**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, September 4, 2012

കസബിനും,മായയ്ക്കും മനുഷ്യാവകാശമൊ...??????  നമ്മുടെ നീതിന്യായ കോടതികളുടെ രണ്ടു സുപ്രധാന വിധികളിലൂടെയാണ് ആഗസ്റ്റ്‌ മാസം കടന്നുപോയിത്.2008-ലെ ബോംബെയില്‍ നടന്ന തീവ്രവാദിആക്രമണകേസിലെ പ്രതി അജ്മല്‍ കസബിന്‍റെ വധശിക്ഷ സുപ്രിംകോടതിയും ശരിവച്ചു. അതുപോലെ 2002-ല്‍ നടന്ന ഗോദ്ര കൂട്ടക്കൊലയെ തുടര്‍ന്ന് അഹമ്മദാബാദ്നടുത്തുള്ള നരോദപാട്യയില്‍ 97 മനുഷ്യരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി മായകൊട്നാനിയ്ക്ക് പ്രത്യേകകോടതി 28വര്‍ഷം തടവുശിക്ഷയും വിധിച്ചു.അജ്മല്‍ കസബിന്‍റെ കേസില്‍ 164 നിരപരാധികളാണ് കൊല്ലപ്പെട്ടത്, 362 ആളുകള്‍ക്ക് ഗുരുതരമായി പരിക്കുപറ്റി. കൃത്യം നടന്ന് നാല് വര്‍ഷങ്ങള്‍ക്കുശേഷമാണി വിധിവന്നിരിക്കുന്നത്. മായകൊട്നാനിയാകട്ടെ  97 മനുഷ്യരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും. അതില്‍ പകുതിയും സ്ത്രീകളും കുട്ടികളുമായിരുന്നു. ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞും കൊല്ലപ്പെട്ടവരില്‍ പെടുന്നു. ഗര്‍ഭിണിയായ സ്ത്രീയെ കൊലപ്പെടുത്തി കുന്തംകൊണ്ടു കുത്തി വയറുപിളര്‍ന്ന് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്ത് തീയില്‍ എറിഞ്ഞതും ഇതില്‍പ്പെടുന്നു. കൃത്യം നടന്ന് പത്തുവര്‍ഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത്.

 അജ്മല്‍കസബ്‌ പാക്കിസ്ഥാന്‍കാരനായ തീവ്രവാദിയാണ്; മനപൂര്‍വംതന്നെ കൊലനടത്തിയ കൊലയാളി.മനുഷ്യരെ വെടിവച്ചു വീഴ്ത്തുമ്പോള്‍ ചിരിക്കുന്ന കസബിന്‍റെ മുഖം നമ്മള്‍ സിസി ക്യാമറ ദ്രശ്യങ്ങളിലൂടെ കണ്ടതാണ്.ഇത്രയും നിരപരാധികളെ കൊന്നതില്‍ അയാള്‍ യാതൊരു മനസ്താപവും ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല.ഒരു സ്വതന്ത്ര ഭരണാധികാര രാജ്യമായ ഇന്ത്യയില്‍ നിയമവിരുദ്ധമായി പ്രവേശിച്ച്‌ ആ രാജ്യത്ത് ആക്രമണംനടത്തി 164-നിരപരാധികളെ വധിച്ച, കൃത്യത്തിലെ പ്രതിയായ കസബിന്‍റെ വധശിക്ഷയാണ് സുപ്രിംകോടതി ശരിവച്ചിരിക്കുന്നത്. മായകൊട്നാനി, നരോദപാട്യ കൂട്ടക്കൊലയ്ക്ക് നേത്രത്വം കൊടുക്കുമ്പോള്‍ നരേദ്രമോഡി സര്‍ക്കാരില്‍ എം ല് എ ആയിരുന്നു.ഇതിന്‍റെ പ്രെത്യോപകാരം എന്ന നിലയില്‍ തുടര്‍ന്ന് വന്ന മോഡി മന്ത്രിസഭയില്‍ വനിതാ ശിശുക്ഷേമ മന്ത്രിയുമായി. വെറുമൊരു രാഷ്ട്രീയക്കാരി മാത്രമായിരുന്നില്ല അവര്‍ ഡോക്ടറും അതില്‍ തന്നെ ഗൈനക്കൊളജി സ്പെഷ്യലിസ്റ്റും ആയിരുന്നു. 28-വര്‍ഷം തടവാണ് കോടതി ഇവര്‍ക്ക് വിധിച്ചിരിക്കുന്നത്.എട്ടുപേര്‍ കൊല്ലപ്പെട്ട നരോദഗാം കേസിലും ഇവര്‍ അന്വേഷണം നേരിടുകയാണ്.നരോദപാട്യകേസില്‍ മായയുടെ കൂട്ടുപ്രതി ബാബുബജ്‌റംഗ്ക്കിയ്ക്ക് ജീവപര്യന്തം തടവാണ് കോടതി വിധിച്ചിരിക്കുന്നത്.നരോദപാട്യയില്‍ കൂട്ടബലാത്സംഗത്തിനിരയായ സ്ത്രിയ്ക്ക് അഞ്ചു ലക്ഷംരൂപ നഷ്ടം കൊടക്കണമെന്നും കോടതി സര്‍ക്കാരിനോട് പറഞ്ഞിരിക്കുന്നു.സാക്ഷികള്‍ ഇല്ലാത്തതിനാല്‍ ഈ കേസില്‍ ആരെയും ശിക്ഷിച്ചിട്ടില്ല.പ്രതികള്‍ക്ക് വധശിക്ഷകൊടുക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗികരിച്ചില്ല.വധശിക്ഷയ്ക്കെതിരായ ആഗോളവികാരം കണക്കിലെടുത്താണ് കോടതി ഇങ്ങനെ തീരുമാനിച്ചിരിക്കുന്നത്. പോലീസ്അന്വേഷണറിപ്പോര്‍ട്ടുകളും, സാഹചര്യതെളിവുകളുടെയും,സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതികള്‍ നീതി നിശ്ചയിക്കുന്നത്. നമ്മുടെ നീതിന്യായവ്യവസ്ഥ അനുസരിച്ച് കോടതിവിധികളെ കോടതിയില്‍ മാത്രമേ ചോദ്യംചെയ്യാനാകു. മറ്റു അഭിപ്രായപ്രകടനങ്ങള്‍ പോലും കുറ്റകരമാകാം.അതുകൊണ്ട് ഒരു സാധാരണ പൌരന്‍റെ പൌരബോധത്തിനു അവിടെ കൂച്ചുവിലങ്ങ് വീഴുന്നു.നീതികിട്ടാന്‍ പണം ചിലവഴിക്കാന്‍ ഇരകള്‍ക്ക് കഴിയാതെ വരുമ്പോഴും, കേസിന്‍റെ പ്രാധാന്യം കണക്കാക്കിയും സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി കേസ്‌ വാദിക്കുന്നു.എന്നാല്‍ പരമോന്നത നീതിപീഠം കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്ക്, പരമാവധി ശിക്ഷകൊടുക്കുന്നതിനെതിരെ ശബ്ദിക്കുന്നവരെ നമ്മള്‍ എന്ത് ചെയ്യണം.

അജ്മല്‍ കസബിന്‍റെ വധശിക്ഷയ്ക്കെതിരെ മേധാപട്ക്കര്‍ രംഗത്ത് വന്നിരിക്കുന്നു.ഈ വധശിക്ഷ മനുഷ്യാവകാശലംഘനമാണ് പോലും.ഇത്തരം പ്രവണതകള്‍ കോടതിവിധികളെയും ബാധിക്കുന്നു. 97 മനുഷ്യരെ ചുട്ടുകരിച്ചതിനു നേതൃത്വംകൊടുത്ത ബാബുബജ്‌റംഗിയ്ക്ക് വധശിക്ഷകൊടുക്കാത്തതിന് പറഞ്ഞ ന്യായവും ഇത് തന്നെ .വധശിക്ഷയ്ക്ക് എതിരെ ഉയരുന്ന മനുഷ്യാവകാശ പ്രതിഷേധം??.

 ശരിക്കും എന്താണി മനുഷ്യാവകാശം?? ഇത് ആര്‍ക്കാണ് അവകാശപ്പെട്ടത്. മനുഷ്യനായി ജിവിക്കുന്നവന് മാത്രം അവകാശപ്പെട്ടതാണിത്. അന്താരാഷ്ട്രനിയമമനുസരിച്ച്; നിയമങ്ങള്‍ക്ക് വിധേയമായി, തനിക്കും സഹജീവികള്‍ക്കും, സമൂഹത്തിനും ഭീഷണിയാകാതെ ജീവിക്കുന്ന മനുഷ്യനുള്ളതാണ്; മനുഷ്യാവകാശം.മനുഷ്യന്‍റെ ഓരോ കുറവുകളും അവന്‍റെ അവകാശത്തെയും ബാധിക്കുന്നു. ഒരു ഭ്രാന്തനായി അക്രമം കാണിക്കുന്ന രോഗിയെ ബന്ധനസ്ഥനാക്കുന്നത് മനുഷ്യാവകാശലംഘനമായി കാണാന്‍ കഴിയില്ല. പേയ് പിടിച്ച മനുഷ്യനെ മുറിയില്‍ പൂട്ടിയിടുന്നത് മനുഷ്യാവകാശലംഘനമായി കാണാന്‍ കഴിയില്ല.മറ്റു മനുഷ്യരുടെ സ്വതന്ത്രമായ ജിവിതത്തിന് ഭീഷണിയാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ നിയന്ത്രിക്കുന്നത് ഏതു രീതിയിലാണ് മനുഷ്യാവകാശലംഘനമാകുന്നത്.


 തെറ്റ് ചെയ്താല്‍ അതിനു ശിക്ഷ വേണം. തെറ്റ് ചെയ്യാന്‍പാടില്ല എന്ന മാനസികമായ തിരിച്ചറിവും, തെറ്റ് ചെയ്താല്‍ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ചുള്ള ഭയവുമാണ് ഏതൊരു മനുഷ്യനെയും നിയമാനുസൃതമായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. മറ്റു എന്ത് ന്യായ വാദങ്ങള്‍ പറഞ്ഞാലും ശിക്ഷയെക്കുറിച്ചുള്ള ഭയവും, മാനസ്സികപക്വതയുമാണ് തെറ്റില്‍ നിന്നും മനുഷ്യനെ അകറ്റിനിറുത്തുന്ന  അടിസ്ഥാന ഘടകങ്ങള്‍. പക്വത വന്നിട്ടില്ലാത്ത മനുഷ്യരെ; ശിക്ഷയും നിയന്ത്രണങ്ങളുമാണ് കുറ്റം ചെയ്യുന്നതില്‍ നിന്നും മാറ്റി നിറുത്തുന്നത് .ഒരു ചെറിയ ഉദാഹരണംനോക്കാം.എല്ലാ കാര്യത്തിനും കൊടിപിടിക്കുന്ന; സാധാരണ നിയമങ്ങള്‍ പോലും അതായത്‌ ,റോഡ്‌ നിയമങ്ങള്‍, പൊതുസ്ഥലം വൃത്തികേടാക്കരുത്, തുപ്പരുത്, ചവര്‍ ഇടരുത്‌, പുകവലി പാടില്ല. എന്തിന്.... ക്യു പാലിക്കുക തുടങ്ങിയ സാധാരണ നിയമങ്ങള്‍ക്ക്പോലും പുല്ലുവില കല്‍പ്പിക്കുന്ന മലയാളി മറുനാട്ടില്‍ എത്തുമ്പോള്‍ പ്രത്യേകിച്ച് ഗള്‍ഫില്‍ എത്തുമ്പോള്‍ എന്തേ ഏറ്റവും അനുസരണയുള്ളവനായി മാറുന്നത്. നാട്ടിലും ഗള്‍ഫിലുമുള്ള മലയാളികളുടെ മാനസിക പക്വതയിലുള്ള വിത്യാസമൊന്നുമല്ല ഇതിനു കാരണം. ഭയം തന്നെയാണ് അടിസ്ഥാനം. തെറ്റ് ചെയ്തു പിടിക്കപ്പെട്ടാല്‍, ശിക്ഷ ഉറപ്പാണ്‌ .അതിനു കൈക്കൂലിയും ശുപാര്‍ശയുമൊന്നും നടക്കില്ല. മാത്രമല്ല ക്യാമറകണ്ണുകളിലൂടെ താന്‍ എപ്പോഴും നിരീക്ഷിക്കപ്പെടുന്നുണ്ട് എന്നാ ബോധ്യവും അവനിലുണ്ട്. ശിക്ഷ ഉറപ്പാണേല്‍ കുറ്റം ചെയ്യാനുള്ള പ്രവണത അടങ്ങി നില്‍ക്കുന്നു. ഇതേ പ്രവാസി നാട്ടില്‍ തിരിച്ചു വരുമ്പോള്‍ മറുനാട്ടില്‍ കാണിച്ച നീതിബോധാമൊന്നും കാണിക്കാറില്ല.കുറ്റം ചെയ്താലും രക്ഷപെടാം എന്ന ധാരണയാണ് ഇതിനു പിന്നില്‍. പണവും ശുപാര്‍ശയും ഉണ്ടെങ്കില്‍ എന്തും ആവാന്നുള്ള സ്ഥിതി വന്നിരിക്കുന്നു.

 സഹജീവികളുടെ ജീവനും സ്വത്തിനും ഭീഷനണിയാകുന്നവന്‍ അവകാശങ്ങള്‍ക്ക് അര്‍ഹനല്ല. കസബിന്‍റെ` കാര്യം തന്നെ എടുക്കാം. അങ്ങേര്‍ക്ക് ഇതുവരെ താന്‍ ചെയ്തത് ഒരു തെറ്റാണെന്ന് ബോധ്യമായിട്ടില്ല. തുറന്നു വിട്ടാല്‍ ഇതിനെക്കാള്‍ അപ്പുറം ചെയ്യും എന്നാ രീതിയില്‍ ആണ് കിടപ്പ്. അങ്ങനെയുള്ളവനെയാണ് പ്രത്യേക ജയിലും,മുറിയും,കാവലുമൊക്കെ ഏര്‍പ്പെടുത്തി സംരക്ഷിക്കുന്നത്. ഇയാളെ സംരക്ഷിക്കാന്‍ നമ്മള്‍ ചിലവിടുന്ന തുക നോക്കു. ഇതുവരെ നാല്‍പ്പത്തിയഞ്ച് കോടി രൂപയാണ് ചിലവാക്കിയിരിക്കുന്നത്.പ്രത്യേക ജയിലും,ഹോസ്പിറ്റല്‍ മുറിയുമൊക്കെ പണിതിരിക്കുന്നു.ജയില്‍ പണിയാന്‍ തന്നെ അഞ്ചേകാല്‍ കോടി രൂപ ചിലവായിരിക്കുന്നു.സെക്യുരിറ്റിയിനത്തില്‍ ഇന്‍ഡോടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനു കൊടുത്തിരിക്കുന്നത് പത്തൊന്‍പതുകോടി രൂപ, പോലീസുകാര്‍ക്ക്‌ ശമ്പള ഇനത്തില്‍ വര്ഷം തോറും കൊടുക്കുന്നത് ഒന്നരക്കോടിരൂപ. മെഡിക്കല്‍ ചെലവ് ഇരുപത്തിയൊന്നായിരം,ഭക്ഷണ ചെലവ് മുപ്പത്തിയയ്യായിരം ഇങ്ങനെ പോകുന്നുകണക്കുകള്‍. എന്തിനാണിത്??? നമ്മുടെ രാജ്യത്ത്‌ അതിക്രമിച്ചുകയറി നൂറ്റിഅറുപത്തിനാല് നിരപരാധികളെ വെടിവച്ചുകൊന്നതിനോ???.ഇയാള്‍ക്ക് അവിടെയാണ് മനുഷ്യാവകാശത്തിനു അര്‍ഹത. ഇയാള്‍ക്ക് വേണ്ടി വാദിക്കുന്നവരെ ഏതെങ്കിലും ഭ്രാന്താലയത്തില്‍ അടയ്ക്കുകയല്ലേ വേണ്ടത്‌. മനുഷ്യരെ പച്ചയ്ക്ക് വെടിവച്ചു വീഴ്ത്തി അതില്‍ ആനന്ദം കൊള്ളുന്നതിനു; കണ്ണുകള്‍ കൊണ്ട് കാണാവുന്നതെളിവുകള്‍ മുന്നില്‍ ഉള്ളപ്പോഴാണ്, നാം; കോടതിയും വാദവുമായി കോടികള്‍ തുലയ്ക്കുന്നത്.കസബിനു വേണ്ടി വാദിക്കാന്‍ പ്രത്യേക അഭിഭാഷകനെ വയ്ക്കുന്നു,ഈ വക്കീല്‍ എന്താണ് വാദിക്കേണ്ടത്. ഈ കൊലയാളി കുറ്റം ഒന്നും ചെയ്തില്ലന്നോ??.അതോ ചത്തവര്‍ ചത്തില്ലെ, അതുകൊണ്ട് ഇയാളെ വെറുതെ വിടണമെന്നൊ???. ഇതാണോ നീതിന്യായം??? കൊലയാളിക്കുവേണ്ടി വാദിക്കുന്ന നമ്മുടെ നീതിന്യായവ്യവസ്ഥിതി കൊല്ലപ്പെട്ടവരുടെ അവകാശങ്ങളില്‍ എന്ത് തീരുമാനമാണ് എടുത്തത്. പരിക്ക്പറ്റി കിടപ്പിലായവര്‍ക്ക് വേണ്ടി എത്ര ആശുപത്രികള്‍ പണിതു,?? അവരുടെ സംരക്ഷണത്തിനായി എത്ര കോടികള്‍ ചിലവാക്കി??.ഇതൊന്നും മിണ്ടാനോ ചോദിക്കാനോ പാടില്ല. ഇത്തരം ചീഞ്ഞളിഞ്ഞ പ്രവണതകളാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ ശാപം.കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടില്ല എന്ന അവസ്ഥ വന്നാല്‍; നാട്ടില്‍ അരാജകത്വമായിരിക്കും ഫലം.
 
    ഗുജറാത്ത്‌കൂട്ടകൊലയില്‍ 97പേരെ ചുട്ടുകരിച്ച ബാബുബജ്‌റംഗിക്ക്  വധശിക്ഷകൊടുക്കാതിരിക്കാന്‍ പറഞ്ഞന്യായവും; വധ ശിക്ഷയ്ക്കെതിരായ ആഗോള പ്രതിഷേധമാണ് പോലും. അങ്ങനെയെങ്കില്‍ ഈ ചുട്ടുകരിക്കപ്പെട്ട 97ജീവനുകളുടെ അവകാശങ്ങള്‍ എവിടെയാണ്. ഇങ്ങനെയുള്ള കൊടും കുറ്റവാളികളെ ചെല്ലുംചിലവും കൊടുത്ത് പോറ്റുന്നത് എന്തിനാണ്??. ജനപ്രധിനിധികള്‍ തന്നെ കൊലയ്ക്ക് നേതൃത്വം കൊടുക്കുന്നു. കുറ്റം കണ്ടുപിടിച്ച് തെളിയ്ക്കപ്പെട്ടു കഴിഞ്ഞാലും അതു നിഷേധിക്കുന്നു. പേയ്പിടിച്ച പട്ടിയെ വീട്ടുകാവല്‍ ഏല്പ്പിക്കുന്ന ജനങ്ങള്‍. ഒരു കോടതിയില്‍ കുറ്റം തെളിഞ്ഞാലും പേടിക്കണ്ട, അടുത്ത കോടതിയില്‍ പോകാം, തൂക്കുമരം തന്നെ വിധിച്ചാലും പേടിക്കണ്ട മനുഷ്യാവകാശം ഉയര്‍ത്തി രക്ഷപെടാം. വാനപ്രസ്ഥത്തിനു സമയമാകുമ്പോള്‍ വനങ്ങളില്ലാത്ത നാട്ടില്‍ ജയിലില്‍പോയി തപസിരുന്നു ജിവിതം ധന്യമാക്കാം.എന്തൊരു അവസ്ഥയാണിത്. സ്ത്രികളെയും കുട്ടികളെയും ചുട്ടുകൊല്ലാന്‍ നേതൃത്വം കൊടുക്കുന്നത് ഒരു സ്ത്രി തന്നെ. അതും ജിവന്‍ രക്ഷിക്കാന്‍ ബാദ്ധ്യസ്ഥയായ ഒരു ഡോക്ടര്‍. മാത്രമല്ല വനിതാശിശുക്ഷേമ മന്ത്രിയും കൂടിയായിരുന്നു അവര്‍. മായകൊട്നാനിയുടെ പ്രായംകൂടി ഇവടെ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്നവര്‍ക്ക് പ്രായം അന്‍പതിയെട്ടുവയസ്സാണ്.കുറ്റം ചെയ്യുമ്പോള്‍ നാല്പതിയെട്ടുവയസ്സ്. തികഞ്ഞ അറിവും പക്വതയും പ്രകടിപ്പിക്കേണ്ട ഒരു വനിതാജനപ്രതിനിധി, ഭര്‍ത്താവും കുടുംബവും ഉള്ള സ്ത്രി, ഗൈനക്കോളജിസ്റ്റ്‌. ഇങ്ങനെയെല്ലാമുള്ളയാളാണ്; ജനിച്ചു ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കൊല്ലാനും, ഗര്‍ഭിണിയുടെ വയറുകുത്തിക്കിറി ഗര്‍ഭസ്ഥ ശിശുവിനെ ശൂലത്തില്‍ കോര്‍ക്കാനും,ആളുകളെ ചുട്ടുകരിക്കാനും നേതൃത്വം കൊടുക്കുന്നതെന്ന് കണ്ടെത്തുമ്പോള്‍ അവരെ എങ്ങനെയാണ് ശിക്ഷിക്കെണ്ടത്???

   അതുപോലെ പെട്ടന്നുണ്ടായ വികാരക്ഷോഭാത്താല്‍ കുറ്റം ചെയ്യുന്നതും മുന്‍കൂട്ടി ആസൂത്രണം ചെയ്ത്, കൊലപാതകങ്ങള്‍ നടത്തുന്നതും തമ്മില്‍ വിത്യാസമുണ്ട്. ആകസ്മികമായി സംഭവിച്ച കൃത്യങ്ങളിലെ പ്രതികള്‍ പലപ്പോഴും പിന്നിട് മനസ്തപിച്ചു തനിക്ക് തെറ്റിപോയെന്ന് കുറ്റസമ്മതം നടത്താറുണ്ട്. ഇത്തരക്കാരെ ആവശ്യമെങ്കില്‍ നമുക്ക് സഹിക്കാം.ചെയ്തത് തെറ്റായിപ്പോയിയെന്നും മേലില്‍ തെറ്റ് ആവര്‍ത്തിക്കില്ലായെന്നുമുള്ള ഉറപ്പില്‍ ആ വ്യക്തിയുടെ കാര്യത്തില്‍ നിയമത്തിനു ആവശ്യമായ ഇളവുകള്‍ കൊടുക്കാം, അതില്‍ യുക്തിയുണ്ട്. എന്നാല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ഒരു കുറ്റവും ചെയ്യാത്ത നിരപരാധികളായ മനുഷ്യരെ ചുട്ടുകരിക്കുമ്പോള്‍, അവരുടെ നിലവിളികളും പിടച്ചിലും ആസ്വദിക്കുമ്പോള്‍ , സ്ത്രികളെ കൂട്ടബലാല്‍സംഗത്തിനു ഇരയാക്കുമ്പോള്‍, ഗര്‍ഭിണിയുടെ ഉദരം പിളര്‍ന്നു ഗര്‍ഭസ്ഥശിശുവിനെ തീയ്യില്‍ എറിയുമ്പോള്‍.. ചെയ്ത കുറ്റങ്ങള്‍ കൃത്യമായി തെളിയ്ക്കപ്പെട്ടിട്ടും അതു നിഷേധിക്കുമ്പോള്‍...... ആ കുറ്റവാളികള്‍ക്ക് മനുഷ്യാവകാശമുണ്ടെന്ന് പറഞ്ഞു വിലപിക്കുന്നവരെ എന്ത് വിളിക്കണം. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്ന നിയമ വ്യവസ്ഥ യഥാര്‍ത്ഥത്തില്‍ ആര്‍ക്കു വേണ്ടിയാണ്. നിരപരാധിക്കോ അതോ കുറ്റവാളിക്കോ.................  

No comments:

Post a Comment