**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, January 2, 2013

പുണ്യവാളനും പ്രാഞ്ചിയേട്ടന്മാരും


 

മുന്തിരികിട്ടാത്ത കുറുക്കന്‍റെ താത്വിക അവലോകനം

 ആത്മാവിന്‍റെ അന്തരംഗത്തില്‍ പൊട്ടിവിടരുന്ന ചെറുചിന്തകള്‍ അടക്കാന്‍ വയ്യാത്ത വിങ്ങലുകളായി മാറുമ്പോള്‍ പുറത്തേയ്ക്ക് പ്രവഹിപ്പിക്കാനുള്ള ചെറിയ ഒരു കടലാസുമായി ഇരിയ്ക്കുകയായിരുന്നു ഇതുവരെ. ഒരു ഗതി കിട്ടാപ്രേതത്തെപ്പോലെ ബൂലോകത്തുകൂടി തെണ്ടിനടന്നപ്പോള്‍ വല്യ മുതലാളിമാരുടെ സൊയമ്പന്‍ സംഭവങ്ങളുകണ്ട് ഇതുപോലൊരണ്ണം ആയ കാലത്ത് ഒക്കുമോ തമ്പുരാനെ.... എന്നോര്‍ത്ത് കരഞ്ഞു നിലവിളിച്ചിരിയ്ക്കയായിരുന്നു. വമ്പന്‍ ടീമുകളുടെ കച്ചവടം പൊടിപൊടിക്കുമ്പോള്‍ നമ്മളിവിടെ അവാര്‍ഡ് പടം കളിക്കുന്ന തിയേറ്റര്‍ പോലെ ചുമ്മാ കുത്തിയിരുന്നു. വിലകുറച്ചു വില്‍ക്കപ്പെടും എന്നൊരു ബോര്‍ഡും തൂക്കി. ഒക്കെ ചുമ്മാ..... ഒരുത്തനും വരുന്നില്ല... അങ്ങനെയിരിക്കുമ്പോള്‍ വഴിതെറ്റിവല്ലവനും വരും. വന്നാല്‍ തന്നെ ചോറിനകത്തു അപ്പിടി കല്ല്‌. മോരിനു പുളിയില്ല. സാമ്പാറിന് ഉപ്പുകൂടുതലാണ്. ഇങ്ങനെ ഓരോന്നുംപറഞ്ഞ് ഇറങ്ങിപോകും.എന്നാലും വേണ്ടില്ല ഈ കലാരൂപം അന്യംനിന്ന് പോകണ്ടല്ലോയെന്നുകരുതി; കടയും തുറന്നു വച്ചിരിക്കുമ്പോഴാണ് ഇന്നസെന്റിനു ലോട്ടറി അടിച്ചപോലത്തെ ഒരു വാര്‍ത്തകേട്ടത്.ഈ വര്‍ഷത്തെ അവാര്‍ഡിന് പരിഗണിക്കുന്ന മിടുക്കന്‍ കച്ചവടക്കാരില്‍ നമ്മുടെ പേരുമുണ്ട് പോലും.പോസിറ്റീവ് തിങ്ക്സ്.. നല്ല അടിത്തറയാണല്ലോ.......................

കമ്പ്യൂട്ടറില്‍ നടക്കുന്ന വോട്ടെടുപ്പില്‍ കള്ളവുമില്ല, ചതിയുമില്ല എള്ളോളമില്ല കള്ളവോട്ട് എന്നാണല്ലോ പ്രമാണം.ഒരു കമ്പ്യുട്ടര്‍, ഒറ്റ ഞെക്ക്, ഒറ്റ വോട്ട്. സൈറ്റ് തുറന്നുനോക്കി പത്തുനൂറു മൈകുണാപ്പാന്‍മ്മാരുടെ ഇടയില്‍നിന്നും എന്‍റെ പേര് കണ്ടുപിടിക്കാന്‍പെട്ട ഒരുപാടെ... ഇത്തിരി കൂടി വലുപ്പത്തില്‍ അടിച്ചാല്‍ എന്നാ ചേതമെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.ഇവന്‍റെ സ്വഭാവം മോശമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാലോയെന്ന് കരുതി അതു വേണ്ടാന്നു വച്ചു.

സത്യം പറയാമല്ലോ പേരുവന്ന അന്നുമുതല്‍ എന്‍റെ ഉറക്കം നഷ്ടപ്പെട്ടു.ഇനി അവാര്‍ഡ് എനിക്കെങ്ങാനും കിട്ടിയാലോ...യേ ഇല്ല ..കിട്ടുമോ ...പൊന്നാടാ... രൂപ... ദൈവമേ ഓര്‍ക്കാന്‍കൂടി വയ്യ. എന്നാലും അവാര്‍ഡ് കിട്ടുന്നവനൊക്കെ മിനിമം കാണാന്‍ കൊള്ളാവുന്നവനും,അത്യാവശ്യം വ്യാകരണംതെറ്റാതെ രണ്ടക്ഷരം എഴുതുന്നവനും ആയിരിക്കണമെന്ന അടിസ്ഥാനവാക്യം നോക്കുമ്പോള്‍ നമ്മള്‍ പടിയ്ക്കുപുറത്താണ്.ഇവനാണോ നിങ്ങളുടെ ഈ വര്‍ഷത്തെ ജേതാവ്‌ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ...മെലിഞ്ഞുണങ്ങി കരിഞ്ഞരൂപത്തെ എങ്ങനെ ഏഴുന്നള്ളിക്കാനാവും. പച്ചപരിഷ്ക്കാരികളായിട്ടുള്ള വന്‍തോക്കുകള്‍ക്ക് അതു മാനക്കേടാകും..... മുന്നേ കിട്ടിയതൊക്കെ അവര്‍ ഒരു പക്ഷെ വലിച്ചെറിഞ്ഞുവെന്നും വരാം. ഏത്...... എല്ലാവരെയും ഒത്തിരി ഉന്നതിക്കും... എന്നൊക്കെ പറഞ്ഞാലും, ബ്രാഹ്മണര്‍ക്ക് പന്തിഭോജനം പാടുണ്ടോ.....എന്നാലും ഇരിക്കപ്പൊറുതിയില്ല.. മണിക്കൂറില്‍ അമ്പതുപ്രാവശ്യമെങ്കിലും സൈറ്റില്‍ പോയിനോക്കും. വോട്ടില്‍ വല്ല പുരോഗമനവുമുണ്ടോ എന്നറിയാന്‍..... കള്ളവോട്ടു ചെയ്യാന്‍ പറ്റില്ലായെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും വെറുതെയൊന്ന് ഞെക്കി നോക്കും. നോ രക്ഷ.....എന്നാലും ഭാര്യയുടെ പ്രസവംപ്രതിക്ഷിച്ചു ലേബര്‍റൂമിനു പുറത്തിരിക്കുന്ന ഭര്‍ത്താവിന്‍റെ അവസ്ഥയാണ്.. തുലാമഴയ്ക്ക് മുഴങ്ങുന്ന ഇടിശബ്ദമാണ് നെഞ്ചിനകത്ത്. എപ്പോഴും ഒരേ ചിന്ത; വോട്ട് കിട്ടിക്കാണുമൊ, ശതമാനം കൂടിക്കാണുമൊ. പെട്ടന്ന് കുടിനിറുത്തിയ കുടിയനെപ്പോലെ കൈയ്ക്കും കാലിനുമൊക്കെ ഒരു വിറയല്‍. ഒരു പെഗ് കഴിക്കുന്ന ആശ്വാസത്തോടെ വീണ്ടും സൈറ്റ്‌ തുറക്കുന്നു. ഫലമൊന്നുമില്ല ശതമാനം കീഴോട്ടാണ് പോകുന്നത്.ചുരുങ്ങിയ ദിവസം കൊണ്ട് എന്‍റെ തൂക്കം അഞ്ചുകിലോ കുറഞ്ഞു.അതിനിടെ ആരോ പറഞ്ഞു; കമ്പ്യുട്ടറിന്‍റെ ഐ പി അഡ്രെസ്സ് മാറ്റിയാല്‍ മതി; തുരുതുരെ വോട്ടു ചെയ്യാമെന്ന്. അത്യാവശ്യം കീ ബോര്‍ഡ്‌ ഞെക്കാന്‍ മാത്രമറിയാവുന്ന ഞാന്‍ ശസ്ത്രക്രിയയ്ക്കിറങ്ങിയ വ്യാജഡോക്ടറെപ്പോലെ കമ്പ്യൂട്ടരില്‍ ചില്ലറ കസര്‍ത്ത് നടത്തി. ഐ പി മാറിയില്ലന്നുമാത്രമല്ല ഒന്നും തുറക്കാനും കഴിയാതായി. സെര്‍വര്‍ കണക്റ്റ്‌ ചെയ്യാന്‍ പറ്റുന്നില്ല എന്ന മെസേജ് മുന്നില്‍ കാണിക്കുന്നു.ആകെ കുഴഞ്ഞു. സാധനവും പെറുക്കി റിപ്പെയര്‍ കടയില്‍ പോകേണ്ടി വന്നു. അഞ്ഞൂറുരൂപ ആ വഴിക്കും പോയിക്കിട്ടി. നന്നാക്കി കിട്ടിയപ്പോള്‍ ഒരാഴ്ച പട്ടിണികിടന്നവന്‍ ബിരിയാണി കാണുന്ന ആവേശത്തോടെയാണ് സൈറ്റ്‌ തുറന്നത്.പോയപ്പോള്‍ ഉണ്ടായിരുന്ന ശതമാനം കുറഞ്ഞു ഇപ്പോള്‍ പൂജ്യത്തോട് അടുത്തിരിയ്ക്കുന്നു.ഇതു കണ്ടപ്പോള്‍ സത്യമായിട്ടും എനിക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകേണ്ടതാണ്.പക്ഷെ എനിക്ക് താഴെ കുറെ സമ്പൂജ്യര്‍ ഉള്ളതുകൊണ്ട് ഞാന്‍ പിടിച്ചുനിന്നു.

 മൊത്തം ലിസ്റ്റില്‍ ഒരണ്ണാച്ചിയുടെമാത്രം ശതമാനം കുതിച്ചുപായുന്നു.ആ മനോഹര സ്ഥലമൊന്നു കണ്ടേക്കാമെന്നു കരുതി മൊത്തംപരതി.ദോഷം പറയരുതല്ലോ; കച്ചവടത്തില്‍ മിച്ചംവന്ന ആക്രിസാധനങ്ങള്‍ പോലെ കുറെ കണ്ടു.ആള്‍ സഞ്ചാരം കുറഞ്ഞു ആകെ പൊടിപിടിച്ചു കിടക്കുന്നു.അതും മലയാളത്തില്‍ കുറവായതുകൊണ്ട് വായിക്കാനും പറ്റുന്നില്ല.മൊത്തം ഇംഗ്ലീഷ് മയം. നമ്മളുപിന്നെ ഭാഷയേയും,എഴുത്തിനെയും പോഷിപ്പിക്കാനാണല്ലോ ഈ പരിപാടി നടത്തുന്നത്. ഇതിപ്പോ എന്താ പറയുക...... അല്ല.. അതുപിന്നെ സായ്പ്പുംമ്മാരോക്കെ വോട്ട് ചെയ്താല്‍ നമുക്ക് എന്നാ ചെയ്യാന്‍ പറ്റും. ഈ പട്ടികയില്‍ നമ്മള്‍ തമ്പ്രാക്കളായി കണ്ടിരുന്ന കുറച്ചു ആള്‍ക്കാരും ഉണ്ടായിരുന്നു.ആര്‍ക്കും ശതമാനമില്ല.ഒക്കെ കീറച്ചാക്കുമായി ആക്രിപെറുക്കാന്‍ നടക്കുന്ന നമ്മുടെ കൂട്ടത്തില്‍ തന്നെ. അപ്പൊ... അണ്ണാ ഒരു സംശയം ചോദിച്ചോട്ടെ.... ഒരേതരം കച്ചോടവുമായി മാര്‍ക്കറ്റില്‍ വിലസുമ്പോള്‍ അതില്‍ കൂടുതല്‍ സെയിലുള്ളത് ആര്‍ക്കാണെന്ന് ഏതു തുക്കിടിയ്ക്കും അറിയാം.അണ്ണനും അതറിയാം... ഒള്ളതാണെ.. എന്നിട്ടും കേരളത്തിലെ നമ്പര്‍വണ്‍ കച്ചവടക്കാര്‍ക്കൊന്നും ശതമാനം കിട്ടാഞ്ഞത് എന്തുകൊണ്ടാപോലും....വോട്ടുശേഖരിച്ച കമ്പ്യുട്ടറില്‍ വല്ല വൈറസ് ബാധയും ഉണ്ടായോ.അതോ നമ്മുടെ ഈ പരിപാടിയ്ക്ക് ആഗോള തലം എന്നൊക്കെ ചുമ്മാ പറയുന്നതാണോ.ഈ ചുറ്റുവട്ടത്തുള്ള കുടുംബക്കാര്‍ മാത്രമാണോ ഇതില്‍ വോട്ടു രേഖപ്പെടുത്തിയത്.അതോ ചാക്കിട്ടു പിടുത്തം കുറഞ്ഞതാണോ കാരണം.ഒരു സ്വയം വിമര്‍ശനം ആവശ്യമാണെന്ന് തോന്നുന്നു.കുത്തരിചോറ് വിളമ്പുന്നതിനിടയില്‍ റേഷനരി വിളമ്പിയാല്‍ കഴിക്കാന്‍ ആളുണ്ടാവില്ല..... അതുവാസ്തവം. എന്നാലും നമ്മളെപ്പോലെയുള്ള വെപ്പുകാര്‍ പോകട്ടെ... സ്ഥിരം സര്‍വാണി സദ്യ വിളമ്പുന്ന തമ്പുരാക്കന്മാരുവരെ ഇങ്ങനെ കിതയ്ക്കുന്നത് കണ്ടപ്പോള്‍ പറഞ്ഞതാ...രക്ഷിക്കണേ, ഞാന്‍ മുന്നോട്ട് കുതിക്കുകയാണെ, എനിക്കിട്ടു ഞെക്കണേ എന്നു പറഞ്ഞുകൊണ്ടുള്ള കത്തുകള്‍ പറത്തിവിടാത്തതും ഒരു കാരണമാവാം.

 അല്ലാ.. ഒരു കണക്കിന് പറഞ്ഞാല്‍ അസൂയ... മുട്ടന്‍ അസൂയ..... അല്ലാതെന്ത്.എഴുത്തും വായനയും അറിയില്ലാത്ത നത്തോലികള്‍ സംക്രിത പമഗരി താളത്തില്‍ കക്ക പിക്കാ ഞവിണിങ്ങ എന്നൊക്കെ എഴുതിയാല്‍ ആരെങ്കിലും വോട്ടു കൊടുക്കുമോ.സെന്‍സും സെന്‍സിബിലിട്ടിയും ഇല്ലാത്ത കോന്തന്മാര്‍..പുളിച്ച മുന്തിരിങ്ങ കിട്ടാത്തതിന്‍റെ  ചൊറിച്ചില്‍ എന്നൊക്കെ പറഞ്ഞ്  ഇതിനെ ലഘുകരിക്കാം.ഒരു ചെറിയ അപേക്ഷ ഉണ്ട്.ഈ വോട്ട് പ്രദര്‍ശിപ്പിക്കുമ്പോള്‍ വല്ല ആയിരത്തിലോ, പതിനായിരത്തിലോ തുടങ്ങണം. ഒരു വോട്ടിനു ആയിരം പോയിന്റ്‌ അങ്ങനെ കൂട്ടിയാലും മതി.വല്യ എഴുത്തുകാരാണ്,ദിവസവും പതിനായിരം ഹിറ്റാണ് എന്നൊക്കെ പറഞ്ഞിട്ട് വോട്ട് നോക്കുമ്പോള്‍ അഞ്ചു, രണ്ടു, ഒന്ന്, അര, കാല്, പൂജ്യം...ശ്ശൊ.. നാണക്കേട് വിളിച്ചുവരുത്തി നാറ്റിക്കരുത്.  അതോ പണികൊടുക്കേണ്ടാവന്മ്മാരെ തിരഞ്ഞുപിടിച്ച്; കണ്ടോ... ലെവന്‍റെയൊക്കെ ജനസമ്മതി എന്നൊരു തുറന്നു കാണിക്കലാണോ ഉദേശിച്ചത്‌. അമ്പതുകൊല്ലം പൊതുരംഗത്ത്, ആയിരം അക്കാദമികളില്‍ ചെയര്‍മാന്‍ സ്ഥാനം. കൊട്ടക്കണക്കിന് ലേഖനങ്ങള്‍,പ്രായം, പക്വത,അവാര്‍ഡുകളോടും സ്ഥാനമാനങ്ങളോടുമുള്ള താല്പര്യക്കുറവ് എന്നൊക്കെ പറഞ്ഞ് താമ്രപത്രമിറക്കിയാ വ്യക്തികളുപോലും പിരിമുറുക്കംകൂടി നട്ടപാതിരായ്ക്ക് ഉറങ്ങുന്നവനെപ്പോലും വിളിച്ചുണര്‍ത്തി എനിക്കിട്ട് ഞെക്കണേ എന്നു പറയുമ്പോള്‍..ഒരു മഹിമയും അവകാശപ്പെടാനില്ലാത്ത, പന്തീഭോജനത്തില്‍ അവസാന ഇലയ്ക്കായി കത്തുനില്‍ക്കുന്നവരുടെ ചങ്കിടിപ്പും പരിഗണിക്കേണ്ടിയിരിക്കുന്നു. ഏതായാലും കൂടുതല്‍ വോട്ട് കിട്ടിയവനാണ് ഒന്നാമന്‍...ഒന്നാമന് എല്ലാ വിധ ആശംസകളും നേരുന്നു...  

       കിട്ടാത്തമുന്തിരി പുളിക്കുമെന്ന് ഒരു വിഭാഗം. അതല്ല; മുന്തിരി കണ്ടപെറുക്കികള്‍ക്കൊക്കെ കൊടുക്കുന്നാതാണ് കുഴപ്പമെന്ന് മറുവിഭാഗം. ഇതു പരക്കെയുള്ള അസുഖമാണെന്നു തോന്നുന്നു. നമ്മുടെ സര്‍ക്കാര്‍ പത്മ അവാര്‍ഡുകള്‍ക്ക് തയ്യാറാക്കിയ പട്ടിക അനര്‍ഹരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്പോലും.. പരമ്പരാഗതമായി സര്‍ക്കാരുകള്‍ അവര്‍ക്ക് തോന്നുന്ന ആളുകള്‍ക്ക് നല്‍കിവരുന്ന ഒരേര്‍പ്പാടാണ്; ഈ അവാര്‍ഡുകള്‍. ബുദ്ധിജീവികളെയും, സാംസ്കാരിക,സാമൂഹ്യനായകന്മ്മാരെയും ചെല്പ്പടിക്ക് നിറുത്താനുപയോഗിക്കുന്ന ചെപ്പടിവിദ്യയാണിത്.അതിനിടയില്‍ മിക്കവാറും പല പ്രാഞ്ചിയെട്ടന്‍മ്മാരും കടന്നുകൂടുന്നു.അനര്‍ഹരെ തിരുകികയറ്റി എന്നല്ല; പലപ്പോഴും പല ലിസ്റ്റിലും അര്‍ഹരേ..... ഉണ്ടാകില്ലായെന്നതാണ് സത്യം. കഴിഞ്ഞ വര്ഷം കൊടുത്തവര്‍ക്കുതന്നെ ഈ വര്‍ഷവും കൊടുക്കുക, സ്വന്തക്കാരെയും,ബന്ധുക്കളെയും തിരുകികയറ്റുക, സ്ഥിരം കുഴലൂത്തുകാരെ ലിസ്റ്റില്‍പ്പെടുത്തുക തുടങ്ങിയ പരിപാടികള്‍ എപ്പോഴും നടക്കുന്നതാണ്. അവാര്‍ഡിന് പരിഗണിക്കുമ്പോള്‍ അതത് മേഖലയില്‍നിന്നുള്ള ആളുകളെ കണ്ടത്താന്‍ ആ മേഖലയുമായി ബന്ധപ്പെട്ട് പ്രത്യേകം തിരിച്ചറിയാല്‍ സമതി വേണമെന്നാണ് കേന്ദ്രനിര്‍ദേശം (special search  committee ).എന്നാല്‍ കേരളത്തിന്‌ ഇതൊന്നും ബാധകമല്ല. മന്ത്രിമാര്‍ ആരുടെയൊക്കെ പേരുകൊടുക്കുന്നോ അതാണ്‌ പട്ടിക.ഇതിനൊന്നും പ്രത്യേക മേഖലാ പരിജ്ഞാനം ഒന്നും വേണ്ടന്നാണ് നമ്മുടെ നിലപാട്‌. ഇതൊക്കെ മൂടുതാങ്ങികള്‍ക്ക് കൊടുക്കുന്ന ഉപകാരങ്ങളല്ലേ...അവരെ തിരിച്ചറിയാന്‍ നല്ല പരിജ്ഞാനമുള്ള ആളുകള്‍ മന്ത്രിമാരുതന്നെയാണ്. അല്ലേലും മന്ത്രിമാര്‍ക്ക് അറിയാത്തതായി എന്തുണ്ട്. എന്നാ.. വല്ലേം അറിഞ്ഞിട്ടാണോ ഒന്നുമല്ല. അതല്ലേ ഈ ജന..ആധിപത്യം എന്നൊക്കെ പറയുന്നത്.അഭ്യാന്തരമന്ത്രി എന്തെങ്കിലും പോലിസ്‌ പരിജ്ഞാനമുള്ള ആളാണോ.പോലിസ്‌ എന്നെഴുതാന്‍ പോലും അറിയാത്തമന്ത്രി പോലീസിനെഭരിച്ച നാടാണ് കേരളം. ആരോഗ്യമന്ത്രി ഡോക്ടറാണോ.കൃഷിമന്ത്രി എത്രകൃഷി ചെയ്തിട്ടുണ്ട്, തിരുവാതിര ഞാറ്റുവേലയെക്കുറിച്ചും, നെല്‍കൃഷിയെക്കുറിച്ചും ചോദിച്ചാല്‍ എന്തറിയാം, ഭഷ്യമന്ത്രി എപ്പോഴെങ്കിലും റേഷനരി കഴിച്ചിട്ടുണ്ടോ, എക്സൈസ് മന്ത്രി കുടിയനാണോ, വനംവകുപ്പുമന്ത്രിക്കു വനത്തെപ്പറ്റി എന്തറിയാം.... ഇവര്‍ക്കൊക്കേ ഭരിക്കുന്ന വകുപ്പിനെക്കുറിച്ച് എന്തു പരിജ്ഞാനമാണുള്ളത്.എന്നാല്‍ പരിപാടികളൊക്കെ നടക്കുന്നില്ലേ.അതുകൊണ്ട് ഈ തിരഞ്ഞെടുപ്പിന് പ്രത്യേകിച്ച് അറിവൊന്നും വേണമെന്നില്ല ..പക്ഷെ കേരളത്തിലെ മന്ത്രിമാരൊക്കെ സര്‍വകലാവല്ലഭന്‍മ്മാരാണെന്നുള്ള നമ്മുടെ വിശ്വാസം കേന്ദ്രത്തിനില്ല. കൂടെ കിടന്നവനല്ലേ രാപ്പനി അറിയാവു. എന്നാലും ഒരു അഭിപ്രായമുണ്ട് പത്മപ്രഭയും, പത്മഭൂഷനുമൊക്കെ രാഷ്ട്രം കൊടുക്കുന്ന ഒരു ആദരവാണ്. കണ്ട ആശുപത്രിമുതലാളിക്കും,കൂലി എഴുത്തുകാര്‍ക്കും, കൈനോട്ടക്കാരനുമൊക്കെ കൊടുത്ത് അതിനെ നാറ്റിക്കരുത്. അവാര്‍ഡുകള്‍ അര്‍ഹതയുള്ളവര്‍ക്ക് മാത്രം കൊടുക്കുന്ന അംഗികാരം ആയിരിക്കണം.

23 comments:

  1. അടിപൊളിയായി മാഷെ ഹാഹ ഹഹ....

    ReplyDelete
  2. തുളസീവനം .... തുളസിയുടെ ഒരു നൈര്‍മല്യവും ഇല്ലാതെ എഴുതികളഞ്ഞു . ആത്യന്തികമായി ഇത് എഴുതാന്‍ തുളസിയെ പ്രേരിപ്പിച്ചത് അസൂയയോ മറ്റോ ആണെന്ന് ആരേലും സംശയിച്ചാല്‍ ആ സംശയം ആസ്ഥാനത്താണ് എന്ന് കരുതുക പാടാണ് .. !!!!
    പക്ഷെ ഞാന്‍ അങ്ങനെ കരുതില്ല ....., നമ്മള്‍ കണ്ടു വളര്‍ന്ന എല്ലാ അവാര്‍ഡ് ദാനത്തിനും തൊട്ടടുത്ത ദിവസം ആരേലും എതിര് പറയുന്നത് നമ്മള്‍ കാണാറുണ്ട് . പല വികാരങ്ങളാവും അവര്‍ക്ക് , അത് മറ്റുള്ളവര്‍ക്ക് മനസിലാകണം എന്നില്ല .
    പിന്നെ കഴിഞ്ഞ അവാര്‍ഡ് 2012 ലെ മികച്ച ബ്ലോഗ്ഗെര്‍ക്ക് ഉള്ളതാണ് , 2012 ല്‍ ഇപ്പോള്‍ അവാര്‍ഡ് കിട്ടിയ വ്യെക്തിയാവും മികച്ചത് എന്ന് ഞാനും കരുതട്ടെ .
    ആ ബ്ലോഗ്‌ കൂടാതെ അര്‍ഹതയുള്ള ഒരു പിടി ബ്ലോഗ്ഗുകള്‍ ഉണ്ടായിരുന്നു . നമ്മള്‍ ഒരു പോസ്ടിനായി ആകാംഷയോടെ കാത്തിരിക്കുന്ന ഒരു പിടി ബ്ലോഗ്ഗുകള്‍ . സിനിമയിലെ പോലെ ജനപ്രിയത ആവില്ല അവാര്‍ഡിന് അടിസ്ഥാനം എന്ന് ഞാന്‍ കരുതുന്നു .
    ഇടക് തുളസി കുത്തുന്ന ചിലവര്‍ (തമ്പ്രാക്കളായി കണ്ടിരുന്ന കുറച്ചു ആള്‍ക്കാരും ....), അവരുടെ വായനക്കാരാരും ഈ അവാര്‍ഡ് പരിപാടിയെ അത്ര ഒരു മഹത് കാര്യമായി എടുത്ത് കാണില്ല , അതാവും അല്ലെങ്കില്‍ ഒരു പോസ്റ്റിലെ വായനക്കാര്‍ മാത്രം മതിയാവും ശതമാനം 50 കടത്താന്‍ .
    സത്യങ്ങള്‍ നമ്മള്‍ കണ്ടില്ലെന്നു നടിക്കരുത് . അവരുടെ ജനപ്രിയത അവര്‍ നന്നായി കഷ്ടപെട്ട് , എഴുതി നേടിയതാണ് . അതിനു പിന്നിലുള്ള അദ്വാനത്തെ കാണാതിരിക്കരുത് ... പരിഹസിക്കരുത് . (ബെര്‍ളി , എചിമികുട്ടി , പോങ്ങുമ്മൂടന്‍ , കണ്ണൂരാന്‍ , പോണി ബോയ്‌ , ബ്രിജ് വിഹാരം , വഴക്കോടന്‍ , ജുമാന , കൊച്ചുത്രേസ്യ , സൂരജ് , ഇസഹാഖ് ..... അങ്ങനെ ഒരു പിടി ആളുകളെ ഞാന്‍ ഉള്‍പ്പെടുന്ന ഒരു വലിയ ബ്ലോഗ്‌ സമൂഹം മനസ്സില്‍ ആരാധിക്കുന്നുണ്ട് അത് അവരുടെ എഴുത്തിനോടുള്ള ആരാധനയാണ് , അത് തുളസിയോടും ഉണ്ടാവാന്‍ തുളസി മികച്ചതായി എഴുതൂ )

    മലയാളം ബ്ലോഗ്ഗിങ്ങിലെ കുറച്ച് ശതമാനം ആളുകളെ ഈ അവാര്‍ഡ് പരിപാടി അറിഞ്ഞുള്ളു , തിരഞ്ഞെടുപ്പ് നടത്തിയവര്‍ക്കും വളരെ കുറച്ചു മലയാളം ബ്ലോഗ്ഗിനെ മാത്രമേ അറിയുള്ളു എന്നും കരുതുക ... പ്രശനം തീര്‍ന്നു ...:)

    ഒരു ബ്ലോഗ്ഗര്‍ എന്ന നിലക്ക് തീര്‍ച്ചയായും എനിക്കും അസൂയിക്കാന്‍ അവകാശമുണ്ട് , പക്ഷെ ഞാന്‍ അസൂയിക്കില്ല കാരണം ഞാന്‍ ഈ 100 പേരുടെ ലിസ്റ്റില്‍ ഇല്ലായിരുന്നു അത്രതന്നെ . :)

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അമൃത്..താങ്കളുടെ അഭിപ്രായം വായിച്ചു.അഭിപ്രായം പറഞ്ഞതിന് നന്ദി പറയുന്നു.ആരാധനവിഗ്രഹങ്ങളെക്കുറിച്ച് പറഞ്ഞാല്‍ ഭക്തര്‍ ഇടയുക സ്വാഭാവികമാണ്.അതു ഞാന്‍ മനസിലാകുന്നു.പക്ഷെ ഞാന്‍ എഴുതിയ എന്‍റെ അഭിപ്രായങ്ങളില്‍ അങ്ങനെ ഒരു കുഴപ്പം എനിക്ക് തോന്നിയില്ല..താങ്കള്‍ വായിച്ചേടുത്ത എന്തെങ്കിലുമൊക്കെ ആയിരിക്കും താങ്കളെ വേദനപ്പിച്ചത്...

      Delete

    2. അത് എന്‍റെ വായനയുടെ കുഴപ്പം മാത്രമായി കണ്ടാലും പ്രിയ തുളസീ ......, ഒരു ഭീകര ഭക്തന്‍റെ കുഴപ്പമായും .

      "ഈ പട്ടികയില്‍ നമ്മള്‍ തമ്പ്രാക്കളായി കണ്ടിരുന്ന കുറച്ചു ആള്‍ക്കാരും ഉണ്ടായിരുന്നു.ആര്‍ക്കും ശതമാനമില്ല.ഒക്കെ കീറച്ചാക്കുമായി ആക്രിപെറുക്കാന്‍ നടക്കുന്ന നമ്മുടെ കൂട്ടത്തില്‍ തന്നെ."

      തുളസി ഒരു അടിയാന്റെ മനസോടെ അവരെ തമ്പ്രനായി കണ്ടു ...., ഞാന്‍ ഒരു 'ഭക്തന്‍റെ' മനസോടെ അവരെ കണ്ടു അത് എന്‍റെ തെറ്റ് ... എന്‍റെ വലിയ എമണ്ടന്‍ തെറ്റ് .
      തുളസി 'തമ്പ്രാക്കളായി കണ്ടിരുന്ന കുറച്ചു ആള്‍ക്കാര്‍' എന്ന് പറഞ്ഞപ്പോള്‍ ഈ ഭക്തന്‍ ആരാധിക്കുന്ന കുറച്ച് ബ്ലോഗ്ഗര്‍മാരുടെ പേര് പറഞ്ഞു അതെന്‍റെ തെറ്റ്
      നിര്‍ത്തട്ടെ
      കുഴപ്പംപിടിച്ച ഒരു വായനക്കാരന്‍ (വായനക്കാരനല്ല വായനക്കാണ് കുഴപ്പം ല്ലേ !!!)
      സിനിമയില്‍ പറഞ്ഞ പോലെ "വേണ്ട വേണ്ട കാലൊന്നും തല്ലി ഓടിക്കണ്ട ... എല്ലാം പറഞ്ഞ് കൊമ്പ്ലിമെന്റാക്കി ......."
      :)

      Delete
    3. ഹഹ ഹഹ അതുകലക്കി അമൃത്‌.

      Delete
  3. ഈ പട്ടികയില്‍ നമ്മള്‍ തമ്പ്രാക്കളായി കണ്ടിരുന്ന കുറച്ചു ആള്‍ക്കാരും ഉണ്ടായിരുന്നു.ആര്‍ക്കും ശതമാനമില്ല.ഒക്കെ കീറച്ചാക്കുമായി ആക്രിപെറുക്കാന്‍ നടക്കുന്ന നമ്മുടെ കൂട്ടത്തില്‍ തന്നെ. അപ്പൊ... അണ്ണാ ഒരു സംശയം ചോദിച്ചോട്ടെ.... ഒരേതരം കച്ചോടവുമായി മാര്‍ക്കറ്റില്‍ വിലസുമ്പോള്‍ അതില്‍ കൂടുതല്‍ സെയിലുള്ളത് ആര്‍ക്കാണെന്ന് ഏതു തുക്കിടിയ്ക്കും അറിയാം.അണ്ണനും അതറിയാം... ഒള്ളതാണെ.. എന്നിട്ടും കേരളത്തിലെ നമ്പര്‍വണ്‍ കച്ചവടക്കാര്‍ക്കൊന്നും ശതമാനം കിട്ടാഞ്ഞത് എന്തുകൊണ്ടാപോലും....വോട്ടുശേഖരിച്ച കമ്പ്യുട്ടറില്‍ വല്ല വൈറസ് ബാധയും ഉണ്ടായോ.അതോ നമ്മുടെ ഈ പരിപാടിയ്ക്ക് ആഗോള തലം എന്നൊക്കെ ചുമ്മാ പറയുന്നതാണോ.ഈ ചുറ്റുവട്ടത്തുള്ള കുടുംബക്കാര്‍ മാത്രമാണോ ഇതില്‍ വോട്ടു രേഖപ്പെടുത്തിയത്.അതോ ചാക്കിട്ടു പിടുത്തം കുറഞ്ഞതാണോ കാരണം.ഒരു സ്വയം വിമര്‍ശനം ആവശ്യമാണെന്ന് തോന്നുന്നു.കുത്തരിചോറ് വിളമ്പുന്നതിനിടയില്‍ റേഷനരി വിളമ്പിയാല്‍ കഴിക്കാന്‍ ആളുണ്ടാവില്ല..... അതുവാസ്തവം. എന്നാലും നമ്മളെപ്പോലെയുള്ള വെപ്പുകാര്‍ പോകട്ടെ... സ്ഥിരം സര്‍വാണി സദ്യ വിളമ്പുന്ന തമ്പുരാക്കന്മാരുവരെ ഇങ്ങനെ കിതയ്ക്കുന്നത് കണ്ടപ്പോള്‍ പറഞ്ഞതാ....nyayamaaya samshyam ..amrithugamayukulla marupadi ithil undu.....keep itup

    ReplyDelete
    Replies
    1. ഉവ്വ്... ഉവ്വ്.... അത് വായിച്ചു ..... നന്നായി (തുളസി പറഞ്ഞപോലെ ഒരു ഭക്തനാണല്ലേ )

      സ്ഥിരം സര്‍വാണി സദ്യ വിളമ്പുന്ന തമ്പുരാക്കന്മാര്‍ , നമ്മള്‍ തമ്പ്രാക്കളായി കണ്ടിരുന്ന കുറച്ചു ആള്‍ക്കാര്‍ അങ്ങനെ ചില പ്രയോഗങ്ങള്‍ ആവര്‍ത്തിച്ച്‌ വരുന്നത് കണ്ടപ്പോള്‍ തുളസിക്കും തമ്പ്രാന്‍ അകാമെന്നെ ഞാനും പറഞ്ഞുള്ളൂ ... :)

      അതില്‍ കൂടുതല്‍ ഞാന്‍ എഴുതിയോ ? ഏയ് ഇല്ല .....
      ഒരു തുളസി ഡയലോഗ്
      "എന്‍റെ അഭിപ്രായങ്ങളില്‍ അങ്ങനെ ഒരു കുഴപ്പം എനിക്ക് തോന്നിയില്ല..താങ്കള്‍ വായിച്ചേടുത്ത എന്തെങ്കിലുമൊക്കെ ആയിരിക്കും താങ്കളെ വേദനപ്പിച്ചത്..."

      Delete
    2. ഒരു തമ്മിലടി വേണ്ട എല്ലാം നമുക്ക് ഒതുക്കത്തില്‍ പറഞ്ഞുതീര്‍ക്കാം....എന്താ പോരേ...

      Delete
  4. പാക്കരന്‍January 2, 2013 at 3:11 PM

    കലക്കി തുളസി കലക്കി .പലരും പേടിച്ചിട്ടുപറയാതിരുന്ന കാര്യങ്ങളാണ് താങ്കള്‍ പറഞ്ഞത്...

    ReplyDelete
  5. ദീപസ്തംഭം മഹാശ്ചര്യം

    ReplyDelete
    Replies
    1. ശരിയാണ് അജിത്തെട്ടാ...എല്ലാം അവരവരുടെ ആള്‍ക്കാരെ സുഖിപ്പിക്കാനുള്ള വേലകള്‍ മാത്രം.ഉള്ളത് പറഞ്ഞാല്‍ ബാപ്പ ഉമ്മയെ തല്ലും ,പറഞ്ഞില്ലങ്കിലോ ബാപ്പ പട്ടിയിറച്ചി തിന്നും....

      Delete
  6. This comment has been removed by the author.

    ReplyDelete
  7. ഈ പറഞ്ഞ വോട്ടിങ്ങിലെ തട്ടിപ്പ് തരികിട പരിപാടികളെ കുറിച്ച് വിമര്‍ശിച്ച പലരുടെ ബ്ലോഗുകളിലും ചെന്ന് കൈമള്‍ ചേട്ടന്റെയും ജെയിംസ് ബ്രൈറ്റ് അണ്ണന്റെയും മഹത്വവും ബൂലോകത്തിന്റെ മഹിമയും ആവോളം പാടി പുകഴ്ത്തിയ ഒരു വിവരദോഷിയാണ്‌ ഞാന്‍.സ്വന്തം ബ്ലോഗില്‍ കഴിഞ്ഞ വര്‍ഷം ഒരു തേങ്ങയും ഉണ്ടാക്കാത്ത,ഒരു ചേട്ടനാണ് കിവാര്‍ഡു കിട്ടിയതെന്ന് അറിഞ്ഞു.ഇതിനു മുന്‍പത്തെ വര്‍ഷം കിട്ടിയ വ്യക്തിയെ കുറിച്ച് എനിക്ക് മറുത്തൊരു അഭിപ്രായം ഇല്ല.എന്തായാലും കൂടുതല്‍ എഴുതി വഴിയെ പോക്കുന്നവരുടെ തെറി വാങ്ങിച്ചു കൂട്ടുന്നില്ല.
    താങ്കള്‍ പറഞ്ഞത് പോലെ തങ്ങള്‍ക്കു പണി കൊടുക്കണം എന്ന് തോന്നിയവരെ അവരുടെ അനുവാദം ചോദിക്കാതെ തന്നെ ലിസ്ടിലിട്ടു വോടിംഗ് ശതമാനം കാണിച്ചു മാനം കേടുതിയത്തിനു പിന്നില്‍ ഗൂഡാ ലക്‌ഷ്യം ഉണ്ടെന്നു മനസിലാക്കാം.താങ്കളുടെ പന്തിയില്‍ വന്നു മോരില്‍ ഉപ്പില്ലെന്നും,കരിക്ക് മുലകില്ലെന്നും ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.അത് പക്ഷെ താങ്കള്‍ കട പൂട്ടി പോകണം എന്ന ഉദ്ദേശത്തില്‍ അല്ല,താങ്കളുടെ എഴുത്തിന്റെ ശൈലി ഇഷ്ടപെടുന്നത് കൊണ്ടും,കൂടുതല്‍ നന്നാവുന്നതിനു വേണ്ടിയും ആണ് ചിലപ്പോള്‍ വിമര്‍ശിക്കുന്നത്.പലരുടെയും ബ്ലോഗ്‌ വായിക്കാറുണ്ട്,പക്ഷെ താങ്കളില്‍ നല്ലൊരു ഭാവി കാണുന്നു.ബെര്‍ലിയെയോ വള്ളിക്കുന്നിനെയോ പോലെ ജനപ്രിയ ബ്ലോഗര്‍ ആകുവാനുള്ള കോപ്പ് താങ്കളുടെ കയ്യില്‍ ഉണ്ട്.അത് പക്ഷെ ഇങ്ങിനെ പരസ്യമായി മറ്റുള്ളവരെ വെറുപ്പിച്ചും സ്വയം ശത്രുക്കളെ ഉണ്ടാക്കിയും നശിപ്പിക്കരുത്.താങ്കള്‍ പറഞ്ഞ ഈ തമ്പ്രാക്കന്മാര്‍ പെട്ടന്നൊരു ദിവസം പൊട്ടി മുളച്ചതല്ല.വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത പേരും പെരുമയും ആണ് അവര്‍ക്ക് ഇത്രയും പിന്തുണ ഉണ്ടാക്കുന്നത്.താങ്കളും ഭാവിയില്‍ അങ്ങിനെയൊരു തമ്പ്രാന്‍ ആവും എന്ന് എനിക്ക് ഉറപ്പുണ്ട്.മറ്റുള്ളവരുടെ നേട്ടത്തില്‍ കുശുംബ് പറയാതെ സ്വന്തം കഴിവില്‍ വിശ്വസിച്ചു മുന്നോട്ട്ടു പോവുക.നല്ലത് ചിന്തിക്കുക,നല്ലത് പ്രവര്‍ത്തിക്കുക..നല്ലത് മാത്രമേ വരികയുള്ളൂ..അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ..സുലാമി..

    ReplyDelete
    Replies
    1. അജ്ഞാതന്‍...താങ്കളുടെ അഭിപ്രായം ഞാന്‍ സ്വികരിക്കുന്നു.എഴുതിയ പോസ്റ്റില്‍ ഞാന്‍ എന്നെ തന്നെയാണ് വിലയിരുത്തിയിരിക്കുന്നത്.എന്‍റെ ആകുലതകളും വ്യാകുലതകളുമാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്.ജനപ്രിയന്‍ എന്നാല്‍ ജനങ്ങളെ സുഖിപ്പിക്കുന്നവന്‍ എന്ന അര്‍ത്ഥമില്ല.കണ്ടത് പറയുമ്പോള്‍,അതിന്‍റെ ചരിത്രം പരിശോധിക്കേണ്ട ആവശ്യവുമില്ല.ഞാന്‍ ഒരു പഠനം നടത്തുകയല്ല ചെയ്തത്.കണ്ടത് പറഞ്ഞു അത്രയേയുള്ളൂ..സ്നേഹത്തോടെ ....

      Delete
  8. This comment has been removed by the author.

    ReplyDelete
  9. Santhosh Kumar KochiJanuary 3, 2013 at 3:14 PM

    തുളസിക്ക് ആശംസകള്‍ .ഞാന്‍ താങ്കളുടെ ബ്ലോഗ്‌ സ്ഥിരമായി വായിക്കാറുണ്ട്.എഴുത്തും ആക്ഷേപഹാസ്യശൈലിയും നന്നായിരിക്കുന്നു.ഈ പോസ്റ്റില്‍ താങ്കള്‍ പറഞ്ഞ സംശയങ്ങള്‍ ന്യായമായും ആര്ക്കും തോന്നാവുന്നതാണ്.ബോലോക ബ്ലോഗറില്‍ പല മുന്നി ര ബ്ലോഗര്മാിരും വോട്ട് കിട്ടാതെ അലയുന്നു.ഒന്നുകില്‍ ഇതില്‍ തട്ടിപ്പ് നടന്നിരിക്കുന്നു.അല്ലെങ്കില്‍ ഇതാരും അറിഞ്ഞില്ല.അതുമല്ലങ്കില്‍ ഇതൊരു കുടുംബപരിപാടി മാത്രമായിരുന്നു.പല പ്രമുഖര്‍ക്കിട്ടും കൊടുത്ത ഒരു പണിയായും ഇതിനെ കരുതാം.ഒരുത്തനും ഇതിനെതിരെ പറഞ്ഞു കണ്ടില്ല..താങ്കള്‍ മാത്രമാണ് ഇതിനെക്കുറിച്ച്‌ ബ്ലോഗിലൂടെ എഴുതിയത്...ബ്ലോഗ്‌ ഒരു സ്വതന്ത്രമാധ്യമം ആയിരിക്കണം.അഭിപ്രയങ്ങള്‍ സ്വതന്ത്രമായി പറയുന്ന ഒരിടം.അതില്‍ പുലികള്‍ തമ്പ്രാക്കള്‍ എന്നൊക്കെ പറഞ്ഞാല് എന്താണ് കുഴപ്പമെന്ന് മനസിലാവുന്നില്ല.ഈ പുറം ചൊറിച്ചില്‍ എന്നൊക്കെ പറയുന്നത് ഇത് തന്നെയാണ്.ബ്ലോഗിലും കുറെ ആസ്ഥാന പണ്ഡിതന്മാര്‍ അവരെക്കുറിച്ച് പറയാന്‍ പാടില്ല ..കുറ്റമാണ് അസൂയാണ് എന്നിങ്ങനെ തുടങ്ങും ..ഈ-ലോകത്ത് അങ്ങനെ ഒരു പതിവ്‌ ഇല്ല..അതുകൊണ്ട് അഭിപ്രായങ്ങള്‍ തുറന്നെഴ്ത്തുക...പിന്നെ കമന്റ് ഒരു തടസമേ അല്ല.പല നല്ല ബ്ലോഗര്മ്മാരുടെയും കമന്റ് ബോക്സുകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം മനസിലാവും കമന്റുകള്‍ പലതും പോസ്റ്റുമായി ഒരു ബന്ധവുമില്ലാതതാണ്.പലതും പരസ്യലിങ്കുകള്‍ ആണ്..നല്ല കമന്റുകള്‍ മാത്രമേ പരിഗണിക്കെണ്ടാതുള്ളൂ.. അജിത്തേട്ടനും,അജ്ഞാതനുമൊക്കെ ഇടുന്ന കമന്റുകള്‍ പോസ്റ്റ്‌ വായിച്ചു ഇടുന്നവയാണ്.....പോസ്റ്റ്‌ വായിച്ചോ ഇല്ലയോ എന്ന് കമന്റ് നോക്കിയാല്‍ മനസിലാകും .....തുടര്ന്നും എഴുതുക....

    ReplyDelete
  10. മാഷേ നന്നായി...താങ്കള് പറഞ്ഞതില് ഒരുപാട് കാര്യങ്ങളുണ്ട്.....ദയവായി എന്റെ കഴുത സവാരി എന്ന പോസ്റ്റ് വായിക്കുമല്ലോ...

    ReplyDelete
    Replies
    1. അനു പോസ്റ്റ്‌ വായിച്ചു ...ആശംസകള്‍

      Delete
  11. വിദ്യാധരന്‍ സാറെ..
    കലകക്കീ എഴുത്തു..
    താങ്കള്‍ക്കു നന്നായി എഴുതാന്‍ പറ്റുന്നുണ്ട്. ആളുകളുടെ നല്ല കമെന്റ്സും കിട്ടുന്നുണ്ട്..
    അതൊക്കെ പോരെ.. ഞാനും ഉണ്ടാരുന്നു.. ആ ലിസ്റ്റില്‍..
    പക്ഷെ ഞാന്‍ അതിലേക്കു നൊക്കിയതു പോലുമില്ല..!! എന്താനേന്നു എനിക്കറിയില്ല..!!

    "കര്‍മ്മം ചെയ്യുക എന്ന ഒരുകാര്യത്റ്റില്‍ മാത്രം വിസ്വസിക്കു.." നിങ്ങളെ തേടിയെത്തേണ്ടത്തു..നിങ്ങളെ തേടിത്തന്നെയെത്തും"
    അതാണു ഗീത പറയുന്നതു..

    അതൊക്കെമതി വിദ്യാധരാ..!!!! :)

    ഈ വ്യാകുലചിന്തകള്‍.. എപ്പോഴും പൂത്തു നില്‍ക്കട്ടെ..!! നന്നായി വരട്ടെ.. "നല്ല എഴുത്തുകള്‍ വിരിയട്ടെ"
    ആശംസകള്‍..

    ReplyDelete
    Replies
    1. ഹായ് എലന്തൂര്‍ ....സുഖമല്ലേ.സംഭവത്തില്‍ ഒരു പോസ്റ്റിനുള്ള വക കണ്ടു..അതങ്ങ്‌ എഴുതി അത്ര തന്നെ.രാജീവിന്റെ കവിതകളില്‍ രാജീവിന്റെ മനസ്സ് ആണ് വിരിയുന്നത്.. അല്ലെ.ഇന്നവര്‍ക്ക് സമര്‍പ്പണം എന്നാ രീതിയില്‍ എഴുതാന്‍ പറ്റുമോ.ഇല്ലന്നാണ് എന്‍റെ വിശ്വാസം..എഴുതി കഴിയുമ്പോള്‍ ആണ് അതിനു പല വ്യാഖ്യാനങ്ങള്‍ വരുന്നത്.പലരുടെയും പല വിധത്തിലുള്ള അഭിപ്രായങ്ങള്‍ കണ്ടു അതില്‍ ഒരു വ്യക്തി ഞാനയിരുന്നേല്‍ എങ്ങനെ ഉണ്ടാകും എന്നു ചിന്തിച്ചു എഴുതി അത്രതന്നെ ......

      Delete