**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, June 11, 2013

റിപ്പറുസ്വാമിയുടെ ഡമ്മി പരീക്ഷണം


        

 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

   കാലന്‍റെ  പുതിയ അവതാരം റിപ്പര്‍ ജയാനന്ദന്‍ ജയിലുചാടിയ വിവരം ഞെട്ടലോടെയാണ് കേട്ടത്. ഭഗവാനേ,, പണികിട്ടുമോ ആവോ??.ലെവന് ജയിലുചാടാന്‍ കണ്ട ഒരു സമയം......അതെങ്ങനാ,,, കീ ഹോള്‍സ് അടഞ്ഞ പലരും നാട്ടുകാരെ പെറീപ്പിക്കാന്‍ നടക്കുവല്ലേ.... ഹിന്ദുക്കള്‍ പെറ്റ്പെറ്റ് ജനസംഖ്യ കൂട്ടണമെന്ന് ലോകപ്രശസ്തകേരളിയനായ ഒരുസാംസ്കാരിക ആചാര്യന്‍ പൊതുസമൂഹത്തെ ഉദ്ബോധിപ്പിച്ച ഉടനെതന്നെ; ആളുകളെ യമപുരിക്ക് അയക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന റിപ്പര്‍ ജയാനന്ദന്‍, വീണ്ടും ഫീല്‍ഡിലെക്ക് ഇറങ്ങിയത്‌ വിധിവൈപരീത്യം മാത്രം.’എവെരി ആക്ഷന്‍ ഹാവ് ആന്‍ ഓപ്പോസിറ്റ് റീആക്ഷന്‍....’ എന്ന ഒന്നാം പ്രമാണംതന്നെ കാരണം.ജനസംഖ്യ ബാലന്‍സിങ്ങ്..... റിപ്പറിനെ ക്യച്ചാന്‍ കേരളം മുഴുവന്‍ റെഡ് അലര്‍ട്ടായതുകൊണ്ട്   തല്ക്കാലം ഡെങ്കികൊതുകുകള്‍ അറ്റാക്ക് നിറുത്തി പിന്മാറിയിരിക്കുന്നതായാണ് വിവരം.

  നാലുംമൂന്നും ഏഴു കൊലപാതകകേസുകളിലും ഈരേഴു പതിനാലു കവര്‍ച്ചാ കേസുകളിലും പ്രതിയാണ് നമ്മുടെ ഈ റിപ്പര്‍...വേള്‍ഡ് റിപ്പര്‍ ശരാശരിയുമായി വച്ച് നോക്കുമ്പോള്‍ ഇതൊരു കുറഞ്ഞ കണക്കാണ്.1888-ല്‍ ഒരു ബ്രിട്ടീഷ്‌കാരനാണ് ഈ റിപ്പര്‍പരിപാടിക്ക് തുടക്കം കുറിച്ചത്.പിന്നിടത് പലരും ഏറ്റെടുത്ത് നടത്തിപ്പോരുന്നു. കേരളത്തില്‍ ജയാനന്ദനാണ് ഇപ്പോഴത്തെ പ്രഖ്യാപിത നടത്തിപ്പുകാരന്‍. ഇടയ്ക്കിടെ പോലിസ് ഇടപെടുന്നതിനാല്‍ ആശാന്‍ കുറെയായി അഴിക്കുള്ളിലായിരുന്നു.. അതായിരുന്നു എണ്ണത്തില്‍ ഒരു കുറവ്. സാരമില്ല,  ഇക്കുറി ആര്‍ക്കൊക്കെ നറുക്ക് വീഴുമോ ആവോ..??. ഏതായാലും നമ്മുടെ അധികാരികള്‍ ടിയാന് വേണ്ടവിധം കഴിയാനുള്ള എല്ലാ സൌകര്യങ്ങളും കൊടുക്കുന്നുണ്ട്.......

   അനേകം റിപ്പര്‍മാരില്‍, നിലവില്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്ന  അപൂര്‍വ ജനുസ്സാണ് ഇപ്പോള്‍ ജയില്‍ ചാടിയിരിക്കുന്നത്..............വംശനാശം വന്നു ഭൂമുഖത്തുനിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ ജനുസ്സിനെ കണ്ണൂര്‍, വിയ്യൂര്‍ അവസാനം പൂജപ്പുര തുടങ്ങിയ ജയിലാലയങ്ങളിലെ പ്രത്യേകം തയ്യാറാക്കിയ അന്തരീക്ഷത്തില്‍  അതിവ സുരക്ഷയോടെ കാത്തു സൂക്ഷിക്കുകയായിരുന്നുവെന്നാണ് ജയിലധികൃതര്‍ പറയുന്നത്. എന്നിട്ടും  റിപ്പര്‍ ചാടി. അതാണ്‌,,,, അതാണ്,,, മിടുക്ക്. പ്രത്യേക സുരക്ഷാസെല്ല് ,നിരീക്ഷണക്യാമറകള്‍,ഇരുപത്തിനാല് മണിക്കൂറും കാവല്‍, പതിനഞ്ചടി പൊക്കത്തില്‍ ചുറ്റുമതില്‍,അതിനു മുകളില്‍ മുള്ളുവേലി................ മാങ്ങാതൊലി, തേങ്ങാക്കൊല.തുടങ്ങിയ .എല്ലാത്തിനെയും തോല്‍പ്പിച്ചു കൊണ്ട് റിപ്പരും കൂട്ടുകാരനും മതിലു ചാടി!!!!. അഭിനന്ദിക്കേണ്ടേ....

  അപൂര്‍വ ഇനമായതിനാല്‍ ഇതിനെ തപ്പിയെടുത്തു കൂട്ടില്‍ കയറ്റുന്നതുവരെ പോലീസുകാര്‍ക്ക് കിടക്കപ്പോറുതി ഉണ്ടാവില്ല. ഇതിനിടയില്‍ സമയംകഴിഞ്ഞ എത്രയെണ്ണത്തിനെ ലെവന്‍ കാലപുരിക്ക് അയക്കുമോ ആവോ. ബണ്ടിച്ചോറു പറഞ്ഞപോലെ; താന്‍ കാലന്‍റെ അവതരമാണ്, അതുകൊണ്ട് ജീവന്‍ എടുക്കല്‍ തന്‍റെ ഡ്യുട്ടിയാണ് തുടങ്ങിയ,, ലാ പോയിന്റുകള്‍, ടിയാന്‍ കോടതിയില്‍ നിരത്തുമോയെന്നാണ് എന്‍റെ പേടി.. ടിയാന്‍ കാലന്‍റെ അവതാരമാണെന്നു സ്ഥാപിച്ചുകഴിഞ്ഞാല്‍ എങ്ങനെ ശിക്ഷിക്കാന്‍ പറ്റും?? ഇന്ത്യന്‍ നിയമത്തില്‍ കാലനെ ശിക്ഷിക്കാന്‍ വകുപ്പില്ലായെന്നാണറിവ്. ആകെയുള്ള ഏഴു കൊലയില്‍; നാലിലും രക്ഷപെട്ടു. ഇനി ബാക്കിയുള്ള മൂന്നിലും സ്ഥിതി പഴയതുതന്നെ ആകാനാണ് സാദ്ധ്യത. പിന്നെ പതിനാല് കവര്‍ച്ചക്കേസുകള്‍; രൂപയുടെ മൂല്യശോഷണവും ഡോളറുമായുള്ള വിനമയ നിരക്കും എല്ലാംകൂടി നോക്കുമ്പോള്‍ കവര്‍ച്ചാനഷ്ടം ചില്ലറ ലക്ഷങ്ങളെ വരാന്‍ സാധ്യതയുള്ളൂ; അതും തള്ളും....

 ജയിലിലെ ചപ്പാത്തി ഉരുട്ടും, ഇഡലി പുഴുങ്ങലും, ദോശ ചുടീലും, സാമ്പാര്‍ ഉണ്ടാക്കലും എല്ലാം കണ്ടപ്പോള്‍ത്തന്നെ ഒരു ശനിയുടെ അപഹാരം മണത്തിരുന്നു; അതും പൂര്‍ത്തിയായി. മമ്മൂട്ടി സിബിഐ മുതല്‍ ഒര്‍ജിനല്‍ ബ്യുറോ ഓഫ് ഇന്‍വെസ്റ്റ്‌ഗേഷന്‍ വരെ കുറ്റവാളികളെ പിടിക്കാനാണ് ഡമ്മി പരീക്ഷണം നടത്തിയത്, ഇതിപ്പോ ഡമ്മി പരീക്ഷിച്ച് കുറ്റവാളിതന്നെ രക്ഷപെട്ടു. അതും ചരിത്രം. തലയണയും തുണിയും ഉപയോഗിച്ച് തയ്യാറാക്കിയ ഡമ്മികളാണ് ദയാനന്ദന്‍ രക്ഷപെടാന്‍ ഉപയോഗിച്ചത്. സുരക്ഷാഉദ്യോഗസ്ഥരേ പറ്റിക്കാന്‍ തലയണ ഡമ്മികള്‍ തന്നെ ധാരാളമാണെന്ന അമൂല്യമായ തിരിച്ചറിവും നമുക്ക് കിട്ടി. ഇതാണ് നമ്മുടെ സുരക്ഷ.... കണ്ടല്ലോ...ഇതിനാണ് ഡമ്മികൊണ്ടൊരുപണി എന്നുപറയുന്നത്.

    ഏഴു കൊലപാതകകേസിലെ പ്രതി, എന്നു പറയാനേപാടില്ല, മാന നഷ്ടത്തിന് കേസുകൊടുത്താല്‍ കുടുങ്ങിയതുതന്നെ. കാരണം ഏഴുപേരെ കൊന്നതില്‍, നാലുപേരെ കൊന്നില്ലായെന്നു കണ്ടെത്തി വെറുതെവിട്ടു.ഇനി മൂന്നുപേരെ കൊന്നില്ലായെന്നു കണ്ടെത്താനുണ്ട്. പതിനാല് കവര്‍ച്ചാ കേസുകള്‍ അതില്‍ ഈ റിപ്പര്;  പ്രതി, ആണോ പെണ്ണോ എന്നറിയാതെ ബുദ്ധിമുട്ടുന്നു. അങ്ങനെ എല്ലാംകൂടി അലമ്പായി ഒടുവില്‍ നീ എവിടെയെങ്കിലും പോയി തുലഞ്ഞോ എന്നു പറഞ്ഞുകൊണ്ട് ടിയാനെ വെറുതെവിടുന്ന സുന്ദരദിവസം വരാനിരുന്നപ്പോഴാണ്, അണ്ണന്‍ ജയിലു ചാടിയത്‌. ശുദ്ധവങ്കത്തം എന്നെ ഇതിനെ പറയാന്‍കഴിയൂ.കുറച്ചു നാളുകൂടി പിടിച്ചു നിന്നിരുന്നേല്‍ എല്ലാ കേസിലും വെറുതെ വിട്ടേനെ...

 ആദ്യ ചാട്ടത്തില്‍ ഊട്ടിയില്‍ വച്ചാണ് പിടിയിലായത്. അതുവച്ച് നോക്കുമ്പോള്‍ ഊട്ടിയിലെ ഫ്ലവര്‍ ഷോ കഴിഞ്ഞെങ്കിലും സീസണ്‍ കഴിഞ്ഞിട്ടില്ല ..ആ സ്ഥിതിയ്ക്ക് തടാകകരയിലോ ഗാര്‍ഡനിലോ അല്ലേല്‍ ടൌണിലോ ഇഷ്ടന്‍ അടുത്ത ഇരയെത്തപ്പി നടക്കുന്നുണ്ടാകും..ഒന്നുതപ്പി നോക്കിയാല്‍ അപ്പിയെ കിട്ടാന്‍ സാദ്ധ്യതയുണ്ട്.....റെഡ് അലര്‍ട്ട് ഊട്ടിവരെ നീട്ടിയാല്‍ ചിലപ്പോള്‍ മീന്‍ വലയില്‍ കുടുങ്ങിയേക്കും..

  എങ്ങനേയും ഈ ‘റിപ്പറു മുത്തിനെ’ തപ്പിയെടുത്തു കൂട്ടിലാക്കണം. കാരണം അടുത്തയാഴ്ച്ച ജയിലുകാണാന്‍ കുട്ടികള്‍ക്കൊരു യാത്രയുണ്ട്.റിപ്പറിനെ കാണിക്കാമെന്നു പറഞ്ഞുകൊണ്ടാണ്, ഒരുവണ്ടിക്കു കുട്ടികളെ കിട്ടിയത്. നൂറിനു ഇരുനൂറു എന്നകണക്കില്‍ തുക വസൂലാക്കുകയും ചെയ്തു. ഇനിയിപ്പോ റിപ്പറില്ല; പകരം റിപ്പര് കിടന്ന കൂട് കാണിക്കാം എന്നു പറഞ്ഞാല്‍ പണം തന്ന രക്ഷിതാക്കള്‍ സാറുമ്മാരെ പിടിച്ചു പഞ്ഞിക്കിടും.. അതിനു മുന്പ് എന്‍റെ റിപ്പറുസാമിയെ അങ്ങോന്നു പിടികൊടുക്കണേ,,,,,,,, അപേക്ഷയാണ്, ഉപേക്ഷിക്കരുത്. വേണമെങ്കില്‍ പത്രത്തില്‍ കണ്ട ഫോട്ടോയ്ക്ക് കീഴെ നാലുമെഴികുതിരി കത്തിച്ചേക്കാമേ...........

 ഏഴു കൊലപാതകങ്ങള്‍, പതിനാലു കവര്‍ച്ചകള്‍ ,തികഞ്ഞ ഒരു കുറ്റവാളി ഒരു മനംമാറ്റം വിദൂരം. അങ്ങനെയുള്ള ഒരാളെ ഇങ്ങനെ തീറ്റിപ്പോറ്റുന്നതില്‍ എന്തു സാമൂഹ്യമേന്മയാണുള്ളത്...ഉറങ്ങിക്കിടന്നവരേയും,നിസ്സഹായരായ സ്ത്രീകളെയും ഒരു ദയയുംകൂടാതെ മാരകായുധങ്ങള്‍ കൊണ്ട് തലയ്ക്കടിച്ചു കൊന്നവന്‍.... ഒരു കുറ്റബോധവുമില്ലാതെ കൊലപാതകങ്ങള്‍ പരമ്പരകളായി ചെയ്യുന്നവന്‍.....ജനങ്ങളുടെ ജീവനും സ്വത്തും കവര്ച്ചയ്ക്ക് ഇരയാക്കുന്നവന്‍ .. ഇയാളെ ചെല്ലുംചിലവും കൊടുത്തു പോറ്റുന്നത് ആര്‍ക്കു വേണ്ടിയാണ് എന്തിനു വേണ്ടിയാണ്...ഇത്തവണത്തെ ചാട്ടത്തില്‍ മറ്റൊരു നിരപരാധി കൊല്ലപ്പെട്ടാല്‍ ആ കൊലയ്ക്ക് ആരാണ് ഉത്തരവാദി??; കൊലനടത്തുന്ന റിപ്പറോ; അതോ കൊലനടത്താന്‍ പ്രതിയ്ക്ക് ആയുസ്സ് നീട്ടിക്കൊടുക്കുന്ന നിയമമോ??

8 comments:

  1. വിജയ്‌June 11, 2013 at 7:28 AM

    എന്‍റെ റിപ്പര് സാമിയെ അടിയനെ വെറുതെ വിടണേ....

    ReplyDelete
  2. സൂര്യന്‍June 11, 2013 at 7:34 AM

    റിപ്പരണ്ണന്‍ കീ ജയ്‌ .

    ReplyDelete
  3. ഡമ്മി ഉണ്ടാക്കി വെച്ച് പറ്റിച്ചു രക്ഷപെട്ട റിപ്പർ ആള് കൊള്ളാല്ലോ

    ReplyDelete
  4. വിനായകന്‍June 11, 2013 at 11:12 AM

    ഇത്തരം കൊലപാതകികളെ പോറ്റിവളര്‍ത്തുന്ന രീതി മറ്റെണ്ടിയിരിക്കുന്നു.കൊലയാളിക്ക് വീണ്ടും വീണ്ടും കൊല ചെയ്യാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുമ്പോള്‍ കൊല്ലപ്പെടുന്ന നിരപരാധികളുടെ ജീവന് ആര് സമാധാനം പറയും

    ReplyDelete
  5. ഒരു കൊലപാതകിയെ പോറ്റി വളര്‍ത്തുമ്പോള്‍ ഇരകളേയും ഇരയാകാന്‍ പോകുന്നവരെയും രാജ്യവും അതിലെ നിയമസംഹിതകളും വഞ്ചിക്കുകയാണ് ചെയ്യുന്നത്.

    ReplyDelete
  6. ഒരിടത്ത് സുരക്ഷാപ്രസ്നം ഉണ്ടെന്ന് പറഞ്ഞ് കൊടികെട്ടിയ ജയിലിലേയ്ക്ക് കൊണ്ടുവന്നിട്ട് ഇതിപ്പോ ഇങ്ങനെയായി.

    നമ്മുടെ നിയമവും നീതിന്യായവകുപ്പും എത്ര സുന്ദരം

    ReplyDelete
  7. ജയില്‍ മുഴുവന്‍ ഇനി ഡമ്മികളെക്കൊണ്ടു നിറയുമോ..?

    ReplyDelete
  8. ഒരു തെറ്റ് ആർക്കും എപ്പോഴും എങ്ങനെയും പറ്റാം,പക്ഷെ സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളുടെ പരമ്പര തന്നെ നടത്തിയ ഒരാൾ മാനസാന്തരം വന്നു നല്ലവൻ ആകുമെന്ന് ഒരു പ്രതീക്ഷയും വേണ്ട ആയതിനാൽ ഇങ്ങനെയുള്ള കൊടുംകുറ്റവാളികളെ എന്തിനു 'തീറ്റി പോറ്റുന്നു'?വധശിക്ഷ നടപ്പാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    ReplyDelete