**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, September 11, 2012

തലൈവിയുടെ മുടിയാട്ടം

          
 വലിയൊരു കപ്പലിനെമുക്കാന്‍ ചെറിയൊരു ദ്വാരം മതിയെന്നത് എല്ലാവര്ക്കുമറിയാവുന്ന ഒരു കാര്യമാണ്.ദ്വാരം ചെറുതാകുന്നതനുസരിച്ചു കപ്പല്‍ മുങ്ങാനുള്ള സമയം കൂടുമെന്ന് മാത്രം.മുങ്ങിയാലും; കപ്പല്, കപ്പല് അല്ലാതാകുന്നില്ല പൊക്കിയെടുത്ത് റിപ്പയര്‍ ചെയ്താല്‍ വീണ്ടും ഉപയോഗിക്കാം. ഏതാണ്ട് ഇതേ അവസ്ഥയിലാണ് നമ്മുടെ രാജ്യവും..1947-ലാണ് മുങ്ങിക്കിടന്നിരുന്ന ഇന്ത്യയെ; ഗാന്ധിയും, നെഹ്രുവും പട്ടേലുമൊക്കെകൂടി പൊക്കിയെടുത്തത്. അത്യാവശ്യം മിനുക്കുപണികളൊക്കെ നടത്തി അവര്‍ അതിനെ ഓടുന്ന പരുവത്തിലാക്കി വീണ്ടും നീറ്റിലിറക്കി. തുടര്‍ന്ന് വന്ന പിന്‍ഗാമികളും രാജ്യസ്നേഹമുള്ളവരായിരുന്നു. അവരും രാജ്യത്തെ, പഞ്ചവത്സര പദ്ധതികളൊക്കെ ഒരുക്കി, ഉടച്ചുവാര്‍ത്ത് മുന്നോട്ടു നയിച്ചു .പിന്നീട് കുടുംബത്തില്‍ തന്നെ അധികാരവടംവലി തുടങ്ങി. ഉപ്പാപ്പയുടെ ചന്തിയിലെ തഴമ്പ്കണ്ട് അവകാശവാദം ഉന്നയിച്ച കൊച്ചുമക്കള്‍ ധൂര്‍ത്തപുത്രന്മാരായി അവതരിച്ചു, ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കാന്‍ തുടങ്ങി. അങ്ങനെ ഇന്ത്യയെന്ന കപ്പല്‍ വീണ്ടും മുങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ ദ്വാരങ്ങള്‍ വീഴുന്നു എവിടെയും അഴിമതിയും, അധികാര ദുര്‍വിനിയോഗവും; ഇത് സാധരണക്കാരുടെ ജീവിതംകൂടുതല്‍  ദുസ്സാഹമാക്കിയിരിക്കുന്നു. പുറത്തുനിന്ന് കളി കണ്ടിരുന്നവരൊക്കെ കയ്യടി നിറുത്തി തെറിവിളി തുടങ്ങിയിരിക്കുന്നു. കപ്പിത്താന്‍റെ കഴിവുകേടാണ് പ്രധാനകാരണം. കഴിവില്ലാത്ത കൊഞ്ഞാണന്‍ എന്നാണിപ്പോള്‍ കപ്പിത്താന്‍റെ വിശേഷണം. എന്നാലും നമ്മുടെ നേതാവ് വായ തുറക്കില്ല. ചുമ്മാ ഉറക്കം മാത്രം. കണ്ടാല്‍ തോന്നും എന്തോ വലിയ ആലോചനയിലാണെന്ന്. നടപ്പാണേല്‍ കീ കൊടുത്തു വിട്ടപോലെ .

വലതുകയ്യിലെ നടുവിരലും ചൂണ്ടുവിരലും ഏതു സമയവും ‘V ആകൃതിയില്‍ പൊക്കിപിടിക്കുന്നത് കാണാം. എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് അറിയില്ല. മൊബൈല്‍ഫോണ്‍ കമ്പനിക്കാര്‍ ഇങ്ങേരെ മാതൃകയാക്കി സൈലന്റ്മോഡ് എന്നുള്ളത് ഇപ്പോള്‍ മന്മോഹന്‍ മോഡ് എന്നാക്കി മാറ്റിയിരിക്കുന്നുപോലും.

   രാജ്യത്തിനകത്തു കട്ട്മുടിക്കലും തമ്മില്‍തല്ലും ആണെങ്കിലും അയല്പക്കപിണക്കങ്ങള്‍ തീര്‍ക്കാന്‍ ശ്രമം നടത്തികൊണ്ടിരിക്കയാണ്. സൌഹ്രദസന്ദര്‍ശനങ്ങളും, ചായകുടിയും കൈകൊടുക്കലുമൊക്കെയായി ഒരു വശം ശരിയാക്കികൊണ്ടുവരുമ്പോള്‍ മറുവശത്ത് അടിയും തൊഴിയും തുടങ്ങിയിരിക്കുന്നു. ദക്ഷിണെന്ത്യന്‍ രാഷ്ട്രീയദൈവം അമ്മതായ ജയലളിതയാണ് ഇപ്പോള്‍ തുണിപറിച്ചാടുന്നത്. ജനാധിപത്യമായതിനാല്‍ ഏതു കഴുതയെ തിരഞ്ഞെടുത്താലും, കള്ളനെ തിരഞ്ഞെടുത്താലും ചോദ്യമില്ല.അഞ്ചുവര്ഷം പിന്നെ അഴിഞ്ഞാട്ടമാണ്. എങ്ങനെ ബഹളം ഉണ്ടാക്കമെന്നാണ് ചിന്ത. അമ്മതായ പരിഷകള്‍ക്ക് വല്ല സാരിയോ സൈക്കിളോ കൊടുത്താല്‍മതി. ഒരു ടിവി യും ഇരുപത്തിനാല് മണിക്കൂറും അണ്ണന്‍പടം കളിക്കാനുള്ള  ചാനലും ,കഞ്ഞിക്കുള്ള അരിയും കൊടുത്താല്‍ ഏതവനും ദേവിയും ദേവനും ആകുന്നസ്ഥലമാണ്.അതിനപ്പുറം ലോകം കാണാത്തവര്‍ക്ക് അത് തന്നെ സ്വര്‍ഗം .സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും, നമ്മുടെ രാജ്യത്തിന്‍റെ പരമാധികാരത്തെയും, അന്താരാഷ്ട്രനിയമങ്ങളെയും ജയലളിത മാഡത്തിന്‍റെ അടുക്കളയില്‍ പണയം വച്ചാല്‍ അത് കുഴപ്പമാകും. തമിഴ്നാട്ടില്‍ സന്ദര്‍ശനത്തിനു വന്ന എല്ലാ ശ്രീലങ്കക്കാരെയും ഓടിക്കാനാണ് മാഡത്തിന്റെ കല്പന.അങ്ങനെ ശ്രീലങ്കയിലെ തമിഴരുടെ പ്രശ്നങ്ങള്‍ തീരുമെന്ന് മാഡം കരുതുന്നു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ട രീതിയില്‍ ഇടപെടാത്തതുകൊണ്ടാണ് താന്‍ ഈ വിധത്തില് ഇടപെടുന്നത്; എന്നൊരു വിശദികരണവും പറഞ്ഞിട്ടുണ്ട്. ഡല്‍ഹിയിലാണേല്‍ അലക്കുകഴിഞ്ഞിട്ടു ചെരയ്ക്കാന്‍ നേരമില്ലെന്നു തലൈവിക്കറിയാമോ. പിന്നെ ഒരുകാര്യം കേന്ദ്രം ചെയ്തിട്ടുണ്ട്, വന്നവരെയെല്ലാം അടുത്ത വിമാനത്തിന് കൊളംബോയ്ക്ക് പറഞ്ഞു വിട്ടു. തലൈവിക്കു കലിയിളകിയാല്‍ പിന്നെ പശുവിന് വയറ്റിളക്കം പിടിച്ച പോലെയാകുമെന്ന് ആര്‍ക്കാണ് അറിയാത്തത്.

   ജയലളിതയുടെ ഈ ഓടിക്കല്‍ നടപടി ഫലത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ദോഷമാണ് വരത്തിയിരിക്കുന്നത്.ഒരു വിദേശപൌരന്‍ നമ്മുടെ രാജ്യത്ത്‌ പ്രവേശിക്കുന്നത് രാജ്യത്തിന്‍റെ നിയമങ്ങള്‍ക്ക് അനുസരിച്ചാണ്.അങ്ങനെ വരുന്നവരെ സംരക്ഷിക്കാനും നമുക്ക് ചുമതലയുണ്ട്.രാജ്യത്തിന്‍റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി അയാള്‍ ഒന്നും പ്രവര്‍ത്തിക്കാത്ത കാലത്തോളം അയാള്‍ക്ക് അന്തരാഷ്ട്രനിയമങ്ങള്‍ക്കനുസൃതമായ സംരക്ഷണത്തിനു അര്‍ഹതയുണ്ട്.അവര്‍ക്കെതിരെ ആക്രമണം ഉണ്ടായാല്‍ നമ്മള്‍ സമാധാനം പറയേണ്ടിവരും.ശ്രീലങ്ക നമ്മളെ സംബന്ധിച്ചടത്തോളം ഒരു ദുര്‍ബലശക്തി ആയതിനാല്‍ തല്ക്കാലം പേടിക്കണ്ട. ഇന്ത്യക്കാരെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍  വെടിവച്ച് കൊന്ന ഇറ്റലിക്കാരെ നമുക്ക് എന്ത് ചെയ്യാന്‍ പറ്റി. അവരുടെ അടിവസ്ത്രം വരെ അലക്കി കൊടുക്കേണ്ടി വന്നു. തങ്ങളുടെ പൌരന്മ്മാരുടെ കാര്യത്തില്‍ ഇറ്റലി കാണിച്ച ജാഗ്രത വലുതാണ്‌. അവരിപ്പൊള്‍ എവിടെയാണ്.ആ കേസോക്കെ എവിടെ പോയി.മരിച്ചവരുടെ ആള്‍ക്കാര്‍ നഷ്ടംവാങ്ങി പിന്‍വലിച്ച കേസ് അല്ല പറയുന്നത്. നമ്മുടെ അതിര്‍ത്തി ലംഘിച്ചു നിയമവിരുദ്ധമായി ആളുകളെ കൊന്നതിനു സര്‍ക്കാര്‍ എടുത്ത കേസിപ്പോള്‍ എവിടെയാണ്.അതിന്‍റെ വിചാരണയ്ക്ക് ഇറ്റലിക്കാര്‍ ഇനി വരുമോ. അവരെ ഇനി കോടതിയില്‍ ഹാജരാക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമോ??? ഇതാണ് ശക്തിയുള്ളവന്‍റെ നീതി.ഇക്കാര്യത്തില്‍ ലങ്കയെ പേടിക്കണ്ട,കാരണം ഇറ്റലി അല്ല ശ്രീലങ്ക.എന്നാലും ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നം ശ്രീലങ്കയുടെ ആഭ്യന്തരപ്രശ്നമാണ്. അതില്‍ ഇടപെടുന്നതില്‍ ഇന്ത്യയ്ക്ക് പരിമിതിയുണ്ട്. അന്താരാഷ്ട്രനിയമങ്ങള്‍ അനുസരിച്ച് മാത്രമേ ഇന്ത്യയ്ക്കതില്‍ ഇടപെടാന്‍ കഴിയു. അല്ലാതെ ജയലളിത കളിക്കുന്ന പൊറോട്ട് നാടകമൊന്നും ഇക്കാര്യത്തില്‍ വേവില്ല.

  .വളരെയധികം ഇന്ത്യക്കാര്‍ മറ്റു വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരാണ്.ആ രാജ്യങ്ങളിലെയെല്ലാം ഭരണാധികാരികള്‍ ജനങ്ങളെ ഇളക്കി വിട്ടു, ഇന്ത്യക്കാരെ മുഴുവന്‍ ഓടിക്കാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും സ്ഥിതി. അതുകൊണ്ട് ഈ പ്രശ്നത്തില്ലെങ്കിലും മന്മോഹന്‍ മൌനം വെടിയണം. ജയലളിതയെ അടക്കി നിറുത്തണം. ഇല്ലെങ്കില്‍ ജയലളിതമോഡല്‍ മറ്റുള്ളവരും കാണിക്കാന്‍ തുടങ്ങിയാല്‍ പ്രവാസികളെല്ലാവരും, കൂടുംകുടുക്കയുമെടുത്ത്‌ നാട്ടിലേക്കു തിരിക്കേണ്ടിവരും. അന്നേരം, നാല്നേരം പട്ടിണികിടന്നോ അല്ലേല്‍ വെള്ളം മാത്രം കുടിച്ചോ തുടങ്ങിയ മണ്ടന്‍ മന്മോഹന്‍ ചിന്തകളൊന്നും ജനം കേട്ടില്ലായെന്നുവരും.അതിനു ഇടയാക്കരുത്.അപേക്ഷയാണ്....ശ്രീലങ്കയില്‍ നിന്നും തമിഴ്നാട്ടിലെ ദേവാലയങ്ങള്‍ സന്ദര്‍ശനത്തിനു വന്നവരെയാണ് കല്ലും കുറുവടിയുമായി ആട്ടിപ്പയിച്ചത്. അതുപോലെ സൗഹാര്‍ദ്ദമല്‍സരത്തിനു വന്ന ഫുട്ബോള്‍ ടീമുകളെയും മടക്കി അയച്ചിരിക്കുന്നു. സ്കൂള്‍ കുട്ടികളുടെ ടീമും ഇതില്‍പ്പെടുന്നു. ഇവര്‍ക്ക് കളിക്കാന്‍ അനുവാദം കൊടുത്തതിന്‍റെ പേരില്‍ ജവഹര്‍ലാല്‍നെഹ്‌റു ഇന്‍ഡോര്‍സ്റ്റേഡിയം ഓഫീസറേയും സസ്പെന്‍ഡ്‌ ചെയ്തു. എന്തൊരു വിവരക്കേടാണ് കാണിക്കുന്നത്.രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതയ്ക്കും തര്‍ക്കങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സൗഹാര്‍ദമത്സരങ്ങളും,സന്ദര്‍ശനങ്ങളുമൊക്കെ നടുത്തുന്ന ഒരു കാലത്താണ്. തീര്‍ഥാടകരെയും സ്കൂള്‍ കുട്ടികളടക്കമുള്ള കളിക്കാരേയും തല്ലി ഓടിക്കുന്നത്. നമ്മള്‍ ഏതു കാലത്താണ് എത്തി നില്‍ക്കുന്നത്‌.ഇത് തന്നെയാണോ ദ്രാവിഡ സംസ്ക്കാരമെന്ന് പറയുന്നത്.........

1 comment:

  1. അയ്യേ!! ഞാനൊന്നും പറയില്ലേ!! 1100 കോടി രൂപാ ചെലവിട്ടുണ്ടാക്കിയ സെക്രട്ടേറിയറ്റ് വെറുതെ കിടക്കുന്നത് ഞാന്‍ പറയില്ല.. സമചീര്‍ കല്‍വിക്ക് പാര പണിതതും ഞാന്‍ പറയില്ല. പിന്നെ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാത്തതും ഞാന്‍ പറയില്ല!! പിന്നെ കൂടന്കുളം അട്ടിമറിച്ചതും എനിക്കറിയില്ല. എന്താ അണ്ണാ ഈ മുല്ലപ്പെരിയാറ്?? ഞാന്‍ കേട്ടിട്ടേ ഇല്ല!! അണ്ണാ ആര്‍ച് ആദ്യം തട്ടാന്‍ ശ്രമിച്ചതും പിന്നെ അത്ര എളുപ്പമല്ലെന്ന് മനസ്സിലായപ്പോള്‍ അതിന്റെ പൈതൃകം ഓര്മ വന്നതുമോന്നും എനിക്കറിയില്ലേ!! എന്നെക്കൊണ്ട് പറയിപ്പിക്കാന്‍ ശ്രമിക്കരുത്!! എന്നെ എന്ത് ചെയ്താലും ഞാന്‍ പറയില്ല കാരണം എന്റെ അണ്ണാക്കിലോട്ടു ഒരു ഗ്രൈന്ടരും മിക്സിയും തള്ളി അതിറങ്ങാന്‍ ഒരു ഫാനും പിടിപ്പിച്ചു തന്നിട്ടുണ്ട്.

    ReplyDelete