**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, September 26, 2012

ശുഭകാര്യങ്ങളില്‍ ഇനിമുതല്‍ മധുരംവേണ്ട


 

 

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

ശുഭകാര്യത്തിനിറങ്ങുമ്പോള്‍ അല്പം മധുരം കഴിക്കുന്നത്‌ നല്ലതാണെന്നമ്മ പറഞ്ഞതോര്‍ത്തിട്ട്; അകത്തേക്ക് വിളിച്ചു പറഞ്ഞു.

 ഒരു ചായവേണം; മധുരം കുറച്ചു കൂട്ടിയിട്ടോ...........

ഉടനെ വന്നു മറുപടി.     പഞ്ചസാര തീര്‍ന്നു.....

അങ്ങനെ രാവിലത്തെ യാത്രയും കയ്പ്പില്‍നിന്നുതന്നെ തുടങ്ങി.

     വരുമ്പോള്‍ പഞ്ചസാര വാങ്ങാന്‍ മറക്കേണ്ട കേട്ടോ...............

            ഉവ്വാ..

ആളനക്കമൊഴിഞ്ഞ റേഷന്‍കടയിലേക്ക് കയറിചെല്ലുമ്പോള്‍ കുമാരന്‍ പത്രപാരായണത്തിലാണ്.

    കുമാരാ പഞ്ചസാരയുണ്ടോ....

   അയ്യോ സ്റ്റോക്ക് തീര്‍ന്നല്ലോ; ഇന്ന് വരും. പിന്നെ വില കൂടുംകേട്ടോ        കിലോയ്ക്ക് അഞ്ചുരൂപാ കൂടുമെന്നാ പത്രത്തില്.... .

     എന്‍റെ കന്ട്രോള്‍ പോകുന്നു ഭഗവാനേ.............

എഴുതിക്കൊണ്ടിരുന്ന കടലാസ്സ്‌ വലിച്ചുകീറി ചുരുട്ടി ദൂരെയെറിഞ്ഞു. .കുന്തം, തേങ്ങാക്കൊല അവന്‍റെയൊക്കെ ഒരു വിലകൂട്ടല്‍; ഇനിയെങ്കിലും നന്നാകാമെന്ന് വിചാരിച്ചതാ, സമ്മതിക്കുകേല.
 

പഞ്ചസാരയ്ക്ക് അഞ്ചുരൂപ കൂട്ടണം അതിനായി പ്രത്യേക മന്ത്രിസഭായോഗം വിളിച്ചിരിക്കുന്നുപോലും. ലോകത്തില്‍ ഏറ്റവുംകൂടുതല്‍ പഞ്ചസാര ഉല്‍പ്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതുമായ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ്  ഇന്ത്യ. എന്നിട്ടും ദാരിദ്ര്യം പറയുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള തെണ്ടികളെയാണ് ഇത്തവണ സര്‍ദാര്‍ജി പിടിച്ചിരിക്കുന്നത്. ദാരിദ്ര്യം കൂടപ്പിറപ്പായതുകൊണ്ട് വരയ്ക്ക്താഴെയാണ് ഈയുള്ളവന്‍റെയും സ്ഥാനം.താന്‍ പാവപ്പെട്ടവന്‍റെ കൂടെയാണെന്നു സര്‍ദാര്‍ജി പറഞ്ഞപ്പോഴേ ഒരു പണി പ്രതീക്ഷിച്ചതാണ്. അതിപ്പോള്‍ ഈ രൂപത്തിലാകുമെന്നു കരുതിയില്ല.മുഴുവന്‍ ഇറക്കുമതിയാണെന്ന ന്യായം പറഞ്ഞാണ് എണ്ണയ്ക്ക് വില കൂട്ടുന്നത്‌. ഇതിനു എന്ത് ന്യായമാണോ പറയാന്‍ പോകുന്നത്. ഇവര്‍ക്കൊക്കെ വേണ്ടി കുഴലൂതുന്ന ഊത്തുകാര്‍ ഇതൊന്നു വിശദമാക്കിയാല്‍ കൊള്ളാമായിരുന്നു.

   എല്ലാത്തിനും വില കൂട്ടിയിരിക്കുന്നു. എന്നാ; വല്ല തവിടും, പിണ്ണാക്കുംത്തിന്നു ജീവിക്കാമെന്ന് വിചാരിച്ചപ്പോള്‍, ഇതാ കാലിത്തീറ്റയുടെ വിലയും കൂട്ടിയിരിക്കുന്നു.ദ്രോഹികള്‍ ..........അങ്ങനെ ഓരോന്ന് ചിന്തിച്ചിരുന്നപ്പോഴാണ് മൊബൈല്‍ ഫോണില്‍ ഒരു മെസ്സേജ് വന്നത്.വിപിഷാബസുവിന്‍റെ ചിരി കാണാണമെങ്കില്‍ ഇപ്പോള്‍ വിളിക്കു എന്നായിരിക്കുമെന്നുകരുതി, നോക്കിയപ്പോഴാണ്; ഇതാ കിടക്കുന്നു. കുമാരന്‍റെ കടയില് രണ്ടുകിലോ പഞ്ചസാര ബാക്കിയുണ്ട്, ഓടിച്ചെന്നാല്‍ ഇപ്പൊകിട്ടുമെന്നാണ് മെസ്സേജ്. മെസ്സേജ് വന്നിരിക്കുന്നത് കേന്ദ്രഭക്ഷ്യമന്ത്രാലയത്തില്‍ നിന്നാണ്. അന്നേരെ ഇറങ്ങിയോടി,വഴിയില്‍ വച്ച്തന്നെ അടുത്ത മെസ്സേജ് വന്നു; കുമാരന്‍റെ കടയിലെ പഞ്ചസാര തീര്‍ന്നു.ആറ്റുതീരത്തുള്ള അവിരാമാപ്പിളയുടെ കടയിലേക്ക് പോയ്ക്കൊന്ന്, അവിടെ രണ്ട്ചാക്ക് സ്റ്റോക്കൊണ്ട് പോലും. സര്‍ദാര്‍ജിയുടെ പുതിയ പരിഷ്ക്കാരം കൊള്ളാം. ഇനിമുതല്‍ റേഷന്‍കടയിലെ സ്റ്റോക്ക്‌വിവരം എസ്എംഎസ് ആയി നിങ്ങളെ തേടിയെത്തും. വെറുതേയാണോ മഹാരാജ്യത്തിലെ എല്ലാ അലവലാതികള്‍ക്കും മൊബൈല്‍ഫോണ്‍ കൊടുക്കുമെന്ന പ്രഖ്യാപനം വന്നത്. ശോഓഓ.....വെറുതേ..സംശയിച്ചു... 
     

    ഓട്ടത്തിനിടയില്‍ വളക്കടയിലൊന്ന് കയറാമെന്ന്  വെച്ചു.

          ചീരയ്ക്ക് തളിയ്ക്കാന്‍ വല്ലതും............

   ചീരയ്ക്ക് തളിക്കാന്‍ പറ്റിയതൊന്നും ഇവിടില്ല.. വേണേ.... എക്കാലക്സോ, ഫ്യൂരടാനോ തരാം. ഇപ്പൊ വാങ്ങിയാ... ലാഭമാണ് അടുത്ത ദിവസംതന്നെ വിലകൂടും.

       എന്നാ.....രണ്ടെണ്ണം പൊതിഞ്ഞെടുത്തോ.............

സന്തോഷമായി ഗോപിയേട്ടാ, സന്തോഷമായി..

   അതേയ്.. പിന്നെ എക്കലക്സും, ഫ്യൂരടാനുമൊക്കെ വാങ്ങിയതല്ലേ അപ്പുറത്ത്കൂടിയൊന്ന് കയറിയെച്ചു പൊയ്ക്കോ.

വളക്കടക്കാരന്‍ നാണുനായരുടെ വകകമന്റ്

ബോര്‍ഡ്‌ വഴിയില്‍ നിന്ന്തന്നെ കാണാം.ചൈനീസ്‌ മോഡല്‍ ശവപ്പെട്ടികള്‍. ആദായവില.

കൊള്ളാം നമ്മുടെനാടും പുരോഗമിക്കുന്നുണ്ട്.ഒന്ന് കയറി നോക്കാമെന്ന് വച്ചു.

കൊള്ളാം; പതിനായിരം മുതല്‍ രണ്ടുലക്ഷംരൂപവരെ വിലവരുന്ന സുന്ദരന്‍ ശവപ്പെട്ടികള്‍. അകത്ത്; കിടക്കാനായി പട്ടില്‍പൊതിഞ്ഞ തലയണയും, മെത്തയും. ഹ ഹ എന്തൊരുസുഖം കൈയ്യില്‍കരുതിയിരുന്ന ഫ്യൂരടാന്‍ ഇപ്പോഴേതന്നെയെടുത്ത്, അടിച്ചാലോയെന്നോര്‍ത്ത്പോയി. ചൈനയില്‍ നിന്നും പ്രത്യേകം വരുത്തിയതാണത്രേ...

                കച്ചോടമൊക്കെ എങ്ങനെ.............

  ഒഹ്ഹ്... ബുക്കിംഗ് ഒത്തിരിയുണ്ട്. പക്ഷെ മൂവിംഗ് കുറവാണ്‌...കടക്കാരന്‍ പത്രോസിന്‍റെ മറുപടി.

                 എന്നുവച്ചാല്‍........................

എന്നുവച്ചാല് മരണം കുറവാണന്നെ, ചാകുന്നതൊക്കെ കാല്‍കാശിനു ഗതിയില്ലാത്തവന്മ്മാരാണ്. അവമ്മാര്‍ക്ക് ചൈനീസ്‌പെട്ടിയൊന്നും വേണ്ട; വല്ല മുരിക്കോ, തീപ്പെട്ടിമരമോ മതി.
 

പുതിയയിനം പെട്ടിവന്നകാര്യം ഇടവകപള്ളിയില്‍ വിളിച്ചുപറയാന്‍ പത്രോസ് നേരത്തെതന്നെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.പള്ളിയില്‍ വിളിച്ചുപറയുമ്പോള്‍ ‘മേട്ഇന്‍ചൈന’ എന്ന്പറയാതെ ‘റോം’ എന്നോ ‘ഇറ്റലി’ യെന്നോ പറയണമെന്ന് അച്ചനോട് പ്രത്യേകം പറഞ്ഞിട്ടുണ്ടത്രേ. സര്‍ദാര്‍ജിയുടെ പരിഷ്ക്കാരങ്ങള്‍ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു.നമ്മുടെ രാജ്യത്ത് ഇനി ഏറ്റവും ചിലവുള്ള സാധനം ഏതാണെന്ന് വിദേശ രാജ്യങ്ങള്‍ മനസിലാക്കിയിരിക്കുന്നു. ഇനി ശവപ്പെട്ടി,കോറത്തുണി.തഴപ്പായ,സാമ്പ്രാണിത്തിരി തുടങ്ങിയ മേഖലകളില്‍ പല വിദേശകമ്പനികളും മൂലധനമിറക്കും തീര്‍ച്ച. ഇതിനോട് അനുബന്ധിച്ച് കല്ലറനിര്‍മ്മാണം,കുഴിവെട്ട്,മരണാനന്തരവിലാപങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഹൃസ്വകാല കോഴ്സുകളും തുടങ്ങാവുന്നതാണ്.

പുതിയ പരിഷ്ക്കാരങ്ങള്‍ ജനങ്ങളുടെയിടയില്‍ വേണ്ടത്രേ ഏശുന്നില്ല പോലും. എല്ലാവരും കൈയ്യടിക്കുമെന്നാണ് കരുതിയത്‌. എന്നാല്‍ പത്തുപ്രാവശ്യം കുളിച്ചാലും നാറ്റംപോകാത്ത സൈസിലുള്ള തെറിയാണിപ്പോള്‍ കിട്ടുന്നത്.അത്കൊണ്ട്; ഒരു, നൂറുകോടിരൂപ സര്‍ക്കാര്‍ നിലപാടുകളെ ന്യായികരിക്കുന്ന പരസ്യത്തിനായി അനുവദിച്ചിട്ടുണ്ട്. അതിനുള്ള പോസ്റ്ററൊട്ടിക്കാനുള്ള മൊത്തചുമതല ദേശാടനക്കിളിഹസനാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്തു കഴിഞ്ഞു. ജനശ്രീ വകയില്‍ നല്ലൊരുതുക അടിച്ചെടുത്ത ദേശാടനക്കിളി കഴിഞ്ഞദിവസം കരഞ്ഞു കണ്ടു. ജനശ്രീ തന്‍റെ അടുക്കളപ്പുറത്തെ തട്ടിക്കൂട്ട് പരിപാടിയാണെന്നു തെളിഞ്ഞാല്‍ വെള്ളകുപ്പായം ഊരി കാശിക്കുപോകുമെന്നാണ് പ്രതിജ്ഞ.ജനിച്ചതില്‍പിന്നെ നേര് പറഞ്ഞിട്ടില്ലത്തതിനാല്‍ ഹസനാരെ നമുക്ക് വിശ്വസിക്കാം.

തിരിച്ചുള്ള നടപ്പില്‍ ചന്തമുക്കില്‍ ഒരു ബോര്‍ഡു കണ്ടു.

പുതിയ സാമ്പത്തികപരിഷ്ക്കരങ്ങളെ പിന്തുണയ്ക്കനായി നടത്തുന്ന ബഹുജനറാലിയിലേക്ക് തൊഴില്‍രഹിതര്‍ക്ക് അപേക്ഷിക്കാം.അടിസ്ഥാന യോഗ്യത; നടക്കാനും,മുദ്രാവാക്യം വിളിക്കാനും കഴിയണം. ആളൊന്നിന് ദിവസക്കൂലി അടിസ്ഥാനത്തില്‍ അഞ്ഞൂറ് രൂപയും,കൂടാതെ മൂന്നുനേരം കഞ്ഞിയും, പയറും കൊടുക്കുന്നതുമായിരിക്കും.വരുമ്പോള്‍ അടിവസ്ത്രം വേണമെന്ന് നിര്‍ബ്ബന്ധം.ഗാന്ധിത്തൊപ്പിയും, ഖദര്‍ഷര്‍ട്ടും മുണ്ടും; ഓഫീസില്‍ നിന്നും ഏറ്റുവാങ്ങേണ്ടതാകുന്നു. ജാഥകളില്‍ പങ്കെടുത്ത് തല്ലുകൊണ്ടിട്ടുള്ളവര്‍ക്ക്  പ്രത്യേക പരിഗണന ഉണ്ടായിരിക്കും.
 

കൊള്ളാം എല്ലാം നന്നായിരിക്കുന്നു.

പണ്ടൊക്കെ പഞ്ചാംഗം നോക്കിയാലും, കവടി നിരത്തിയാലും എവിടെ നോക്കിയാലും പ്രതിപക്ഷത്തെ കാണാമായിരുന്നു.ഇന്നിപ്പോ എല്ലാം എകെജി സെന്‍ററില്‍ ഉണ്ട്. അവിടെ ഭയങ്കര ചര്‍ച്ച നടക്കുകയാണ്.മുണ്ടൂരിലെ മുണ്ടൂരലും.വിഎസ് ന്‍റെ കൂടംകുളവും,പരസ്പ്പരം ചെളിവാരിയെറിഞ്ഞ് നാറ്റിക്കലും;എല്ലാംകൂടി ഒരു പൂരത്തിന്‍റെ പ്രതീതി. അതിനിടയില്‍ എന്ത് സാമ്പത്തികം,എന്ത് വിലക്കയറ്റം,എന്ത് മന്‍മോഹന്‍. ഒന്നും ചെയ്തില്ലെങ്കിലും അടുത്തതവണ കസേര ഉറപ്പാണ്‌. അതുവരെ കഴുതകള്‍ ശരിക്ക് അനുഭവിക്കട്ടെ.
വീട്ടില്‍ച്ചെന്ന് വെട്ടുകത്തിയുമെടുത്തു നേരെ ഡല്‍ഹിക്ക് വണ്ടികയറിയാലോയെന്ന് ചിന്തിച്ചു. വേണ്ട രണ്ടാഴ്ച്ചകൂടി കഞ്ഞിവയ്ക്കാനുള്ള അരിയുണ്ട് വീട്ടില്‍. ഇന്നലെ അരിതീര്‍ന്ന അയല്‍ക്കാരന്‍ പട്ടിണികിടന്നു ചാകുന്നത്  കണ്ടിട്ടാകാം അടുത്ത പരിപാടി. ഞാനും തനി മലയാളിയാകാന്‍ തീരുമാനിച്ചു........................

10 comments:

  1. "സര്ദാിര്ജിനയുടെ പരിഷ്ക്കാരങ്ങള്‍ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു.നമ്മുടെ രാജ്യത്ത് ഇനി ഏറ്റവും ചിലവുള്ള സാധനം ഏതാണെന്ന് വിദേശ രാജ്യങ്ങള്‍ മനസിലാക്കിയിരിക്കുന്നു. ഇനി ശവപ്പെട്ടി,കോറത്തുണി.തഴപ്പായ,സാമ്പ്രാണിത്തിരി തുടങ്ങിയ മേഖലകളില്‍ പല വിദേശകമ്പനികളും മൂലധനമിറക്കും തീര്ച്ചത." വായിച്ചതില്‍ ഏറ്റവും ഇഷ്ടപെട്ട വരികള്‍, ഇപ്പോഴത്തെ അവസ്ഥയെ വളരെ വ്യക്തമായി ആക്ഷേപ ഹാസ്യം കൊണ്ട് വരഞ്ഞിട്ടിരിക്കുന്നു. ആശംസകള്‍

    ReplyDelete
    Replies
    1. അഭിപ്രായം പറഞ്ഞതില്‍ നന്ദി അറിയ്ക്കുന്നു.

      Delete
  2. താങ്കളുടെ പല പോസ്റ്റുകളും ബൂലോകത്ത് വെച്ച് വായിച്ചിട്ടുണ്ടെങ്കിലും ഇന്നാണ് താങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശിക്കുന്നത്.താങ്കളെ പോലെ ഇത്ര സരസമായി എഴുതുന്നവര്‍ എന്ത് കൊണ്ട് മുഖ്യധാരയില്‍ എത്തിപെടുന്നില്ല,എന്ത് കൊണ്ട് കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയരുന്നില്ല എന്നത് അത്ഭുതം ഉളവാക്കുന്നു.കുറെ പോസ്റ്റുകള്‍ തുടരെ വായിച്ചു,എല്ലാം ഒന്നിനൊന്നു മെച്ചം.ലളിതവും എന്നാല്‍ മൂര്‍ച്ച ഉള്ളതും, ഹാസ്യത്മകവും ആയ എഴുത്തിന്റെ ശൈലി തികച്ചും വ്യത്യസ്തമാണ്.ഇനിയും കൂടുതല്‍ എഴുതുക.നന്മകള്‍ നേരുന്നു.

    ReplyDelete
    Replies
    1. ഹഹ അത്രയൊന്നുമില്ലെന്നേ...വായിച്ചു അഭിപ്രായം പറഞ്ഞതില്‍ നന്ദി അറിയ്ക്കുന്നു

      Delete
  3. ഹാസ്യം രസിച്ചു. ഇത്തിരികൂടി ചെറുതാക്കാമായിരുന്നു എന്നു തോന്നി. അത്രമാത്രം. ലേഖനത്തിന്റെ സാമൂഹികനിലപാടുകളോട് യോജിക്കുന്നു

    ReplyDelete
  4. പുതിയ പരിഷ്ക്കാരങ്ങള്‍ ജനങ്ങളുടെയിടയില്‍ വേണ്ടത്രേ ഏശുന്നില്ല പോലും. എല്ലാവരും കൈയ്യടിക്കുമെന്നാണ് കരുതിയത്‌. എന്നാല്‍ പത്തുപ്രാവശ്യം കുളിച്ചാലും നാറ്റംപോകാത്ത സൈസിലുള്ള തെറിയാണിപ്പോള്‍ കിട്ടുന്നത്.........


    സത്യം ....

    ReplyDelete
  5. കഥകൂട്ടു


    എന്തുഎഴുതാന്‍
    മലയാളത്തിന്റെ
    അക്ഷരങ്ങള്‍
    നല്ലപോലെ അറിവില്ലാതെ എനിക്ക്
    മലയാളം ചവരച്ഹു സംസാരിക്കുന്ന ഇ പുതിയ നൂറ്റാണ്ടില്‍ ആളുകള്‍
    എന്നെപോലുള്ളവരെ
    ശരിക്കും കളിയാക്കും
    ഒരു പരീഷണത്തിന്
    വേണോ
    വേണ്ട ........ഊള്ളൂരും ,ആശാനും,വള്ളത്തോളും ഉണ്ടായിരുന്ന' ഈ നാട്ടില്‍
    മലയാളം മംഗ്ലീഷ് ആക്കിയ പുതിയ ജനതയെ
    എനിക്ക് ഉള്കൊല്ലനവില്ല
    ഭാഷയെ കൊല്ലുന്ന രീതി
    വേണ്ട..........................സോറി
    സസ്നേഹം

    പുതിയ
    തലമുറക്കായി
    പിന്മാറാം
    ഒന്നുടെ
    പറയട്ടെ
    മലയാളത്തിനെ
    കൊല്ലരുതേ.......................................................








    gopinathan namboodiri

    ReplyDelete
    Replies
    1. ഗോപിചേട്ടന്‍റെ അഭിപ്രായം സസ്നേഹം സ്വികരിക്കുന്നു.എങ്കിലും പറയട്ടെ.ഞാന്‍ മലയാള ഭാഷയെ വളര്‍ത്താനിറങ്ങിയ ഉള്ളൂരോ,ആശാനോ ഒന്നുമല്ല.ജീവിക്കാന്‍ അര്‍ഹതയില്ലാത്തതിനെ ആരും കൊല്ലണമെന്നില്ല,തന്നെ മരിച്ചുകൊള്ളും.ഒരു കാര്യം സംസാര രീതിയിലൂടെ പ്രകടമാക്കുമ്പോള്‍;അച്ചടിഭാഷ പലപ്പോഴും പ്രായോഗികമല്ല.അതിലൂടെ ഒരു ഭാഷയും മരിക്കുകയുമില്ല....'പുതിയ എഴുത്തുകാരുടെ ഒരു ഇത്'അതെന്താണെന്ന് അറിയില്ല.പറഞ്ഞു തന്നാല്‍ മാറ്റാന്‍ നോക്കാം.

      Delete
  6. താങ്കളുടെ കുറികള്‍ നല്ലതാണു
    പക്ഷെ പുതിയ എഴുത്തുകാരുടെ' ഒരു ഇതു
    വരുന്നില്ലേ എന്ന് സംശയം ഉണ്ട്
    വരിക്ലല്‍ക്കിടയില്‍ വായിച്ചു
    എനിക്ക് പരിചയം ഇല്ല
    ഓ കുഴപ്പം ഇല്ല എന്ന്
    തോന്നിയെങ്കില്‍ തെറ്റി
    ആര്‍കും എന്തും എഴുതാം
    നാലുവരി
    രണ്ടു വരി
    ഒരു വരി
    അവസാനം
    ഒരു
    .
    ശെരി
    സസെന്ഹം ...ഗോപിനഥാന്‍നമ്പൂതിരി മതുകരുമുക്ക് ആനന്ദപുരം'

    ReplyDelete
  7. Every one can change within a second if time allowable and best of time if being...............
    It is a gift of God......what writers got.... but everybody will not going to get that blessings.....

    anayway, you will become a good writer in future..Or there is a Bright Future is awaiting for you brother-

    best wishes.Gopionathan Namboothiri Anandapuram

    ReplyDelete