**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, July 26, 2012

ഒരുവട്ടംകൂടിയാ തിരുമുറ്റത്തെത്തുവാന്‍ മോഹം...............


മരുഭുമിയില്‍ മഴ പെയ്യുന്നത് കാണാന്‍ സുഖമുള്ള ഒരു ദൃശ്യമാന്ന്. ചുട്ടുപഴുത്ത ഭൂമിയിലെക്ക് കുളിരിന്‍റെ നനുനനുത്ത നൂലുകളായി മഴ പെയ്തിറങ്ങുന്നത് മനോഹരമായ ഒരു കാഴ്ചയാണ്. പ്രവചനങ്ങള്‍ക്ക് അതീതമായ് ആര്‍ക്കും പിടികൊടുക്കാതെ ഒരു അപ്രതീക്ഷിത വിരുന്നുകാരനെപ്പോലെ മഴ എത്തുന്നു. പലപ്പോഴും കാണാന്‍തന്നെ സാധിക്കാറില്ല.പകലിന്‍റെ വെള്ളക്കുപ്പായം അഴിച്ചുവെച്ച് ഭൂമി; രാത്രിയുടെ കറുത്ത മൂടുപടമണിയുമ്പോള്‍ ഒരു കള്ളനെപ്പോലെ മഴ കടന്നുവരുന്നു. ഒരു കുമ്പസാരത്തിലുടെ ചെയ്ത് കൂട്ടിയ തെറ്റുകളെല്ലാം കഴുകികളയുന്നത് പോലെ അന്തരിക്ഷത്തിലെ അഴുക്കിനെയെല്ലാം കഴുകി കളഞ്ഞുകൊണ്ട് മഴ കടന്നുപോകുന്നു. കടന്നുപോകലിന്‍റെ അടയാളമായി വാഹനങ്ങളിലെല്ലാം ചെളിപിടിച്ചപാടുകളും,ചെറിയ വെള്ളകെട്ടുകളും മാത്രം അവശേഷിപ്പിക്കുന്നു. ഈ കടന്നുപോകല്‍ പകലാണെങ്കില് ഇന്തപ്പനയോലകളില്‍ മുത്തുകള്‍ വാരി വിതറുന്നതും, പച്ചപുല്ലില്‍ നിന്ന് നീരാവിപൊങ്ങുന്നതും കാണാം.എല്ലാത്തിനും മീതെ ജലം കുടിച്ച് ഉന്മത്തയായ മണ്ണിന്‍റെ മണം പ്രസരിക്കുന്നു.കെട്ടികിടക്കുന്ന വെള്ളത്തില്‍ നീണ്ടകാത്തിരിപ്പിനോടുവില്‍ നീരാട്ടുനടത്തുന്ന പക്ഷികള്‍; ഗേറ്റ് തുറന്ന്‍ കുറച്ച് കുട്ടികള്‍ പുറത്തുവന്നു; ചെറിയവട്ടങ്ങളായി കിടക്കുന്ന വെള്ളം ചവിട്ടിതെറുപ്പിക്കുന്നു; കൈകൊട്ടിചിരിച്ചുകൊണ്ട് വീണ്ടും വീണ്ടും തെറുപ്പിക്കുന്നു. കമോണ്‍................ ഒരു നീണ്ട വിളി ശബ്ദം.... പുറത്തുവന്നവരെല്ലാം അകത്തേക്ക് ഓടി. ആരുമില്ല ഒന്നുപോയി വെള്ളത്തില്‍ ചവുട്ടിയാലോ? വേണ്ട ആരെങ്കിലും കണ്ടാലോ;  മുന്നോട്ട് വെച്ച കാല്‍ പിന്നോട്ട് വലിച്ചു.പ്രായം അതെന്നെ പിറകോട്ട് വലിച്ചു.ചെറുപ്പത്തിലെക്കുള്ള തിരിച്ചുപോക്ക്‌ വലിയ ബുദ്ധിമുട്ടാണന്ന് മനസിലായി. തണുത്ത മണ്ണിന്‍റെ ഗന്ധം,ശീതളമായ കാറ്റ്, മണ്ണില്‍നിന്ന്‍ നിരാവി പൊങ്ങുന്നു, മഴത്തുള്ളികള്‍ വീണു ചാഞ്ഞ ചെടിയുടെ കമ്പുകള്‍ മെല്ലെ തലയുയര്‍ത്തുന്നു, ചെറിയ പോക്കുവെയില്‍............ സുഖകരമായ ഒരുതരിപ്പ് അരിച്ചിറങ്ങുന്നു. വേഗം റൂമിലെത്തി ബാത്ത്ടപില്‍ വെള്ളംനിറച്ച് കാലുകൊണ്ടോന്നു ചവിട്ടിതെറുപ്പിച്ച് നോക്കി ആരും കാണാതെ; ആ പഴയ കാലത്തേക്ക്.....................

       ആദ്യമായി മഴ നനഞ്ഞ ദിവസം, ആദ്യമായി സ്കൂളില്‍പോയ ദിവസം. അയല്‍പക്കത്തെ ചേച്ചിമാരുടെ കൂടെയാണ് പോയത്‌.തികച്ചും സ്വതന്ത്രനായി അങ്ങനെ പുറത്തേക്ക് ഇറങ്ങി. ജൂണ്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ച; കൈയ്യില്‍ ഒരു കുടയുംപിടിച്ച് മുന്നോട്ട് നീങ്ങി.സെന്റ്‌ ജോര്‍ജ്‌ കമ്പനിയുടെ മഞ്ഞക്കാലുള്ള പുത്തന്‍കുട. എടാ.......... കുട മാറിപോകല്ലേ..അകത്ത് പേര് എഴുതിയിട്ടുണ്ട് കേട്ടോ...... കേട്ടു.............
   ആലിസിന്‍റെ അദ്ഭുതലോകം പോലെ; നാലുപാടും നോക്കിനടന്നു. ആദ്യപോക്കില്‍ തന്നെ മാവ് നെല്ലി, പേര എന്നിങ്ങനെയുള്ള ഫലവൃക്ഷങ്ങളുടെയെല്ലാം സ്ഥാനം മനസ്സില്‍ കുറിച്ചിട്ടു. സ്കൂള്‍മുറ്റത്ത്‌ സമപ്രായക്കാരായ നവാഗതരെല്ലാം മിഴിച്ചുനില്പുണ്ട് എങ്ങോട്ട് പോകണമെന്ന് അറിയില്ല…  മുന്നോട്ട് നോക്കി, പിന്നോട്ട്നോക്കി ,വട്ടംതിരിഞ്ഞ് ഞാനും നടന്നു. അതാ…… അവിടെയാ ഒന്നാംക്ലാസ്‌ അങ്ങോട്ട്‌ പൊയ്ക്കോ; കൂട്ടികൊണ്ടുവന്ന ചേച്ചിമാര്‍ ക്ലാസ്സ്‌ കാണിച്ച് തന്നു. അങ്ങനെ ഇളകി വീഴാറായാ വാതില്‍പടിയിലൂടെ അകത്ത്കടന്നു. വെട്ടുകല്ലുകൊണ്ട് കെട്ടിയഭിത്തിയില്‍ 1A എന്ന്‍ കാര്ബോര്‍ഡില്‍ എഴുതി ആണിഅടിച്ചുവച്ചിരിക്കുന്നു. മുന്നില്‍ കണ്ടബഞ്ചില്‍ഇരുന്നു. ബെഞ്ചുകള്‍ക്കെല്ലാം തോണിയുടെ ഷെയിപ്പായിരുന്നു. തലമുറകളുടെ മൂട് താങ്ങി ആകൃതി നഷ്ടപ്പെട്ടവര്‍.പ്രായാധിക്യം കൊണ്ട്‌ ഇളകിയാടുന്ന കാലുകളെ ഉറപ്പിച്ചുനിറുത്താന്‍ ശ്രമിക്കുന്നു ചിലര്‍.ആരും ആരോടും മിണ്ടിയില്ല, നോട്ടം മാത്രം കൈമാറി.ടീച്ചര്‍ ക്ലാസ്സില്‍ വന്നു. രണ്ടാംക്ലാസ്സില്‍ പോകാതെ ഒന്നില്‍തന്നെ ഇരുന്ന സര്‍വിസ്സുള്ള കുറച്ച്പേര്‍ നമാ.....സ്തേ എന്ന്‍ ഉച്ചത്തില്‍പറഞ്ഞു. പെട്ടന്നുള്ള നമസ്തെയില്‍ ഞെട്ടിപ്പോയ പുതുമുഖങ്ങളെക്കൊണ്ട് നമസ്തേ പറയിക്കല്‍ ആയിരുന്നുടീച്ചറുടെ ആദ്യത്തെ പഠിപ്പിര്.അങ്ങനെ കലാലയജിവിതത്തിന് ആരംഭംകുറിച്ചു. “ഇന്ന് ഉച്ചവരെയുള്ളൂ നാളെ വരുമ്പോള്‍ സ്ലേറ്റും, കല്ലുപെന്സിലും, ചോറും കൊണ്ടുവരണം; പോകാന്‍ നേരത്ത് ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു.


    സ്കൂള്‍വിട്ട് മുറ്റത്തേക്കിറങ്ങി വിശാലമായ മൈതാനം. റോഡിലൂടെ വാഹനങ്ങള്‍പോകുന്നു.സ്കൂളിന്റെ പൊക്കംകുറഞ്ഞ മതിലിനോട് ചേര്‍ന്ന്‍ ചെറിയ മൂന്ന് കുംമ്മട്ടി കടകള്‍; അവിടെയുള്ള ഭരണികളില്‍ നിറയെ പലനിറത്തിലുള്ള മിട്ടായികള്‍; വീട്ടില്‍നിന്ന്‍ തന്ന അന്‍പതുപൈസ കൈയിലുണ്ട്. കൈ കിശയിലിട്ട് തപ്പിനോക്കി കിട്ടുന്നില്ല. കിശയുടെ അറ്റം നിക്കറിന് താഴെയെത്തി; നാട്ടിലെ പേരെടുത്ത തയ്യല്‍ക്കാരന്‍ തയ്ച്ചതാണ്. പക്ഷെ കീശ എപ്പോഴും നിക്കറിന് താഴെ നില്‍ക്കും. നിക്കറിന് നിറം കറുപ്പാണ്ങ്കില്‍ കീശയ്ക്ക് നിറം ചുമപ്പ്. എല്ലാവരുടെയും നിക്കര്‍ ഇങ്ങനെ ആയിരുന്നതിനാല്‍ നാണമൊന്നും തോന്നിയില്ല.
    കടയിലുള്ള എല്ലാ ഭരണിയില്‍നിന്നും ഓരോ മിട്ടായിയും വാങ്ങി അന്‍പതുപൈസായും തീര്‍ത്ത് വീട്ടിലെക്ക് തിരിച്ചു. വഴിക്കുവച്ച് മഴ ചാറിയെങ്കിലും കുട നനയ്ക്കെണ്ടല്ലോഎന്ന് കരുതി കുട തുറക്കാതെ, നനഞ്ഞ് വിട്ടിലെത്തി. അങ്ങനെ ആദ്യദിനം തന്നെ മഴ നനഞ്ഞു.
  പകല്‍  കഴിച്ച മിട്ടായി ആയിരുന്നു രാത്രിയിലെ സ്വപ്നങ്ങളില്‍ നിറയെ ഉണര്‍ന്നപ്പോള്‍ സ്വപ്‌നങ്ങള്‍ തീരാതിരുന്നെങ്കില്‍ എന്ന് ചിന്തിച്ചുപോയി.

  പുതിയസ്ലേറ്റും, കല്ലുപെന്സിലും, വലയ്ക്കുള്ളില്‍ തൂക്കിയ ചോറ്റുപാത്രവുമായി പിറ്റേന്ന് ക്ലാസ്സിലെത്തി.ടീച്ചര്‍ വരാന്‍ വൈകിയപ്പോള്‍ തമ്മില്‍കുശുകുശുത്ത് കൂട്ടുകാരെ കണ്ടെത്തി. സ്ലേറ്റില്‍ എഴുതുന്നത് മായ്ക്കാന്‍ മഷിതണ്ടുകള്‍ തന്നത് ആദ്യത്ത കുട്ടുകരനാണ്.ആദ്യ ദിനം തന്നെ കല്ലുപെന്‍സില്‍ ഒടിഞ്ഞു. ഒടിഞ്ഞപെന്‍സിലുകള്‍ കീശയില്‍ സ്ഥാനം പിടിച്ചു. രണ്ടാമത്തെദിവസം സ്ലേറ്റും പൊട്ടി.ആദ്യത്തെ കൂട്ടുകാരന്‍ അറിയാതെ ചവിട്ടിയതാണ്. പൊട്ടിയ കഷ്ണങ്ങള്‍ കൂട്ടിലും; ഫ്രെയിം കൈയിലുമായ് വീട്ടിലെത്തി. ആദ്യത്തെ ദര്‍ശനം അപ്പച്ചന്റെ ആയിരുന്നു.വാളന്‍പുളിയുടെ കമ്പിന്റെ ചൂട്ആദ്യമായ്‌ അന്നറിഞ്ഞു. കലാലയജിവിതത്തിലെ ആദ്യത്തെ നീറുന്ന ഓര്‍മ്മ അതായിരുന്നു.അറിയാതെ ഇടതുമുട്ടിനുതാഴേക്ക്‌ നോക്കി ഉണ്ട്; ആ പാട് ഇപ്പോഴും അവിടെ തന്നെ ഉണ്ട്‌.
     ഉച്ചയ്ക്ക് ഉപ്പുമാവായിരുന്നു ഭക്ഷണം. എണ്ണയില്‍; കറിവേപ്പിലയും, ചെറിയുള്ളിയും, പച്ചമുളകും, കടുകും മൊരിയുന്ന മണംകൊണ്ട് സ്കൂള്‍പരിസരം നിറഞ്ഞിരുന്നു.വൈകുന്നേരം ജനഗണമനചെല്ലി വീട്ടില്‍എത്തുന്നതുവരെയുള്ള ശക്തി ആ സൂചിഗോതമ്പില്‍ നിന്ന് കിട്ടുമായിരുന്നു.
   ഉച്ചഭക്ഷണം കഴിഞ്ഞാല്‍ സ്കൂള്‍മൈതാനം നിറയുകയായി. പന്തുകളിയും കുട്ടിയുംകോലുമൊക്കെ ഒരു സൈഡില്‍ നടക്കുമ്പോള്‍ മരത്തണലില്‍ മുടിരണ്ടായിപിന്നി റോസ്റിബണ്‍ കെട്ടിയ കൊച്ചുകൂട്ടുകാരികള്‍ അക്കുകളിക്കുന്നുണ്ടായിരുന്നു. മീന്‍ പിടുത്തം, മാവില്‍ ഏര്‍ തുടങ്ങിയ സ്വയംതൊഴില്‍കണ്ടെത്തുന്നവരും ഉണ്ടായിരുന്നു.
    മാസാവസാനം നടക്കുന്ന സാഹിത്യസമാജങ്ങളില്‍ നാടന്‍പാട്ടുകളും നാടകവുമെല്ലാം നിറഞ്ഞുനിന്നു. ശര്‍ക്കര പൊതിഞ്ഞുവരുന്ന ഓല കൊണ്ട് കാറ്റാടി ഉണ്ടാക്കിയിരുന്ന കാലം; കരിയും,ഓട്ടുകഷ്ണങ്ങളും ഉരച്ച് അവയ്ക്ക് നിറം വരുത്തി കപ്പളതണ്ടിലിട്ട് കാറ്റിനെതിരെ പിടിക്കുമ്പോള്‍ ഉള്ള കറക്കം; അപ്പോള്‍ തെളിയുന്ന നിറവിസ്മയം ഒന്നും മറന്നിട്ടില്ല.

    സ്കൂള്‍ മുതല്‍ വീട് വരെയുള്ള യാത്രയില്‍ റോഡില്‍ ഉയര്‍ന്നുനില്ക്കുന്ന എല്ലാ കല്ലുകളേയും കാല്‍വിരലുകള്‍ക്ക് പരിചയമുണ്ടായിരുന്നു. ആറുമാസംകൊണ്ട് കല്ലില്‍ തട്ടി പറിയാത്ത ഒറ്റ നഖവും കാലില്‍ഉണ്ടായിരുന്നില്ല. മഞ്ഞളും ഉപ്പും ചേര്‍ത്ത് തുണികഷ്ണംകൊണ്ട്കെട്ടുകയായിരുന്നു അതിനുള്ള മരുന്ന്‍.ആഴ്ചയില്‍ ശരാശരി മൂന്ന് കെട്ടെങ്കിലും മോതിരംപോലെ കാലില്‍ഉണ്ടാകും.
  പനിയായിരുന്നു ആകെവരുന്ന അസുഖം.അത് മഴനനഞ്ഞാലും ഇല്ലങ്കിലും കൃത്യമായ ഇടവേളകളില്‍ വന്നിരുന്നു. പനി വരുന്ന ദിവസങ്ങളില്‍ സ്കൂളില്‍പോകുമ്പോള്‍ പഴയ വിനാഗിരികുപ്പിയും പൊതിഞ്ഞെടുക്കും. മരുന്ന്‍ വാങ്ങാനാണ്. അടുത്തുള്ള സര്‍ക്കാരാശുപത്രിയില്‍ ചെന്നാല്‍ മരുന്ന്‍ കിട്ടും.ഏത് രോഗത്തിനും അവിടെ മൂന്ന്മരുന്നാനുണ്ടായിരുന്നത്. വലിയ ചില്ലുഭരണികളില്‍ സൂക്ഷിച്ചിരുന്ന ചുമപ്പും. മഞ്ഞയും ആയവെള്ളം; കൊയിനാ..വെള്ളം എന്നായിരുന്നു അതിനു പറഞ്ഞിരുന്നത്.പിന്നെ ഒരു വലിയ പെട്ടിയില്‍ നിന്നുംഎടുത്തിരുന്ന ഇരുപത്തഞ്ചുപൈസാ നാണയത്തിന്റെ വലിപ്പമുള്ള വെളുത്ത ഗുളികയും.ചീട്ടിനുപുറത്ത്‌എല്ലാമരുന്നും ഒന്നുവിതം മൂന്ന് നേരം എന്നെഴുതിയിരുന്നു. ഗുളിക വായിലിട്ട് ഒരുകവിള്‍ കൊയിനാ വെള്ളവും കുടിച്ചാല്‍ പനി പമ്പകടന്നു.............
        രാവിലെ സ്കൂളില്‍ പോകുമ്പോള്‍ മുറ്റത്ത്‌; കുലകളായ്‌ പൂത്തുനില്‍ക്കുന്ന റോസയില്‍ നിന്ന്‍ ഒരുപൂവ് പറിച്ച് അതിന്‍റെ മണവും ശ്വസിച്ചുകൊണ്ട് നടക്കും.സ്കൂളില്‍എത്തുമ്പോള്‍ പൂവിന് ആവശ്യക്കാര്‍ വരും; ആദ്യം ചോദിക്കുന്നവര്‍ക്ക് കൊടുക്കും. ചോദിക്കുന്നവരെല്ലാം കൂട്ടുകാരികള്‍ആയിരുന്നു. ആ പൂ കൊടുക്കലിനെ അന്നാരും പ്രേമമെന്നു വിളിച്ചിരുന്നില്ല. കോളാമ്പിചെടിയുടെ പൂവില്‍ പേനയുടെ റ്റോപ്പ്കൊണ്ട് കുത്തി പൊട്ട് ഉണ്ടാക്കി കൂട്ടുകാരികള്‍ക്ക് കൊടുത്തപ്പോള്‍ അതിനെ പ്രണയമായി അന്നാരും വ്യാഖ്യാനിച്ചില്ല.  ഏഴാം ക്ലാസ്സിലെത്തി കുമാരനാശാന്‍റെ “നളിനി” പഠിച്ചപ്പോഴാണ് അതിനെ പ്രണയമായും കാണാം എന്ന്‍ ആദ്യമായ്‌ മനസിലായത്‌.......
     ശാരിരികമായ കരുത്തും ,മാനസികമായ ഉള്‍ക്കരുത്തും, അനുഭവങ്ങളിലൂടെയുള്ള പഠിപ്പുമെല്ലാം എവിടെനിന്ന്; എന്നുള്ള ചോദ്യത്തിന് ഉത്തരം തേടി അലയേണ്ടതില്ല ; ഓട്ടാത്തിനിടയില്‍ ഒന്ന് നില്ക്കുക.......... പിന്‍തിരിഞ്ഞുനോക്കുക........... കാണാം നമുക്ക് പൊക്കംകുറഞ്ഞ മതിലിനകത്ത് ഒട് മേഞ്ഞ ആ നീളന്‍ കെട്ടിടത്തെ..........
    തന്നെ പോകാന്‍ തുടങ്ങിയപ്പോള്‍ വഴി പഠിച്ചു. മഴ നനഞ്ഞപ്പോള്‍ കുട നിവര്‍ത്തി, കാലിലെ നഖര് പറിഞ്ഞപ്പോള്‍ ഉയര്‍ത്തിചവുട്ടന്‍ പഠിച്ചു. തല്ല്‌ കിട്ടിയപ്പോള്‍ ഏഴുതാന്‍ പഠിച്ചു. കണ്ടപ്പോള്‍ ചിരിക്കാനും, ചിരിച്ചപ്പോള്‍ സംസാരിക്കാനും പഠിച്ചു.പ്രണയത്തിന്‍റെ ആദ്യപാഠമായി പൂക്കള്‍ കൈമാറിയപ്പോള്‍; പിരിഞ്ഞുപോകാലിന്‍റെ വേദനയായി ഒട്ടൊഗ്രഫ് താളുകളില്‍ സാഹിത്യം നിറഞ്ഞുനിന്നു.

    പുറത്തുതൂങ്ങുന്ന ബാഗിനുള്ളിലെ പുസ്തകക്കെട്ടുകളുടെ ഭാരത്താല്‍ നടുവളഞ്ഞു കുനിഞ്ഞ് നീങ്ങുന്ന പുതുതലമുറയെ കാണുമ്പോള്‍;  പഠിക്കാനുള്ള പുസ്തകങ്ങള്‍ മാത്രം കൈയില്‍പിടിച്ച് കുടയും ചോറ്റുപാത്രവും വീശി മുന്നോട്ട് നിങ്ങിയ ആ പഴയ കാലം അതൊരു ലഭാമായിരുന്നു.. ഇന്നിന്‍റെ നഷ്ടവും............................








1 comment:

  1. Truly awesome article. Thanks for taking me back to my childhood.

    ReplyDelete