**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, March 2, 2017

മിസ്റ്റര്‍ ഡോണാള്‍ട് ട്രമ്പ്‌ നിങ്ങള്‍ ഇന്‍ഡ്യയെ കണ്ടുപഠിക്കണം


   

  
 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
 നാട്ടിലെ പീഡനകഥകളൊക്കെ വായിച്ചു പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഫോണ്‍വന്നത്.. നാളെ ബീവറേജിനു അവധിയാണ് കുപ്പി വേണേല്‍ വാങ്ങിവെച്ചോളണമെന്നുള്ള അറിയിപ്പായിരിക്കുമെന്നാണ് കരുതിയത്‌.. എടുത്തപ്പോള്‍ അതൊന്നുമല്ല;  സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ട് ട്രംപാണ് വിളിക്കുന്നത്‌.. അമേരിക്കയിലേക്ക് ചെല്ലാനാണ് ക്ഷണം. ക്ഷണംമാത്രമല്ല ടിക്കറ്റും ,വിസയും വഴിച്ചിലവിനായി പതിനായിരം ഡോളറും കൂടി അയച്ചിരിക്കുന്നുവെന്നാണ് പഹയന്‍ പറയുന്നത്. പണ്ട് പാരല്‍കോളേജില്‍ ഞങ്ങളോന്നിച്ചാണ് പഠിച്ചത് . ബി എ രാഷ്ട്രീയം പാസായശേഷം അങ്ങേര് അമേരിക്കയിലേക്ക് പോയി രാഷ്ട്രിയം കളിച്ച് അവിടെത്തന്നെ സ്ഥിരതാമസമാക്കി.. ഞാന്‍ അതേ പാരല്‍കോളേജില്‍ പ്രഫസര്‍ കം പ്രിന്‍സിപ്പളായി ജോയിന്‍ ചെയ്യുകയും ചെയ്തു.. കുറെനാളായി ആങ്ങേരു വിളിക്കുന്നു. ഇത്തവണ പോകാമെന്ന് കരുതി രണ്ടുജോഡി പാന്റ്സും ഷര്‍ട്ടും ഒരുഷൂസും വാങ്ങി തേച്ചുമടക്കി പെട്ടിയില്‍ വച്ചതുമാണ് ,, അപ്പോഴാണ്‌ അവിടെ നടക്കുന്ന ചില പുതിയ പരിഷ്ക്കാരങ്ങളുടെ  കാര്യം അറിഞ്ഞത്. അനധികൃതമായി താമസിക്കുന്നവരെ പുറത്താക്കും,  അതിര്‍ത്തിയില്‍ മതില്‍കെട്ടും, സ്വവര്‍ഗ്ഗഭോഗികളെ ചികല്‍സിക്കും,  ഗര്‍ഭചിദ്രം  അവസാനിപ്പിക്കും,  തൊഴിലില്ലായ്മ കുറയ്ക്കാന്‍ വിദേശതൊഴിലാളികളെ നിയന്ത്രിക്കും തുടങ്ങിയ അറുവഷളന്‍  പിന്തിരിപ്പന്‍ ആശയങ്ങള്‍ അങ്ങേര് നടപ്പാക്കുമെന്ന് പറയുന്നു .. എന്തൊരു കഷ്ടം.. നമ്മളൊക്കെ പണ്ടേ തള്ളിക്കളഞ്ഞ പരിപാടികള്‍ അങ്ങേര് തിരിച്ചുകൊണ്ടുവരുന്നുവത്രേ..!!! ഇതൊന്നും ശരിയായ നടപടിയേയല്ല... അപ്പോഴേ ട്രമ്പിനെ ഫോണില്‍ വിളിച്ച് ഞാന്‍ വരുന്നില്ലായെന്നു തീര്‍ത്തുപറഞ്ഞതാണ്‌; പക്ഷെ അങ്ങേര് കാലുപിടിച്ചു. അതൊക്കെ ആളുകള്‍ വെറുതെപറയുന്നതാണ് പോലും. രാജ്യത്തിന്‌ ഗുണമല്ലാത്ത ഒന്നും താന്‍ ചെയ്യുന്നില്ലായെന്നാണ് അങ്ങേര് പറഞ്ഞത്. മാത്രമല്ല; അങ്ങേര് ചെയ്യുന്ന എല്ലാകാര്യങ്ങളും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് പോലും ..ഈ വാഗ്ദാനങ്ങള്‍ ഇഷ്ടപ്പെട്ടത് കൊണ്ടല്ലേ അമേരിക്കക്കാര്‍ തന്നെ ജയിപ്പിച്ചതെന്ന് ചോദിക്കുകയും ചെയ്തു. ഞാന്‍ പറഞ്ഞു; വാഗ്ദാനമൊക്കെ കൊടുക്കാം; പക്ഷെ അതൊന്നും ഒരിക്കലും നടപ്പിലാക്കരുത്,, അതാണ്‌ ഞങ്ങളുടെ നാട്ടിലെരീതി . ഇനിയങ്ങനെയുള്ള  വാഗ്ദാനങ്ങളൊന്നും നിറവേറ്റുകയില്ലായെന്നു  ഉറപ്പുതന്നതുകൊണ്ടാണ് ചെല്ലാമെന്നു സമ്മതിച്ചത്.. ദേ, ഇപ്പൊ കേള്‍ക്കുന്നു ട്രമ്പിന്‍റെ ഉപദേശക കറുത്ത വര്ഗ്ഗക്കാരോട് മോശമായി പെരുമാറിയെന്ന്.  ട്രമ്പിനെ കാണാന്‍ വന്ന കറുത്തവര്‍ഗ്ഗക്കാരുടെ ഫോട്ടോ; ട്രംപിന്‍റെ ഉപദേശക, സോഫയില്‍ മുട്ടുകുത്തിനിന്നു എടുത്തുപോലും ..ശോ എന്തൊരു കഷ്ടം; അങ്ങനെ ചെയ്യാന്‍ പാടുണ്ടോ..അവര്‍ക്ക് നേരെനിന്നു എടുക്കരുതോ.? ലോകം മുഴുവന്‍ പ്രതിഷേധം ആളിക്കത്തുകയാണ് പോലും. അതിന്‍റെ പുകകാരണം വൈറ്റ് ഹൌസ് ഇപ്പോള്‍ ബ്ലാക്ക് ഹൌസായെന്നും കേള്‍ക്കുന്നു.. ഏതായാലും വാര്‍ത്ത‍ അറിഞ്ഞപാടെ ട്രമ്പിനെ വിളിച്ചു നാലെണ്ണം പറഞ്ഞൂ.. അയച്ചുതന്ന ടിക്കറ്റും വിസയും വലിച്ചുകീറി അടുപ്പിലിട്ടു; ഡോളര്‍ അപ്പോത്തന്നെ രൂപയാക്കിമാറ്റി പലചരക്കുകടയിലെ പറ്റും തീര്‍ത്തു.
  ഈ അമേരിക്കയിലെ സ്ഥിതി വല്ലാതെ മോശമായിരിക്കുകയാണ് കേട്ടോ.. ഇതങ്ങനെ വിട്ടാല്‍ പറ്റില്ല.  ഇതിനെതിരെ ഇവിടെ ഹര്‍ത്താലും ബന്ദും നടത്തി പ്രതിഷേധിക്കണമെന്നാണ് എന്‍റെ അഭിപ്രായം. ഒരാഴ്ച്ച കേരളബന്ദും, ഒരാഴ്ച്ച ഭരതബന്ദും നടത്തണം; രാജ്യം സ്തംഭിക്കണം. അതിന്‍റെ ഫോട്ടോ ട്രംപിനു അയച്ചുകൊടുക്കണം ;അമേരിക്കയെ അങ്ങനെ ഒരു പാഠം പഠിപ്പിക്കണം.. അല്ലപിന്നെ... ബ്ലഡിഫൂള്‍സ്
  
  കറുത്തവര്‍ഗ്ഗക്കാരെ അപമാനിച്ചിരിക്കുന്നു; എന്തായിത് വെള്ളരിക്കാപ്പട്ടണമൊ..നമ്മുടെ മാധ്യമങ്ങള്‍ ഈ വാര്‍ത്ത‍ ഏറ്റെടുത്തത് നന്നായി.... ഇവിടെ അങ്ങനെ വല്ലതും ഉണ്ടോ..? ഇല്ലേയില്ല... ഈ സായ്പുമാര്‍ ഇന്ത്യയെ കണ്ടുപഠിക്കട്ടെ.. ഇവിടെ അങ്ങനെ വല്ല വിവേചനവും ഉണ്ടോ? ഇവിടെ ആരെങ്കിലും അവഹേളനം നേരിടുന്നുണ്ടോ?..ഇവിടെ എല്ലാ മതക്കാരും ഒരേപായില്‍ ഉണ്ടും ഉറങ്ങിയുമാണ് കഴിയുന്നത്‌. ബ്രാഹ്മണനും ദളിതനും ഒരേ പാത്രത്തിലല്ലേ കഞ്ഞികുടിക്കുന്നത്.. കറുത്തവന്‍ വെളുത്ത പെണ്ണിനെ കെട്ടുന്നു; വെളുത്തവന്‍ കരിക്കട്ടപോലത്തെ പെണ്ണിനെകെട്ടുന്നു... മേല്‍ജാതിക്കാരനും ദളിതനും തമ്മില്‍ വിവാഹങ്ങള്‍ നടക്കുന്നു.. മിശ്രവിവാഹങ്ങള്‍ ഇഷ്ടംപോലെ നടക്കുന്നു.... ശേഷം കളരിപ്പയറ്റ് വടിപ്പയറ്റ് തുടങ്ങിയ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു എല്ലാവരും സദ്യയുണ്ട് പിരിയുന്നു..   ട്രമ്പ്‌ ഇതൊക്കെ കണ്ടുപഠിക്കണം. പീഡനത്തില്‍വരെ നമ്മള്‍ ഒറ്റക്കെട്ടാണ്. വിവേചനമേയില്ല..   ഏതെങ്കിലും പൂജാരി പീഡനക്കേസില്‍പ്പെട്ടുവെന്ന വാര്‍ത്ത‍വന്നാല്‍ അടുത്തദിവസം ഉസ്താദ് പീഡിപ്പിക്കും. അതറിയേണ്ട താമസം വികാരി പീഡിപ്പിക്കും.. എല്ലാത്തിലും എന്തൊരു ഒരുമയാണ് .. ട്രമ്പ്‌ ഇതൊക്കെ അറിയുന്നുണ്ടോ..

 അനധികൃത കുടിയേറ്റമെന്ന പരിപാടിയെ നമ്മള്‍ ഒരിക്കലും എതിര്‍ക്കാറില്ല  പാക്കിസ്ഥാനില്‍നിന്നും  ബംഗ്ലാദേശില്‍നിന്നും വരുന്നവരെയൊക്കെ രണ്ടുകയ്യും നീട്ടിയാണ് നമ്മള്‍ സ്വീകരിക്കുന്നത്.. ചിലരോടൊക്കെ പാക്കിസ്ഥാനിലേക്ക് പൊയ്ക്കോളാനും  പറയും.. എല്ലാം വെറും സാഹോദര്യത്തിന്‍റെ പേരിലാണ്..

  പിന്നെ അതിര്‍ത്തിയില്‍ വേലിയുടെ കാര്യം .അങ്ങനെ ഒരു പരിപാടിയെ നമുക്കില്ല. ആര്‍ക്കുവേണമെങ്കിലും എപ്പോ വേണേലും വരാം പോവാം ഒരു പരാതിയുമില്ല. അങ്ങനെ വന്നവര്‍ ചിലപ്പോ ഇവിടം കലക്കി കുറെ നിരപരാധികളെ യമപുരിക്കയച്ച്  സ്ഥലംവിടും... തുടര്‍ന്ന്‍ സ്ഥലംവിട്ടവരെ    വിട്ടുതരണം വിട്ടുതരണം എന്ന് നമ്മള്‍ ചുമ്മാ പറഞ്ഞുകൊണ്ടിരിക്കും ആരും മൈന്‍ഡ് ചെയ്യാറില്ലായെന്നുള്ളത്  വേറെകാര്യം.
  
  ഇവിടെയുള്ളതിനൊന്നും കഞ്ഞിക്ക് വകയില്ലാത്തതിനാല്‍ എങ്ങനേയും ഒരു പാസ്പ്പോര്‍ട്ടും സംഘടിപ്പിച്ച്  ഏജന്റിനു  ലക്ഷങ്ങള്‍ കൊടുത്ത് വിദേശതൊഴില്‍ തെണ്ടുന്നതിനാല്‍ വിദേശതൊഴിലാളികള്‍ എന്നൊരു വിഭാഗമേ ഇവിടില്ല . ഉള്ളത് അല്പം നേപ്പാളിയും ബംഗ്ലായും മാത്രമാണ്. അവിടെ കഞ്ഞികുടി ഇതിനേക്കാള്‍ ദയനിയാമായതുകൊണ്ട് സംഭവിച്ചതാണ്..

  അപ്പൊ പറഞ്ഞുവന്നത് കുടിയേറ്റമായാലും, പീഡനമായാലും, മതിലാ യാലും, വര്‍ണ്ണവിവേചനമായാലും അമേരിക്കയിലെ സ്ഥിതി ഇന്ത്യയിലെക്കാള്‍ പരമദയനീയമാണ്... ആ  സ്ഥിതിക്ക്‌ നമ്മളെന്തിനു അങ്ങോട്ട്‌ പോകണം ..ഫുള്‍ വിവേചനമാണവിടെ ..ട്രംപിന്‍റെ കൊട്ടാരത്തില്‍ത്തന്നെ  വിവേചനമാണെങ്കില്‍ പുറത്തെകാര്യം പറയാനുണ്ടോ.   നമ്മളീ കാര്യങ്ങളിലൊക്കെ വളരെ ഡീസന്റായതിനാല്‍   നമ്മുടെ മാധ്യമങ്ങളൊക്കെ ആവുംവിധം ട്രമ്പിനെ തിരുത്താന്‍ ശ്രമിക്കുന്നുണ്ടെന്നുള്ളതാണ് ഏക ആശ്വാസം.. നല്ല കാര്യമാണത് ..

  കഴിയുമെങ്കില്‍  എല്ലാ ദിവസവും അമേരിക്കയിലെ വിവേചനത്തെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കണം. പറ്റുമെങ്കില്‍ ഒബാമയെയോ ഹിലാരിയെയോ ചര്‍ച്ചയ്ക്ക് വിളിക്കണം. അങ്ങനെ ചര്‍ച്ചിച്ച് ട്രമ്പിനെ നാറ്റിക്കണം... ട്രമ്പിന്‍റെ പല്ലിളിച്ചു നില്‍ക്കുന്ന ഫോട്ടോവല്ലതുമുണ്ടെങ്കില്‍ അതുതന്നെ കൊടുക്കണം മുന്‍പേജില്‍;  ഇല്ലേല്‍ ഫോട്ടോഷോപ്പ് ചെയ്ത് നാറ്റിക്കണം.. നമുക്കിവിടെ പറയാന്‍ പീഡനമല്ലാതെ പ്രത്യേകിച്ച് വാര്‍ത്തകളൊന്നും ഇല്ലാത്തസ്ഥിതിക്ക് അമേരിക്കയുടെ അടുക്കളക്കാര്യംത്തന്നെ ചര്‍ച്ചചെയ്യാം.. ചര്‍ച്ചയുടെ ആകെ തുക ട്രമ്പിനു അയച്ചു കൊടുക്കണം; ചിലപ്പോ അങ്ങേര് പേടിച്ചു വിറച്ച് രാജിവെയ്ക്കാന്‍  സാധ്യതയുണ്ട്..

 ട്രമ്പും, ഉപദേശകയുമൊക്കെ ഇന്ത്യയെ കണ്ടുപഠിക്കണം.. ഇവിടെയുമുണ്ട് പ്രസിഡന്റും പ്രധാനമന്ത്രിയുമൊക്കെ. ഇവിടാര്‍ക്കും അവരെക്കുറിച്ച് ഒരു പരാതിയുമില്ല.. ഒന്നാമതായി ഇവരെ കണ്ടുകിട്ടല്‍ അസാദ്ധ്യമായ കാര്യമാണ്.. ഒരാളെപ്പോഴും ഭ്രമണപഥത്തിലായിരിക്കും; ഊണും ഉറക്കവുമെല്ലാം  വിമാനത്തിലോ അല്ലെങ്കില്‍ ഏതെങ്കിലും വിദേശ രാജ്യത്തോ ആയിരിക്കും.. ഇനിയിപ്പോ അബദ്ധത്തിലെങ്ങാനും  കണ്ടുകിട്ടിയാല്‍; ഫോട്ടോ, ക്യാമറ, സെല്‍ഫി എന്നൊക്കെ ചുമ്മാപറഞ്ഞാല്‍ മതി;  ഉറക്കത്തിലാണേലും അപ്പോഴേ ആള് റെഡി.. . മറ്റൊരാള്‍ ഉണ്ടെന്നുതന്നെ  അറിയുന്നത്. മിക്കപ്പോഴും റിപ്പബ്ലിക്ക്ക് ദിനത്തിലോ സ്വാന്തത്ര്യദിനത്തിലോ പതാക ഉയര്‍ത്തുമ്പോഴാണ്..  ഇനിയിപ്പോ ഇവരെയെങ്ങാനും കാണാന്‍ ചെന്നാലോ; കയറിച്ചെന്നാല്‍ അപ്പോഴേ വെഞ്ചാമരം വീശും, തുടര്‍ന്ന്‍ സ്വര്‍ണ്ണത്തളികയില്‍ ജ്യൂസും പഴങ്ങളും വരും അതുകഴിഞ്ഞ്  വിഭവസമൃദ്ധമായ ഭോജനം; നാടന്‍, വിദേശി, ഓര്‍ഗാനിക്  ഏതുതരവും റെഡി .. തുടര്‍ന്ന്‍ അല്പം വിശ്രമം അതുകഴിഞ്ഞാല്‍ പ്രസിഡന്റുമായുള്ള നമ്മുടെ ചര്‍ച്ച.. പ്രധാനമന്ത്രിയാണെങ്കില്‍ ചര്‍ച്ചകഴിഞ്ഞ് സെല്‍ഫി എടുക്കാനുള്ള പ്രത്യേക സൗകര്യവുമുണ്ടായിരിക്കും  ഇതൊക്കെയാണ് ഒരു ഇന്ത്യന്‍പൌരന് രാജ്യത്തെ പ്രമുഖരെ സന്ദര്‍ശിക്കുമ്പോള്‍ കിട്ടുന്ന ആഥിത്യമര്യാദ.. അല്ലേ പത്രക്കാരെ..?  ഇതൊന്നും അമേരിക്കയില്‍ ഇല്ലാന്നും അവിടെ മുഴുവന്‍ വിവേചനമാണെന്നും  വാര്‍ത്തകള്‍ കേള്‍ക്കുന്നു.. പത്രക്കാര്‍; ഇന്ത്യന്‍ രാഷ്ട്രപതിഭവനിലും, പഞ്ചവാടിയിലും  ഒരു ഇന്ത്യാക്കാരന് കിട്ടുന്ന സ്വീകരണത്തെപ്പറ്റി  ട്രമ്പിനെ അറിയിക്കണം.. ഇനിയെങ്കിലും നന്നാകാന്‍ പറയണം അല്ലെങ്കില്‍ നമ്മള്‍ എല്ലാദിവസവും ട്രമ്പിനു വരട്ടു ചൊറിയാണ്, വൈറ്റ് ഹൌസിലെ പട്ടിക്ക് തൂറ്റാണ്, ഉപദേശക സോഫയില്‍ കുത്തിയിരുന്ന് ഫോട്ടോ എടുത്തു ,ട്രംപിന്റെ മരുമകളുടെ  വീഡിയോ ലീക്കായി ഇങ്ങനെ ഓരോരോ വാര്‍ത്തകള്‍ കൊടുത്തു നാറ്റിക്കുമെന്നു പറയൂ... അപ്പൊ അതിയാന്‍ മിക്കവാറും ശരിയാകും.. അമേരിക്കയെ ശരിയാക്കിയേ  നമ്മള്‍ അടങ്ങൂ..

ഈ ബ്ലോഗിലെ  പോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും

6 comments:

  1. കൊട്ടിയൂരിലെ വൈദികനെ കുറിച്ച് ലേഖനങ്ങള്‍ ഒന്നും ഇല്ലേ.!! വ്യാകുല വിദ്യാധരന്‍ മാഷേ..

    ReplyDelete
    Replies
    1. മുകേഷ് എന്തോ ആഗ്രഹിക്കുന്നുണ്ടെന്നു തോന്നുന്നു...

      Delete
    2. അങ്ങ്, വടക്കേ അമേരിക്കന്‍ പ്രസിഡണ്ട്‌-നെ വരെ വിമര്‍ശിക്കുന്ന
      മാസ്റ്റെര്‍, അയല്‍വക്കത്ത്‌ നടന്ന ദുരന്ത കഥ അറിഞ്ഞില്ലേ എന്നുള്ള ആശങ്ക !!

      Delete
    3. ഇല്ല അറിഞ്ഞില്ല ;ഞാനിപ്പോള്‍ കുറച്ചുകാലമായി വടക്കേ അമേരിക്കയിലാ താമസം എന്തുപറ്റി മുകേഷ് അയല്‍പക്കത്ത്‌ എന്തു സംഭവിച്ചു ആരെങ്കിലും കിണറ്റില്‍ ചാടിയോ

      Delete
  2. പീഡനത്തില്‍വരെ നമ്മള്‍ ഒറ്റക്കെട്ടാണ്. വിവേചനമേയില്ല.. ഏതെങ്കിലും പൂജാരി പീഡനക്കേസില്‍പ്പെട്ടുവെന്ന വാര്‍ത്ത‍വന്നാല്‍ അടുത്തദിവസം ഉസ്താദ് പീഡിപ്പിക്കും. അതറിയേണ്ട താമസം വികാരി പീഡിപ്പിക്കും.. എല്ലാത്തിലും എന്തൊരു ഒരുമയാണ്

    athaanu :)

    ReplyDelete
  3. അമേരിക്കയെ നന്നാക്കിയേ മലയാളി അടങ്ങൂ

    ReplyDelete