഭരിക്കുന്നത് തലയെടുപ്പുള്ള പെണ്‍സിംഹങ്ങള്‍; വനിതാസംവരണബില്‍ പാസാക്കാന്‍; ഈ ആണുങ്ങള്‍ക്ക് യാതൊരു താല്പര്യവുമില്ലായെന്നു പറഞ്ഞു പെണ്ണുങ്ങളിവിടെക്കിടന്നു ചീറുകയാണ്. വേണ്ടേ... വെണ്ട; നമ്മളെ, കിളവന്മാര്‍ തന്നെ ഭരിച്ചോട്ടെ. കുറച്ചുകാലംകൂടി കയറെടുക്കാതെ കഴിയാമല്ലോ. സംസ്ഥാനസര്‍ക്കാര് ഈ വിഷയത്തില്‍ കുറച്ച് ശ്രദ്ധകാണിച്ചാല്; ചില്ലറ കുടുംബങ്ങള്‍ രക്ഷപ്പെടാനുള്ള സാധ്യതകാണുന്നുണ്ട്. ഒരു വീട്ടില്‍ ഒരു കയറുല്പ്പന്നം എന്നാണല്ലോ ഇപ്പോള്‍ നമ്മുടെ കയര്‍ഫെഡ്ന്‍റെ പരസ്യം. അതൊന്നു മാറ്റി പിടിക്കാം. ദേ ഇങ്ങനെ’  കയറിലൂടെ പരലോകത്തേക്ക് ഒരു യാത്ര,പൊട്ടാത്ത, കൃത്യമായി കുരുക്ക് വീഴുന്നനല്ലയിനം കയറുകള്‍.നിങ്ങളുടെ ആത്മഹത്യ കയര്‍ഫെഡ് കയറിലൂടെ മാത്രം ഉറപ്പാക്കു. നാടിന്‍റെ വികസനത്തില്‍ പങ്കാളിയാകൂ..എന്നാക്കി മാറ്റണം.അമ്മായിക്ക് പ്രാണവേദന; മരുമോന് വീണവായന..തിത്തി...താന.... തിത്തെയ്..... തക... തെയ്.. തോം.................

2 comments:

  1. ലേഖനം നന്നായിരിക്കുന്നു. അതിനൊത്ത ചിത്രങ്ങളും.

    ReplyDelete